മദിനേനിയുടെ കൈയിലെ പണം: അന്വേഷണം തുടങ്ങി
തൃശൂര്‍: നാനോ എക്സല്‍ തട്ടിപ്പുകേസില്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നാനോ എക്സല്‍ കമ്പനി ചെയര്‍മാനും എംഡിയുമായ ഹരീഷ് ബാബു മദിനേനിയുടെ കൈയില്‍നിന്ന് 35,500 രൂപ കണ്െടടുത്ത സംഭവത്തെക്കുറിച്ചു പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ സെപ്റ്റംബര്‍ 29നാണു തടവുകാരനായ മദിനേനിയുടെ പോക്കറ്റില്‍നിന്നു ജയില്‍ അധികാരികള്‍ പണം കണ്െടടുത്തത്. നാനോ എക്സല്‍ തട്ടിപ്പുകേസിനായി മുംബൈയിലേക്കു കൊണ്ടുപോയി കൊണ്ടുവന്ന ശേഷം മഞ്ചേരി കോടതിയില്‍ ഹാജരാക്കി വിയ്യൂര്‍ ജയില്‍ എത്തിച്ചപ്പോഴാണ് ഇത്രയും പണം കണ്െടടുത്തത്. നിയമമനുസരിച്ചു തടവുകാര്‍ക്കു പണം സൂക്ഷിക്കാന്‍ അവകാശമില്ല. പോലീസിനെയും ജയില്‍ അധികാരികളെയും സ്വാധീനിക്കാന്‍ യാത്രാമധ്യേ മദിനേനിക്കു കൈമാറിയ തുകയുടെ ഒരു ഭാഗമാണിതെന്നാണു കരുതുന്നത്. പണം കണ്െടത്തി മൂന്നു മാസമായെങ്കിലും പോലീസും ജയില്‍ അധികാരികളും അന്വേഷണമോ നടപടികളോ കൈക്കൊണ്ടിരുന്നില്ല.


ഇതേക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാനോ എക്സല്‍ ആക്ഷന്‍ കൌണ്‍സില്‍ വൈസ് ചെയര്‍മാന്‍ ശിവേഷ് ശാസ്ത്രിയുടെ നേതൃത്വത്തില്‍ പോലീസ് ഐജി എസ്. ഗോപിനാഥിനു പരാതി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പോലീസ് അന്വേഷണം തുടങ്ങിയത്.