രാജകുടുംബാംഗത്തെ കൊലപ്പെടുത്തി കോടികള്‍ വിലമതിക്കുന്ന രത്നങ്ങള്‍ കവര്‍ന്നു
രാജകുടുംബാംഗത്തെ കൊലപ്പെടുത്തി കോടികള്‍  വിലമതിക്കുന്ന രത്നങ്ങള്‍ കവര്‍ന്നു
Tuesday, December 25, 2012 11:09 PM IST
പേരൂര്‍ക്കട: വട്ടിയൂര്‍ക്കാവിനു സമീപം നെട്ടയത്തു രാജകുടുംബാംഗത്തെ കൊലപ്പെടുത്തി കോടികള്‍ വിലമതിക്കുന്ന രത്നങ്ങള്‍ കവര്‍ന്നു. നെട്ടയം പുത്തൂര്‍ക്കോണം കേരളനഗര്‍ ഓംകാര്‍ വീട്ടില്‍ നിന്നാണു രത്നങ്ങള്‍ കവര്‍ന്നത്. മാവേലിക്കര പൂഞ്ഞാര്‍ കോയിക്കല്‍ രാജകുടുംബാംഗമായ ഭാസ്കര വര്‍മയുടെ മകന്‍ ഹരിഹരവര്‍മ (57) യാണു കൊലചെയ്യപ്പെട്ടത്.

ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവമെന്നു കരുതുന്നു. ഭാസ്കര വര്‍മ ഏല്‍പ്പിച്ചുവെന്നു പറയപ്പെടുന്ന രത്നങ്ങളാണു ഹരിഹരവര്‍മയില്‍ നിന്നു മോഷ്ടാക്കള്‍ അപഹരിച്ചെടുത്തത്. നെട്ടയത്തെ ഓംകാര്‍ വീട് ഹരിഹരവര്‍മയുടെ സുഹൃത്തും അഡ്വക്കറ്റുമായ ഹരിദാസിന്റെ മകളുടേതാണ്. പൂട്ടിയിട്ടിരിക്കുന്ന ഈ വീട് വല്ലപ്പോഴുമാണ് ഉപയോഗിച്ചുവരുന്നത്.

സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ: ഇന്നലെ രാവിലെ രത്നങ്ങളുടെ കച്ചവടം ഉറപ്പിക്കുന്നതിനായി മലയാളിയായ പ്രേംരാജും ഉത്തരേന്ത്യക്കാരനായ യേഗേഷും മറ്റുചിലരും വിമാനത്താവളത്തിലെത്തിയിരുന്നു. അവിടെനിന്ന് ഇവര്‍ ഒരു ഇന്നോവാ കാറിലാണ് എത്തിയത്. വീട്ടിലെത്തിയശേഷം രത്നത്തിന്റെ വിലയെയും വില്‍പ്പനയെയും സംബന്ധിച്ചുള്ള ഇടപാടു നടന്നു. ഈ സമയം രത്നങ്ങള്‍ വാങ്ങാനെത്തിയവര്‍ക്കൊപ്പം ഹരിഹരവര്‍മയും അഡ്വ. ഹരിദാസും ഉണ്ടായിരുന്നു. അഡ്വ. ഹരിദാസ് എത്തിയ ഹോണ്ട സിറ്റി കാര്‍ മരണംനടന്ന വീടിന്റെ കാര്‍പോര്‍ച്ചില്‍ കിടപ്പുണ്ടായിരുന്നു.

ഇതിനിടെ ഇവിടെ വന്നവര്‍ ഹരിദാസിനെയും ഹരിഹരവര്‍മയെയും ക്ളോറോഫോം ഉപയോഗിച്ചു ബോധം കെടുത്തിയശേഷം കോടികള്‍ വിലമതിക്കുന്ന രത്നങ്ങളുമായി കടന്നുകളയുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ ബോധം വീണ ഹരിദാസ് ഉണര്‍ന്നു നോക്കുമ്പോള്‍ രത്നങ്ങളും മൊബൈല്‍ ഫോണുകളും അപഹരിച്ചതായാണ് അറിയുന്നത്. ഉടന്‍തന്നെ സമീപത്തെ വീട്ടുകാരില്‍നിന്നു മൊബൈല്‍ഫോണ്‍ വാങ്ങി തന്റെ ഭാര്യയെയും മക്കളെയും വിവരം അറിയിച്ചു. ഇവര്‍ എത്തിയശേഷമാണ് വിവരം വട്ടിയൂര്‍ക്കാവ് പോലീസില്‍ അറിയിക്കുന്നത്.


വിവരമറിഞ്ഞു പോലീസ് കമ്മീഷണര്‍ ടി.ജെ. ജോസ്, ഡിസിപി പുട്ട വിമലാദിത്യ എന്നിവരും വിരലടയാളവിദഗ്ധരും ഡോഗ്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കള്‍ രത്നങ്ങള്‍ അപഹരിച്ചശേഷം മുന്‍വാതിലിലൂടെ കടന്നുവെന്നാണ് അനുമാനിക്കുന്നത്. ഡോഗ് സ്ക്വാഡ് സംഭവം നടന്നസ്ഥലത്തുനിന്നു റോഡിലൂടെ അരകിലോമീറോളം പോയി തിരികെയെത്തി.

കാഞ്ഞിരംപാറ പോസ്റ് ഓഫീസിനു സമീപം കാഞ്ഞിരംപാറ ഈസ്റ് റസിഡന്റ്സ് അസോസിയേഷന്‍ നമ്പര്‍ 151 വീട്ടിലാണ് ഹരിഹരവര്‍മ ഒരുവര്‍ഷമായി താമസിച്ചുവരുന്നത്. ഇയാള്‍ ഇന്നലെ രാവിലെ ഒരു ബ്രീഫ്കേസുമായി പുറത്തേക്കു പോവുന്നത് കണ്ടവരുണ്ട്.

ഈ ബ്രീഫ്കേസ് മരണം നടന്ന വീട്ടില്‍നിന്നു പോലീസിനു ലഭിച്ചിട്ടുണ്ട്. ക്ളോറോഫോമിന്റെ അളവു കൂടിയതാകാം ഹരിഹരവര്‍മയുടെ മരണത്തിനു കാരണമെന്നു പോലീസ് പറഞ്ഞു.

അഡ്വ. ഹരിദാസിനെ പോലീസ് കസ്റഡിയിലെടുത്തു. പേരൂര്‍ക്കട സിഐയുടെ നേതൃത്വത്തില്‍ ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുന്നു. സെയില്‍സ് ടാക്സ് ഡെപ്യൂട്ടി കമ്മീഷണര്‍ വിമലാദേവിയാണു ഹരിഹരവര്‍മയുടെ ഭാര്യ. ഇവര്‍ക്കു മക്കളില്ല. മൃതദേഹം വട്ടിയൂര്‍ക്കാവ് പോലീസ് ഇന്‍ക്വസ്റ് നടത്തി. മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ഹരിഹരവര്‍മയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടന്നുവരുന്നതായും അഡ്വ. ഹരിദാസില്‍നിന്നു നിര്‍ണായകമായ വിവരങ്ങള്‍ ലഭിക്കുമെന്നാണു കരുതുന്നതെന്നും പേരൂര്‍ക്കട സിഐ പ്രതാപന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.