പ്രണയത്തിനൊടുവില്‍ ആസൂത്രിത കൊലപാതകം
കോഴിക്കോട്: എന്‍ഐടിയിലെ ഗവേഷണ വിദ്യാര്‍ഥിനിയായ ഇന്ദുവും എന്‍ഐടിയിലെ അസിസ്റന്റ് പ്രഫസറായ സുഭാഷും തമ്മിലുള്ള പ്രണയമാണ് ഒടുവില്‍ കൊലപാതകത്തിലെത്തിയത്. രണ്ടു വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലായിരുന്നു. എന്‍ഐടി കാമ്പസിന് അര കിലോമീറ്റര്‍ ദൂരെയുള്ള ഇരുനിലക്കെട്ടിടത്തില്‍ ഒരുമിച്ചായിരുന്നു ഒരു വര്‍ഷത്തോളം ഇവരുടെ താമസം. അയല്‍വാസികള്‍ക്കെല്ലാം ഇവരുടെ ബന്ധത്തെക്കുറിച്ചറിയാമായിരുന്നു. ഈ വീട്ടില്‍നിന്ന് അന്വേഷണ സംഘം ഇന്ദുവിന്റെ വസ്ത്രങ്ങള്‍ കണ്െടടുത്തിരുന്നു.

ഇന്ദുവിനു മൂന്നു മൊബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്െടത്തി. സുഭാഷിനെ വിളിക്കാന്‍ മാത്രമായിട്ടായിരുന്നു ഒരു ഫോണ്‍. ഇരുവരും വിനോദയാത്രയ്ക്കു പോയതിന്റെ ചിത്രങ്ങളും പോലീസിനു ലഭിച്ചു. താന്‍ താഴ്ന്ന ജാതിയില്‍പ്പെട്ടതിനാലാണു വിവാഹത്തിനു വീട്ടുകാര്‍ സമ്മതിക്കാതിരുന്നതെന്നു സുഭാഷ് മൊഴി നല്കിയിരുന്നു.


രണ്ടുപേരെയും ഒഴിവാക്കാന്‍ പറ്റാത്ത മാനസിക സമ്മര്‍ദത്തിലായിരുന്നു ഇന്ദുവെന്നും താന്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍ ഇന്ദു ട്രെയിനിന്റെ വാതിലിന്റെ അടുത്തേക്കു പോയിരുന്നെന്നും സുഭാഷ് പോലീസിനോടു പറഞ്ഞിരുന്നു. ഉറങ്ങിയെഴുന്നേറ്റപ്പോഴാണ് ഇന്ദുവിനെ കാണാതായതെന്നും ഇയാള്‍ മൊഴി നല്കിയിരുന്നു.

അതേസമയം, ശാന്തസ്വഭാവക്കാരിയായ ഇന്ദുവിന്റെ ഫോട്ടോകളും മറ്റു വിവരങ്ങളും കംപ്യൂട്ടറില്‍ വ്യാജമായി ഉണ്ടാക്കിയതാണെന്നാണു വീട്ടുകാര്‍ ആരോപിച്ചിരുന്നത്. ഇന്ദു ജീവനൊടുക്കില്ലെന്ന് ഇവര്‍ ഉറച്ചുവിശ്വസിക്കുകയും ചെയ്തു.