ഡല്‍ഹി സംഭവം രാജ്യത്തിനു കളങ്കം: ബിഷപ് കാരിക്കശേരി
പറവൂര്‍: ഡല്‍ഹിയില്‍ അതിദാരുണമായ വിധത്തില്‍ പീഡനത്തിനിരയായി ഇരുപത്തിമൂന്നുകാരി മരണമടഞ്ഞസംഭവം രാജ്യത്തിന്റെ അഭിമാനത്തിന് കളങ്കവും മനഃസാക്ഷിക്ക് മുറിവുമാണെന്ന് കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി.

സ്ത്രീകളെ ആദരിക്കുകയും വിലമതിക്കുകയും ചെയ്യുന്ന സംസ്കാരമാണ് നമ്മുടേത്. അതിന് വിരുദ്ധമായ പ്രവണതകളാണ് ഇന്ന് വളര്‍ന്നുകൊണ്ടിരിക്കുന്നത്. ഇത്തരം പ്രവണതകള്‍ക്കെതിരെ സമൂഹമനഃസാക്ഷി ഉണരണം. മൂല്യബോധവും ഉത്തമമനഃസാക്ഷിയുമുള്ള തലമുറയെ രൂപപ്പെടുത്തുന്നതില്‍ സമൂഹത്തിനുള്ള കടമ ഗൌരവത്തോടെ കാണണം. സ്ത്രീയെ അമ്മയും സഹോദരിയുമായി കാണാന്‍ കഴിയുന്ന സംസ്കാരം എങ്ങും പുലരണം.


സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിന് കടമയുണ്ട്. സഞ്ചാരസ്വാതന്ത്യ്രം ഭരണഘടന ഉറപ്പു നല്‍കുന്നതാണ്. എല്ലാ സുരക്ഷാസംവിധാനങ്ങളും സുസജ്ജമായ രാജ്യത്തിന്റെ തലസ്ഥാനത്ത് ഇങ്ങനെയൊന്ന് ഉണ്ടായെങ്കില്‍ സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തില്‍ കരുതലും ജാഗ്രതയും വേണമെന്നാണ് ഈ സംഭവം ഓര്‍മിപ്പിക്കുന്നത്. പെണ്‍കുട്ടിയുടെ ആത്മശാന്തിക്കും കുടുംബത്തിനുംവേണ്ടി പ്രാര്‍ഥിക്കുന്നതോടൊപ്പം രാജ്യത്തിന്റെ മുഴുവന്‍ ദുഃഖത്തില്‍ താനും പങ്കുചേരുന്നുവെന്ന് ബിഷപ് പറഞ്ഞു.