കാഴ്ചയില്ലാത്തവര്‍ക്ക് ആവേശം പകര്‍ന്ന് സെബ്രിയ
Sunday, December 30, 2012 11:14 PM IST
കണ്ണൂര്‍: കാഴ്ചക്കുറവിന്റെ ലോകത്തു തളയ്ക്കപ്പെട്ടവര്‍ക്കു സ്വജീവിതം പ്രചോദനമാക്കി മാറ്റിയ രണ്ടാം ഹെലന്‍ കെല്ലറെന്നു വിളിപ്പേരുള്ള സെബ്രിയ ടെണ്ടര്‍കര്‍ കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ളൈന്‍ഡിന്റെ സംസ്ഥാന സമ്മേളനത്തില്‍ ആവേശമായി. 12 ാം വയസില്‍ കാഴ്ചയുടെ ലോകം നഷ്ടമായ സെബ്രിയ ബ്രെയില്‍ ലിപിയുടെ സഹായത്തോടെ ജര്‍മനിയിലും അമേരിക്കയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തന്നെപ്പോലുള്ളവര്‍ക്കായി പ്രവര്‍ത്തിക്കാനിറങ്ങുകയായിരുന്നു.

പ്രവര്‍ത്തനമികവിനെ അംഗീകരിച്ചാണ് ഈ മേഖലയിലുള്ളവര്‍ സെബ്രിയയെ രണ്ടാം ഹെലന്‍ കെല്ലര്‍ എന്നു വിളിക്കുന്നത്. കാഴ്ചയില്ലാത്തവര്‍ക്കു അപ്രാപ്യമെന്നു കരുതിയ മേഖലകളെ ആത്മവിശ്വാസം കൊണ്ടു കീഴടക്കിയ പ്രതിഭ കൂടിയാണു സെബ്രിയ. പര്‍വതാരോഹണം കാഴ്ചയില്ലാത്തവര്‍ക്കു പറഞ്ഞതല്ലെന്ന ധാരണ തിരുത്തി ലോകത്തിലെ ഏഴു കൊടുമുടികള്‍ കീഴടക്കിയ എറിക് വേഡ്മിനറുടെ സംഘത്തിലെ അംഗമായിരുന്നു ഈ വനിത. വേഡ്മിനറുടെ കൂടെ എവറസ്റിനു തൊട്ടു താഴെയുള്ള ലാപ്പെറി കൊടുമുടിയിലെത്തി വിജയപതാക ഉയര്‍ത്തിയ സംഘത്തിലും ഇവരുണ്ടായിരുന്നു.

അന്ധരായ തിബറ്റന്‍ കുട്ടികളായിരുന്നു സഹപര്‍വതാരോഹകര്‍. ലോകം ഉറ്റുനോക്കിയ ഈ പര്‍വതാരോഹണ സംഘത്തിന്റെ അനുഭവങ്ങള്‍ പശ്ചാത്തലമാക്കി ഹോളിവുഡില്‍ സിനിമയും പുറത്തിറങ്ങിയിരുന്നു.

പഠനത്തിനു ശേഷം ലോകത്ത് ഏറ്റവും കൂടതല്‍ അന്ധരുള്ള രാജ്യമായ തിബറ്റിനെ സെബ്രിയ തന്റെ പ്രവര്‍ത്തനമേഖലയായി തെരഞ്ഞെടുക്കുകയായിരുന്നു. 1998ല്‍ തിബറ്റിലെത്തിയ ഇവര്‍ കാഴ്ചയില്ലാത്തവരുടെ ക്ഷേമത്തിനായി സംഘടന രൂപീകരിച്ചാണ് പ്രവര്‍ത്തനം തുടങ്ങിയത്. 2008ല്‍ ഇന്ത്യയിലെത്തിയ ഇവര്‍ പിന്നീടു പ്രവര്‍ത്തന മേഖല ഇവിടേക്കു മാറ്റി.


ഇന്ത്യയെ അതിരറ്റു സ്നേഹിക്കുന്നതിനാല്‍ ഇവിടെതന്നെ കഴിയാനാണു താന്‍ ആഗ്രഹിക്കുന്നതെന്നും സെബ്രിയ പറഞ്ഞു. തിരുവനന്തപുരത്തു കാഴ്ചയില്ലാത്തവര്‍ക്കു വേണ്ടി കാന്താരി എന്ന പേരില്‍ വോളണ്ടിയര്‍ പരിശീലന കേന്ദ്രവും നടത്തുന്നുണ്ട്. വെള്ളായണിയില്‍ പ്രവര്‍ത്തിക്കുന്ന കാന്താരിയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു പരിശീലനം നല്‍കുന്നു. ഏഴു മാസം ദൈര്‍ഘ്യമുള്ള കോഴ്സുകള്‍ പൂര്‍ണമായും സൌജന്യമാണ്.

ഇന്ത്യയില്‍ സെബ്രിയയുടെ പ്രവര്‍ത്തനങ്ങള്‍ക്കു താങ്ങും തണലുമായി നിന്ന ചത്തീസ്ഗഡുകാരിയായ കാഴ്ചയില്ലാത്ത ട്രിഫാനി മരിയ ബ്രാര്‍ എന്ന ട്രിഫാനിയും തിരുവനന്തപുരത്തുണ്ട്. ട്രിഫാനിയും കണ്ണൂരിലെ സമ്മേളന നഗരിയിലെത്തി. ബ്രെയില്‍ലിപിയുടെ പ്രചാരകയെന്ന നിലയില്‍ നല്‍കിയ സംഭാവനകളുടെ അടിസ്ഥാനത്തില്‍ 2010ല്‍ മില്ലെനിയം അവാര്‍ഡ് നല്‍കി ലോകം സെബ്രിയയെ ആദരിച്ചിരുന്നു. കാഴ്ചയില്ലാവരെ വികലാംഗര്‍ എന്നു പറഞ്ഞു മുഖ്യധാരയില്‍നിന്നു മാറ്റി നിര്‍ത്തുന്ന പ്രവണതയില്‍ ഏറെ ദുഃഖിതയാണ് ഇവര്‍.

പരിമിതികള്‍ ഉണ്െടങ്കിലും ജനപ്രതിനിധികളോ ഭരണാധികാരികളോ ആകാന്‍ വരെ കഴിവുള്ളവര്‍ തങ്ങള്‍ക്കിടയിലുണ്െടന്നും ശാസ്ത്രജ്ഞര്‍ വരെ തങ്ങള്‍ക്കിടയിലുണ്ടായിട്ടും വേണ്ടത്ര പരിഗണന നല്‍കാന്‍ സമൂഹം മടിക്കുകയാണെന്നും സെബ്രിയ ചൂണ്ടിക്കാട്ടി.

ഇരുട്ടില്‍ പോലും വായിക്കാനും എഴുതാനുമുള്ള കഴിവ് തങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കുണ്െടന്നു ട്രിഫാനി സമ്മേളന നഗരിയിലെ പ്രസംഗവേദിയില്‍ നിന്നും വെല്ലുവിളി മുഴക്കിയപ്പോള്‍ സദസ് കരഘോഷത്തോടെയാണ് ഈ വാക്കുകള്‍ ശ്രവിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.