കെപിസിസി ഭാരവാഹികള്‍ ചുമതലയേറ്റു
തിരുവനന്തപുരം: പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി ഭാരവാഹികള്‍ ചുമതലയേറ്റു. യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്തെന്നും എല്ലാ ഡിസിസി അധ്യക്ഷന്മാരും ജനുവരി മൂന്നിനകം ചുമതലയേല്‍ക്കുമെന്നും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അറിയിച്ചു. ജനുവരി 15നകം എല്ലാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി യോഗങ്ങളും വിളിച്ചു ചേര്‍ക്കാനും ബ്ളോക്ക്, മണ്ഡലം കമ്മിറ്റികള്‍ ചേരേണ്ട തീയതി നിശ്ചയിക്കാനും യോഗം നിര്‍ദേശിച്ചു. ഫെബ്രുവരിയോടെ ആവശ്യമായ സ്ഥലങ്ങളില്‍ മണ്ഡലം, ബ്ളോക്ക് കമ്മിറ്റികളുടെ പുനഃസംഘടന ജില്ലാ കമ്മിറ്റികള്‍ നടത്തണമെന്നും യോഗം നിര്‍ദേശിച്ചു. ജില്ലാ ഘടകങ്ങള്‍ക്കായിരിക്കും ഇതിന്റെ ചുമതല. ഭാരവാഹികളുടെ യോഗവും തുടര്‍ന്നു നടക്കും.


ഡല്‍ഹിയില്‍ ബസില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്കും കാരേറ്റില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ മരിച്ച ഇടുക്കി ഡിസിസി ജനറല്‍ സെക്രട്ടറി എന്‍.സി. ജോര്‍ജിനും നിലമേല്‍ അപകടത്തില്‍ മരിച്ചവര്‍ക്കും യോഗം അനുശോചനം രേഖപ്പെടുത്തി. പെണ്‍കുട്ടികള്‍ക്കെതിരേയുള്ള ആക്രമണങ്ങളില്‍ ഇന്നലെ ചേര്‍ന്ന യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ഇതിനെതിരേ കര്‍ശനമായ നിയമ നിര്‍മാണം വേണമെന്നും യോഗം ആവശ്യപ്പെട്ടു. സ്തീകള്‍ക്കെതിരേ ഉയരുന്ന ആക്രമണങ്ങള്‍ക്കെതിരേ മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബോധവത്കരണ പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.