പ്രവാസി ഭാരതീയ ദിവസില്‍ രണ്ടായിരം പ്രതിനിധികള്‍ പങ്കെടുക്കും: വയലാര്‍ രവി
കൊച്ചി: ജനുവരി ഏഴ് മുതല്‍ ഒന്‍പതു വരെ കൊച്ചി ലെ-മെറീഡിയനില്‍ നടക്കുന്ന പ്രവാസി ഭാരതീയ ദിവസ് പരിപാടിയില്‍ 44 രാജ്യങ്ങളില്‍നിന്നുള്ള 2000ത്തോളം പ്രതിനിധികള്‍ പങ്കെടുക്കുമെന്നു കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി. ആദ്യമായാണു പ്രവാസി ഭാരതീയ ദിവസ് കേരളത്തില്‍ നടക്കുന്നതെന്നും ഗസ്റ് ഹൌസില്‍ നടന്ന ആലോചനായോഗത്തിനു ശേഷമുള്ള പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഗള്‍ഫിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങളെക്കുറിച്ച് ഏഴിനു സെമിനാര്‍ നടത്തും. എട്ടിനു പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. ഒന്‍പതിനു രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സമാപന പ്രസംഗം നടത്തും. ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ചെയര്‍മാനായ സമിതി തെരഞ്ഞെടുത്ത 15 പേര്‍ക്കുള്ള പുരസ്കാരങ്ങളുടെ വിതരണവും അന്നു നടക്കും.പരിപാടിയില്‍ ഇതുവരെ 1,080 പേര്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്. 14,000 രൂപയോളമാണു രജിസ്ട്രേഷന്‍ ഫീസ്.


ആദ്യ ദിവസത്തിലെ സെമിനാറില്‍ മാത്രം പങ്കെടുക്കുന്നവര്‍ 1,000 രൂപ നല്കിയാല്‍ മതിയെന്നും വയലാര്‍ രവി പറഞ്ഞു. വിദേശ ഇന്ത്യക്കാരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും ചര്‍ച്ച ചെയ്യുന്നതിനും പരിഹാരമാര്‍ഗങ്ങള്‍ കണ്െടത്തുന്നതിനുമുള്ള അനുയോജ്യമായ സാഹചര്യമാണ് പരിപാടിയിലൂടെ ഒരുക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എട്ടു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, 14 കേന്ദ്രമന്ത്രിമാര്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.