സംസ്ഥാന ബൈബിള്‍ കലോത്സവത്തിനു തൃശൂരില്‍ തുടക്കം
തൃശൂര്‍: ബൈബിളിനെ അറിയാനും അറിയിക്കാനും കലയിലൂടെ നമുക്കു സാധിക്കണമെന്നു കെസിബിസി പ്രസിഡന്റും തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. വിമല കോളജില്‍ 25-ാമതു സംസ്ഥാന ബൈബിള്‍ കലോത്സവം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

വചനം കലയായി അവതരിക്കുന്ന ദിവസങ്ങളാണ് ഇനിയുള്ളതെന്നും അക്ഷരം, കല, കായിക, സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ, സേവന മേഖലകളിലെല്ലാം വചനം കുറേക്കൂടി ആഴത്തില്‍ പതിയണമെന്നും ആര്‍ച്ച്ബിഷപ് ആഹ്വാനം ചെയ്തു. ഇന്നത്തെ തലമുറ എവിടേയ്ക്കാണു പോകുന്നതെന്നു ചോദിച്ചാല്‍ ഇഷ്ടമുള്ള സ്ഥലത്തേക്കെന്ന മറുപടിയാണു ലഭിക്കുക. പോകേണ്ടതു യേശുവിന്റെ വചസുകളിലേക്കാണെന്നും മാര്‍ താഴത്ത് ഓര്‍മിപ്പിച്ചു. അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് എടക്കളത്തൂര്‍ അധ്യക്ഷത വഹിച്ചു. കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റി സെക്രട്ടറി ഫാ.ജോഷി മയ്യാറ്റില്‍, തൃശൂര്‍ അതിരൂപത ബൈബിള്‍ കമ്മീഷന്‍ ഡയറക്ടര്‍ ഫാ.ലിജോ ചിറ്റിലപ്പിള്ളി, വിമല കോളജ് പ്രിന്‍സിപ്പല്‍ സിസ്റര്‍ ലിസി ജോണ്‍, ചേറൂര്‍ പള്ളി വികാരി ഫാ.സൈമണ്‍ തേര്‍മഠം എന്നിവര്‍ പ്രസംഗിച്ചു. നേരത്തേ അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് എടക്കളത്തൂര്‍ പതാക ഉയര്‍ത്തി.