പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പാലിക്കാന്‍ തമിഴ്നാട് തയാറാകണം: മുഖ്യമന്ത്രി
പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പാലിക്കാന്‍ തമിഴ്നാട് തയാറാകണം: മുഖ്യമന്ത്രി
Sunday, December 30, 2012 12:02 AM IST
തിരുവനന്തപുരം: പാലക്കാട് ജില്ലയില്‍ അസാധാരണമായുണ്ടായ വരള്‍ച്ചയും കര്‍ഷകരുടെ ദുരിതവും പരിഹരിക്കാന്‍ കേരളത്തിനു പറമ്പിക്കുളം ആളിയാര്‍ പ്രകാരമുള്ള ജലം ലഭ്യമാക്കാന്‍ തമിഴ്നാട് തയാറാവണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു കത്തയച്ചു.

മണക്കടവ് തടയണയിലേക്കു ജലമെത്തിക്കേണ്ടതു പറമ്പിക്കുളം ആളിയാര്‍ കരാറനുസരിച്ചു തമിഴ്നാടിന്റെ നിയമപരമായ ബാധ്യതയാണ്. പാലക്കാട്ടു നിലവിലുള്ള സ്ഥിതിഗതികള്‍ പരിഹരിക്കാന്‍ കേരളത്തിന് ആശ്രയിക്കാവുന്ന മറ്റു ജലസ്രോതസുകളില്ലെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ചിറ്റൂര്‍പ്പുഴ ആയക്കട്ട് മേഖലയില്‍ നിലവിലുള്ള വിളകളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഈ മാസം 26നു സംയുക്ത വാട്ടര്‍ റഗുലേഷന്‍ ബോര്‍ഡിന്റെ അസാധാരണ യോഗം വൈകിയെങ്കിലും വിളിച്ചുചേര്‍ത്തതില്‍ ചാരിതാര്‍ഥ്യമുണ്ട്. 2012 ഡിസംബര്‍ 15 മുതല്‍ 2013 ജനുവരി 31 വരെയുള്ള കാലയളവില്‍ കേരളത്തിനു കരാര്‍ പ്രകാരം അവകാശപ്പെട്ട 17,500 ലക്ഷം ഘ നയടി ജലത്തിന്റെ സ്ഥാനത്ത് 14,530 ലക്ഷം ഘനയടി ജലം ലഭ്യമാക്കാമെന്ന് യോഗത്തില്‍ തമിഴ്നാട്ടില്‍നിന്നുള്ള പ്രതിനിധികള്‍ ഉറപ്പു നല്കിയിരുന്നു.


എന്നാല്‍, പാലക്കാടിനെ പൊതുവായി ബാധിച്ചിരിക്കുന്ന വരള്‍ച്ചാ സാഹചര്യങ്ങളും നിലവിലുള്ള വിളകളുടെ ജലസേചനാവശ്യങ്ങളും പരിഹരിക്കാന്‍’കരാര്‍ പ്രകാരമുള്ള 17,500 ലക്ഷം ഘനയടി ജലം കിട്ടിയേ മതിയാവൂ.

പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം ഷോളയാറില്‍ 2013 ഫെബ്രുവരി ഒന്നിനു ജലസംഭരണയിലെ ജലനിരപ്പ് പൂര്‍ണമാവുന്നതിന് (എഫ്.എല്‍.ആര്‍) അടിയന്തര നടപടി സ്വീകരിക്കണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

തമിഴ്നാട് ഷോളയാര്‍ സംഭരണിയില്‍ ഇപ്പോഴുള്ള ജലദൌര്‍ലഭ്യം ഫെബ്രുവരി ഒന്നിനു മുമ്പു പരിഹരിക്കാന്‍ ഒന്നാം വൈദ്യുതനിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തി രണ്ടാം നിലയം പ്രവര്‍ത്തിപ്പിച്ചുതുടങ്ങേണ്ടത് അനിവാര്യമാണെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

പ്രശ്നത്തില്‍ അടിയന്തരമായി ഇടപെട്ടു പരിഹാരമുറപ്പുവരുത്തണമെന്നും ജയലളിതയ്ക്കയച്ച കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.