നാളെ പെട്രോള്‍ പമ്പുകള്‍ അടച്ചിടും
തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ നാളെ അടച്ചിടും. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെയും കേരള സ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷന്റെയും ആഭിമുഖ്യത്തിലാണു നാളെ കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ 24 മണിക്കൂര്‍ ഇന്ധനം വാങ്ങുന്നതും വില്ക്കുന്നതും നിര്‍ത്തിവച്ചുള്ള സമരം നടത്തുന്നത്.

പെട്രോളിയം ഉത്പന്നങ്ങളുടെ കൂട്ടിയ വില കുറയ്ക്കുക, വ്യക്തമായ മാനദണ്ഡങ്ങളോടെ മാത്രം പുതിയ പെട്രോള്‍ പമ്പുകള്‍ തുടങ്ങുക, ഓയില്‍ കമ്പനികള്‍ വിതരണക്കാരെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക, പെട്രോള്‍ പമ്പുകളുടെ വൈദ്യുതിനിരക്ക് സേവനഗണത്തില്‍പ്പെടുത്തുക, പെട്രോള്‍ പമ്പുകളില്‍ അക്രമം കാണിക്കുന്നവരെ ഗുണ്ടാനിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരമെന്നു സംയുക്ത സമരസമിതി കണ്‍വീനര്‍ മൈതാനം വിജയന്‍, കെഎസ്പിടിഎ സ്റേറ്റ് ഒര്‍ഗനൈസിംഗ് സെക്രട്ടറി ആര്‍.ശബരീനാഥ്, എകെഎഫ്പിടി സ്റേറ്റ് പ്രസിഡന്റ് എസ്. മുരളീധരന്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.