യുവതിയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍
കണ്ണൂര്‍: ദുരൂഹസാഹചര്യത്തില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ട യുവതിയെ കൊലപ്പെടുത്തിയതാണെന്നു തെളിഞ്ഞു. മലപ്പുറം തിരൂര്‍ പടിഞ്ഞാറേക്കര തെക്കുമ്പാടത്ത് ഹൌസില്‍ പ്രഭാകരന്റെ ഭാര്യ പി. ശ്രീവള്ളി (45) യാണു കൊല്ലപ്പെട്ടത്. സാരിയോ മറ്റോ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയതാണെന്നാണ് പോസ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കണ്ണൂരിലെ ചോല സംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചുവരുകയായിരുന്നു ഇവര്‍. സംഘടനാ പ്രവര്‍ത്തകരും ബന്ധുക്കളും ജില്ലാ ആശുപത്രിയില്‍ എത്തിയാണു മൃതദേഹം തിരിച്ചറിഞ്ഞത്. രണ്ടുമക്കളുണ്ട്.


ഒരുമാസം മുമ്പ് ശ്രീവള്ളിയെ കാണാതായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം പന്നേന്‍പാറ റെയില്‍പാളത്തിലാണു മൃതദേഹം കാണപ്പെട്ടത്. പത്തു ദിവസത്തിലേറെ പഴക്കമുണ്ടായിരുന്നു. മൃതദേഹത്തിനു സമീപത്തുനിന്നു കണ്െടത്തിയ ഒപി ചീട്ടില്‍ പേരുണ്ടായിരുന്നതു തിരിച്ചറിയാന്‍ എളുപ്പമായി. നവംബര്‍ 12 നു ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ ചീട്ടാണു സമീപത്തുണ്ടായിരുന്നത്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.