ഇല്ലാത്ത വാട്ടര്‍ കണക്ഷനു ബില്‍ നല്‍കിയ നടപടി റദ്ദാക്കി
തിരുവനന്തപുരം: ഇല്ലാത്ത വാട്ടര്‍ കണക്ഷക്ഷന്റെ പേരില്‍ സ്ഥാപനത്തിനു ഭീമമായ തുകയുടെ ബില്‍ നല്‍കിയ വാട്ടര്‍ അഥോറിറ്റിയുടെ നടപടി റദ്ദാക്കി സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവായി.തൃശൂര്‍ സ്വദേശി ഗോവിന്ദന്‍ ഗുരുവായൂര്‍ പടഞ്ഞാറെനടയില്‍ നടത്തിവരുന്ന ഗുരുവായൂര്‍ ടൌണ്‍ ഷിപ്പ് റെസ്റ് ഹൌസില്‍ വാട്ടര്‍ അഥോറിറ്റി നല്‍കിയ 44,03,324 രൂപയുടെ ബില്‍ 2009ല്‍ വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ച സ്ഥാപനത്തിനാണു നല്‍കിയതെന്നു കണ്ടാണ് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍ ആക്ടിംഗ് പ്രസിഡന്റ് എം.കെ. അബ്ദുള്ള സോണയുടെ വിധി.


പരാതിക്കാരന് 50,000 രൂപ നഷ്ടപരിഹാരവും 5000 രൂപ കോടതിച്ചെലവും നല്‍കാനും കമ്മീഷന്‍ ഉത്തരവിട്ടു.15 ദിവസത്തിനകം നല്‍കിയില്ലെങ്കില്‍ 25 ശതമാനം പലിശയും ബന്ധപ്പെട്ട വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥന് മൂന്നുവര്‍ഷം വരെ തടവും പതിനായിരം രൂപ പിഴയും ശിക്ഷലഭിക്കും.

പരാതിക്കാരന് വേണ്ടി അഡ്വ. ചെറുന്നിയൂര്‍ പി. ശശിധരന്‍ നായര്‍, ആറ്റിങ്ങല്‍ വി.അന്‍സ്, ശ്രീവരാഹം എന്‍.ജി.മഹേഷ് എന്നിവര്‍ ഹാജരായി.