പെരിയയില്‍ കേന്ദ്ര മെഡിക്കല്‍ കോളജ് സ്ഥാപിക്കും : കേന്ദ്രമന്ത്രി പള്ളം രാജു
സ്വന്തം ലേഖകന്‍

പെരിയ(കാസര്‍ഗോഡ്): കേന്ദ്ര മെഡിക്കല്‍ കോളജ് പെരിയയില്‍ തന്നെ സ്ഥാപിക്കുമെന്നും വിഭവ പരിമിതി മൂലം പദ്ധതി ഇപ്പോള്‍ നടപ്പില്‍ വരുത്തുന്നതിനു പ്രയാസമുണ്െടങ്കിലും 12-ാം പഞ്ചവത്സര പദ്ധതിക്കാലത്തു വിഭവസമാഹരണം സാധ്യമായാല്‍ മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം തുടങ്ങുമെന്നും കേന്ദ്ര മാനവ വിഭവ ശേഷി വികസന മന്ത്രി ഡോ. എം. മംഗപതി പള്ളം രാജു. പെരിയയില്‍ നിര്‍ദിഷ്ട കേന്ദ്ര സര്‍വകലാശാല കാമ്പസിന്റെ ശിലാസ്ഥാപനകര്‍മം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍വകലാശാലകള്‍ക്കു അനുവദിക്കുന്ന മെഡിക്കല്‍ കോളജുകളില്‍ പ്രഥമ പരിഗണന കാസര്‍ഗോഡിനാണു നല്‍കുന്നതെന്നും സര്‍വകലാശാലയുടെ സ്ഥാപനത്തോടെ ജില്ലയുടെ മുഖഛായ തന്നെ മാറുമെന്നും അദ്ദേഹം പറഞ്ഞു. മംഗലാപുരത്തെ ഡോക്ടര്‍മാരുമായി സംസാരിച്ചപ്പോള്‍ കാസര്‍ഗോഡിന്റെ പിന്നോക്കാവസ്ഥയും ഇവിടുത്തെ ജനങ്ങള്‍ക്കു മികച്ച ചികിത്സയ്ക്കു മംഗലാപുരത്തെ ആശുപത്രികളില്‍ എത്തേണ്ട പ്രയാസങ്ങളും അവര്‍ ബോധിപ്പിച്ചതായി മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സര്‍വകലാശാലയുടെ മേല്‍ക്കൈയില്‍ സ്കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്താനും മികച്ച ഭാവി തലമുറയെ വാര്‍ത്തെടുക്കുന്ന കാമ്പസാക്കി മാറ്റാനും കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 310 ഏക്കറില്‍ ആധുനിക രീതിയില്‍ നിര്‍മിക്കുന്ന ഗ്രീന്‍ കാമ്പസിന്റെ മാസ്റര്‍ പ്ളാന്‍ കേന്ദ്ര മന്ത്രി ഡോ. ശശിതരൂര്‍ പ്രകാശനം ചെയ്തു. മെഡിക്കല്‍ കോളജിനു പെരിയയില്‍ ആവശ്യത്തിനു സ്ഥലമുണ്െടന്നു മാസ്റര്‍ പ്ളാനില്‍ തന്നെ വ്യക്തമാണെന്നും അതിനാല്‍ പേടിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവേഷണത്തിനു പ്രാധാന്യം നല്‍കിയുള്ള വിദ്യാഭ്യാസമായിരിക്കണം ലക്ഷ്യമാക്കേണ്ടതെന്നും ആഗോളതലത്തില്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ 300 സര്‍വകലാശാലകളില്‍ ഒരു ഇന്ത്യന്‍ സര്‍വകലാശാല പോലും ഇടം നേടിയിട്ടില്ലെന്ന കാര്യം നാം വിസ്മരിക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഗവേഷണത്തിനു കേന്ദ്രവും സംസ്ഥാനവും തമ്മില്‍ യോജിച്ച നടപടികളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷത വഹിച്ചു. കാസര്‍ഗോട്ടെ ജനപ്രതിനിധികളുടെയും ജനങ്ങളുടെയും അഭിലാഷം പോലെ തന്നെ കേന്ദ്ര മെഡിക്കല്‍ കോളജ് പെരിയയില്‍ തന്നെ സ്ഥാപിക്കണമെന്നാണു സര്‍ക്കാരിന്റെയും ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ലഭ്യമാക്കിയ 310 ഏക്കര്‍ സ്ഥലത്തിനു പുറമെ 50 ഏക്കര്‍ കൂടി ലഭ്യമാക്കുന്നതിനുള്ള രേഖകള്‍ കൈമാറിക്കഴിഞ്ഞു. ബാക്കിയുള്ള ഭൂമി കൂടി ഉടന്‍ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


കേന്ദ്ര മന്ത്രി ഇ.അഹമ്മദ് കേന്ദ്ര സര്‍വകലാശാല കേരള ഗാനം സിഡി പ്രകാശനം ചെയ്തു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളുടെ വികസനത്തിനു കേന്ദ്രസര്‍ക്കാര്‍ പ്രഥമ പരിഗണനയാണു നല്‍കുന്നതെന്നു അദ്ദേഹം പറഞ്ഞു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് മുഖ്യാതിഥിയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഉന്നത വിദ്യാഭ്യാസ നയം ഉടന്‍ പ്രഖ്യാപിക്കുമെന്നും കേന്ദ്ര മാതൃകയില്‍ സംസ്ഥാനത്തു അക്രഡിറ്റേഷന്‍ കൌണ്‍സില്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍വകലാശാലയും സംസ്ഥാന സര്‍വകലാശാലകളും തമ്മില്‍ അക്കാദമിക് സഹകരണം ഉണ്ടാവണമെന്നും ഗവേഷണത്തിനു പ്രാധാന്യം നല്‍കുന്നതാണ് പുതിയ വിദ്യാഭ്യാസനയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി. കരുണാകരന്‍ എംപി യൂണിവേഴ്സിറ്റി ന്യൂസ് ലെറ്റര്‍ പ്രകാശനം ചെയ്തു. കേന്ദ്ര സര്‍വകലാശാല ചാന്‍സലര്‍ പദ്മഭൂഷണ്‍ ഡോ. വി.എല്‍. ചോപ്ര, എംഎല്‍എമാരായ കെ. കുഞ്ഞിരാമന്‍, ഇ. ചന്ദ്രശേഖരന്‍, എന്‍.എ. നെല്ലിക്കുന്ന്, കെ കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്തു പ്രസിഡന്റ് അഡ്വ. പി.പി. ശ്യാമളാദേവി, മുന്‍ മന്ത്രിമാരായ സി.ടി. അഹമ്മദലി, ചെര്‍ക്കളം അബ്ദുള്ള, ബ്ളോക്ക് പഞ്ചായത്തു പ്രസിഡന്റ് എ.കൃഷ്ണന്‍, പുല്ലൂര്‍-പെരിയ പഞ്ചായത്തു പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന്‍, കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ഹസീന താജുദീന്‍, ചെങ്കള പഞ്ചായത്തു പ്രസിഡന്റ് മുഹമ്മദുകുഞ്ഞി ചായിന്റടി, ജില്ലാ കളക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍, സ്റുഡന്റ് കൌണ്‍സില്‍ പ്രസിഡന്റ് പി.വി.അനൂപ് എന്നിവര്‍ പ്രസംഗിച്ചു. സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജാന്‍സി ജയിംസ് സ്വാഗതവും രജിസ്ട്രാര്‍ ഡോ.കെ.എം.അബ്ദുള്‍ റഷീദ് നന്ദിയും പറഞ്ഞു.