ഗ്രീന്‍ സ്പോര്‍ട്സ് കോംപ്ളക്സിന് 40 കോടിയുടെ കേന്ദ്രസഹായം
കോഴിക്കോട്:കായിക രംഗത്തെ വന്‍കുതിപ്പിന് പശ്ചാത്തലം ഒരുക്കുന്നതിന്റെ ഭാഗമായി കാലിക്കട്ട് സര്‍വകലാശാലയില്‍ ഗ്രീന്‍ സ്പോര്‍ട്സ് കോംപ്ളക്സ് നിര്‍മിക്കുന്നതിന് 40 കോടി രൂപയുടെ കേന്ദ്രസഹായം ലഭിക്കും.

കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രി പല്ലം രാജു, സഹമന്ത്രി ശശി തരൂര്‍, വിദേശ കാര്യ സഹമന്ത്രി ഇ.അഹമ്മദ്, ഉന്നത കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, നഗരാസൂത്രണ മന്ത്രി മഞ്ഞളാംകുഴി അലി, കാലിക്കട്ട് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.എം.അബ്ദുള്‍ സലാം എന്നിവരുള്‍പ്പെട്ട ഉന്നത തല സംഘം കാസര്‍ഗോഡ് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.


സര്‍വകലാശാല സമര്‍പ്പിച്ച നിര്‍ദ്ദേശം കൂടി ഉള്‍പ്പെട്ട മൊത്തം 600 കോടി രൂപയുടെ പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചത്.

അഞ്ച് പ്രധാന പുതിയ പഠന വകുപ്പുകള്‍, പുതിയ ഗവേഷണ പദ്ധതികള്‍, ഉപകരണങ്ങള്‍, ലൈബ്രറി വികസനം, അടിസ്ഥാന സൌകര്യ വികസനം, ലേഡീസ് ഹോസ്റ്റല്‍ നിര്‍മാണം, ക്വാളിറ്റി അഷ്വറന്‍സ് എന്നിവയ്ക്കായി 150 കോടി രൂപയുടെ പദ്ധതി നിര്‍ദ്ദേശങ്ങള്‍ വൈസ് ചാന്‍സലര്‍ പുതുതായി കേന്ദ്ര പരിഗണനയ്ക്ക് സമര്‍പ്പിച്ചു. ഇവ പരിശോധിച്ച് മുന്‍ഗണനാ ക്രമമനുസരിച്ച് തുക അനുവദിക്കുമെന്ന് മന്ത്രി പല്ലം രാജു വൈസ് ചാന്‍സലറെ അറിയിച്ചു. അക്കാദമിക് സ്റ്റാഫ് കോളജിന് പുതിയ കെട്ടിടവും പദ്ധതികളില്‍ ഉള്‍പ്പെടുന്നുണ്ട്.