പ്രവാസി ഭാരതീയ ദിവസിനു നാളെ തുടക്കം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നു വയലാര്‍ രവി
Sunday, January 6, 2013 10:35 PM IST
കൊച്ചി: കേരളം ആദ്യമായി ആതിഥ്യം വഹിക്കുന്ന പ്രവാസി മഹാസമ്മേളനം പ്രവാസി ഭാരതീയ ദിവസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കേന്ദ്ര പ്രവാസികാര്യ മന്ത്രി വയലാര്‍ രവി. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ രണ്ടായിരത്തോളം പ്രതിനിധികള്‍ പേര് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞതായും എറണാകുളം പ്രസ് ക്ളബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി. ഗള്‍ഫ് മേഖലയ്ക്കായി മാത്രം ഒരു ദിവസം പൂര്‍ണമായും നീക്കിവച്ചുവെന്നത് ഈ സംഗമത്തിന്റെ സവിശേഷതയാണെന്നും വയലാര്‍ രവി കൂട്ടിച്ചേര്‍ത്തു.

കൊച്ചിയിലെ ലേ മെറിഡിയനില്‍ ഏഴ്, എട്ട്, ഒന്‍പത് തീയതികളിലാണ് സംഗമം. ഇന്ത്യയുടെ വികസനത്തില്‍ പ്രവാസികളുടെ പങ്കാളിത്തം എന്നതാണ് സമ്മേളനത്തിന്റെ പ്രധാന ചര്‍ച്ചാ വിഷയം. ഇതുവരെ വിവിധ സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളില്‍ നടത്തിവന്നിരുന്ന സമ്മേളനത്തിന് കേരളവും കൊച്ചിയും ആദ്യമായാണ് വേദിയാകുന്നത്. പ്രവാസി സമ്മാന്‍ പ്രഖ്യാപനവും ദാനവും സമാപന ദിവസം നടക്കും. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സമ്മാനദാനം നിര്‍വഹിക്കും. പരമാവധി 15 പേര്‍ക്കാണ് സമ്മാനം നല്‍കുക. ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുക്കുക. എംബസികള്‍ ശിപാര്‍ശ ചെയ്യുന്ന പേരുകളില്‍ നിന്നാണ് പുരസ്കാര ജേതാക്കളെ കണ്െടത്തുക.

നാളെ രാവിലെ ഒന്‍പതരയ്ക്കു ലേ മെറിഡിയനില്‍ എക്സിബിഷന്‍ ആരംഭിക്കും. സെമിനാര്‍ വയലാര്‍ രവി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്രമന്ത്രി ഇ. അഹമ്മദ്, മന്ത്രിമാരായ കെ.സി. ജോസഫ്, കെ. ബാബു, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഉച്ചയ്ക്കുശേഷം മൂന്നിനു നടക്കുന്ന ടൂറിസം സെമിനാര്‍ മന്ത്രി എ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. അതേസമയത്ത് തന്നെ നടക്കുന്ന പ്യുവര്‍ സയന്‍സ് എന്ന സെമിനാറില്‍ ഡോ. തോമസ് ഏബ്രഹാം മോഡറേറ്ററായിരിക്കും. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ഡോ. എസ്. അയ്യപ്പന്‍ മുഖ്യപ്രഭാഷണം നടത്തും. സ്കില്‍ ഡെവലപ്മെന്റ് സെമിനാറില്‍ ഗള്‍ഫാര്‍ എന്‍ജിനിയറിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ് കമ്പനി എംഡി പി. മുഹമ്മദ് അലി മോഡറേറ്ററായിരിക്കും. കേന്ദ്രമന്ത്രി പ്രഫ. കെ.വി തോമസ് മുഖ്യപ്രഭാഷണം നടത്തും. മന്ത്രി ഷിബു ബേബിജോണ്‍ അടക്കമുള്ളവര്‍ സംബന്ധിക്കും.


എട്ടിനു രാവിലെ ഒന്‍പതരയ്ക്കു പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് സമ്മേളനം ഉദ്ഘാടനം ചെയ്യും. മൌറീഷ്യസ് പ്രസിഡന്റ് രാകേശ്വര്‍ പുര്യാഗ് മുഖ്യാതിഥിയായിരിക്കും. വയലാര്‍ രവി, പ്രവാസി കാര്യ വകുപ്പ് സെക്രട്ടറി രാജീവ് മെഹ്റിഷി എന്നിവര്‍ പ്രസംഗിക്കും. ഗദര്‍ പ്രസ്ഥാനത്തിന്റെ 100-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കുന്ന സ്റാമ്പിന്റേയും പ്രവാസികാര്യ വകുപ്പിന്റെ രണ്ട് പ്രസിദ്ധീകരണങ്ങളുടെയും പ്രകാശനവും പ്രധാനമന്ത്രി നിര്‍വഹിക്കും. 10.30ന് നടക്കുന്ന വികസന സെമിനാറില്‍ കേന്ദ്രാ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്േടക് സിംഗ് അലുവാലിയ മോഡറേറ്ററായിരിക്കും. കേന്ദ്രമന്ത്രിമാരായ കമല്‍നാഥ്, ആനന്ദ് ശര്‍മ, മന്ത്രിമാരായ കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിക്കും. 12ന് നടക്കുന്ന പ്ളീനറി സെഷനില്‍ കേന്ദ്രമന്ത്രി ശശി തരൂര്‍ മോഡറേറ്ററായിരിക്കും. ന്യൂസിലന്‍ഡിലെ മുന്‍ഗവര്‍ണര്‍ ജനറല്‍ ആനന്ദ് സത്യാനന്ദ് മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്കുശേഷം രണ്ടരയ്ക്കു യുവ പ്രവാസി സംരംഭകര്‍ പങ്കെടുക്കുന്ന സെമിനാറില്‍ കേന്ദ്രമന്ത്രിമാരായ സല്‍മാന്‍ ഖുര്‍ഷിദ്, അജയ് മാക്കന്‍, കെ സി വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. നാലരയ്ക്കു ഗദ്ദാര്‍ മൂവ്മെന്റിനെ കുറിച്ച് നടക്കുന്ന ചര്‍ച്ചയില്‍ എം. പി. വീരേന്ദ്രകുമാര്‍ മോഡറേറ്ററായിരിക്കും. പ്രഫ. ഹരീഷ് പുരി മുഖ്യപ്രഭാഷണം നടത്തും.തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറും.

വൈകുന്നേരം അഞ്ചിനു നടക്കുന്ന സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി സമാപന സന്ദേശം നല്‍കും. ഗവര്‍ണര്‍ എച്ച്.ആര്‍. ഭരദ്വാജ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് മൌറീഷ്യസ്, സ്പെയിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സംഘം അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറുമെന്നും വയലാര്‍ രവി കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.