മുഖപ്രസംഗം: രാഹുല്‍ഗാന്ധിയുടെ വാക്കും ദര്‍ശനവും
രാഹുല്‍ഗാന്ധി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡന്റായി. അണികള്‍ക്ക് ആവേശവും പാര്‍ട്ടിക്കു പുറത്തുള്ളവര്‍ക്കു പ്രതീക്ഷയും പകരുന്ന ഒരു സ്വീകരണപ്രസംഗത്തോടെ അദ്ദേഹം പദവിയേല്‍ക്കുകയും ചെയ്തു. അമേത്തിയില്‍നിന്നു രണ്ടുവട്ടം ലോക്സഭയിലെത്തിയ രാഹുല്‍ ഈ പദവിയിലെത്തുമെന്ന് ഏറെനാളായി പ്രതീക്ഷിച്ചിരുന്നതാണ്. എന്നു നടക്കും എന്നു മാത്രമേ പാര്‍ട്ടിയിലും പുറത്തും സംശയം ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ സന്ദേഹങ്ങള്‍ക്ക് അവസാനമായി; ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ രാഹുല്‍ തയാറായി.

കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം തികച്ചും സ്വാഭാവികമാണ് ഈ സ്ഥാനക്കയറ്റം. നെഹ്റു-ഗാന്ധി പാരമ്പര്യത്തിലൂന്നിയതാണല്ലോ ആ പാര്‍ട്ടിയുടെ രാഷ്ട്രീയ പൈതൃകം. നെഹ്റു-ഗാന്ധി കുടുംബത്തില്‍പ്പെടാത്തവര്‍ ആ പാര്‍ട്ടിയെ നയിച്ചപ്പോഴെല്ലാം മതേതരത്വവും ന്യൂനപക്ഷസംരക്ഷണവും പോലുള്ള മൂല്യങ്ങളില്‍നിന്നു കോണ്‍ഗ്രസ് അകന്നുനീങ്ങിയിട്ടുണ്ട്. ഇപ്പോള്‍ രാഹുല്‍ഗാന്ധി നേതൃത്വചുമതല ഏറ്റെടുക്കുമ്പോള്‍ നാനാഭാഗത്തും ഉയരുന്ന ആശ്വാസത്തിനു കാരണം മറ്റൊന്നല്ല.

രാഹുല്‍ ജയ്പൂരിലെ എഐസിസി സമ്മേളനത്തില്‍ ചെയ്ത പ്രസംഗം ഇതിനകം സോഷ്യല്‍ മീഡിയയില്‍ അടക്കം എങ്ങും ചര്‍ച്ചാവിഷയമായിട്ടുണ്ട്. വിമര്‍ശനങ്ങള്‍ ധാരാളം ഉണ്െടങ്കിലും പൊതുവേ ആ പ്രസംഗത്തോടും അതിലെ സന്ദേശത്തോടും അനുകൂല പ്രതികരണമാണു കാണുന്നത്. ഒരു പുതിയ നേതാവിനോടുള്ള മര്യാദമാത്രമായി ഇതിനെ കാണേണ്ടതില്ല. ആ പ്രഭാഷണം രാഹുലിന്റെ പതിവുപ്രസംഗങ്ങളെക്കാള്‍ തുറന്നതും പ്രതീക്ഷ പകരുന്നതുമാണ് എന്നതുതന്നെയാകാം ഈ പ്രതികരണത്തിനു കാരണം. ഇപ്പോഴത്തെ രാഷ്ട്രീയാന്തരീക്ഷത്തില്‍ സ്വീകാര്യതയ്ക്കുവേണ്ട ചേരുവകളെല്ലാം അതില്‍ ഉണ്ടായിരുന്നു.

അഴിമതിക്കും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കുമെതിരേ സംസാരിക്കുന്നതാണല്ലോ ഇന്നത്തെ ഏറ്റവും സ്വീകാര്യമായ ശൈലി. അതു മനസിലാക്കിത്തന്നെയാണു രാഹുല്‍ പ്രസംഗിച്ചത്. വ്യവസ്ഥിതിയില്‍ മാറ്റം വന്നേ തീരൂ എന്നും തീരുമാനങ്ങളെടുക്കുന്നതില്‍ ആം ആദ്മി(പാവപ്പെട്ടവര്‍)ക്കും പങ്കാളിത്തം വേണമെന്നും അദ്ദേഹം പറയുന്നതിലെ തീക്ഷ്ണതയും ആത്മാര്‍ഥതയും സംശയിക്കേണ്ടതില്ല. പക്ഷേ അവ എപ്രകാരമാണു നടപ്പാക്കുക എന്നാണറിയേണ്ടത്. അതാണു രാഹുല്‍ നേരിടുന്ന വെല്ലുവിളി.

അധികാരം, അഴിമതി എന്നിവയെപ്പറ്റിയുള്ള രാഹുലിന്റെ വാക്കുകളും ശക്തംതന്നെയാണ്. അധികാരം അതില്‍ത്തന്നെ ഒരു ദൂഷ്യശക്തിയോ വിഷമോ ആണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ജനസാമാന്യത്തിനു പങ്കാളിത്തവും അവരുടെ സ്വപ്നങ്ങള്‍ക്കു സഫലീകരണവും നല്കാന്‍ രാഷ്ട്രീയ വ്യവസ്ഥിതിക്കാവുന്നില്ല എന്നതിലും രാഹുലിനു സംശയമില്ല. രാഷ്ട്രീയവും ജനങ്ങളും തമ്മിലുള്ള അകലവും ഭരണത്തിലെ അഴിമതിയും അവസാനിപ്പിക്കാന്‍ യുവാക്കളെ മുന്നോട്ടുകൊണ്ടുവരണമെന്നാണു കോണ്‍ഗ്രസ് വൈസ് പ്രസിഡന്റിനു പറയാനുള്ളത്.


ഈ നിലപാടുകളെ വിശാലമായി അനുകൂലിക്കുമ്പോള്‍ത്തന്നെ ചില ചോദ്യങ്ങളും ഉയരുന്നുണ്ട്. വ്യവസ്ഥിതിയുടെ പോരായ്മകളാണു രാഹുല്‍ഗാന്ധി ചൂണ്ടിക്കാട്ടിയത്. അധികാരത്തിലേക്ക് ഏതുവഴി ഉപയോഗിച്ചും എത്തുക; അവിടെ കയറിക്കഴിഞ്ഞാല്‍ ആ അധികാരം ഉപയോഗിച്ച് എന്ത് അഴിമതിയും നടത്തുക - ഇതാണു രാഷ്ട്രീയ വ്യവസ്ഥിതിയില്‍ നാം കാണുന്നത്. പലവട്ടം ഇതിനെതിരായ ശക്തമായ നീക്കങ്ങള്‍ രാജ്യം കണ്ടിട്ടുണ്ട്. ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നുമൊക്കെ അവ ഉണ്ടായി. പലതും വിജയം വരിച്ചു; അധികാരത്തിലിരുന്നവരെ താഴെയിറക്കി; മാറ്റത്തിന്റെ പോരാളികള്‍ പുതിയ അധികാരികളായി. പക്ഷേ വീണ്ടും അധികാരദുര്‍വിനിയോഗവും അഴിമതിയും തന്നെയാണു രാജ്യം ദര്‍ശിച്ചത്. 1960കളുടെ ഒടുവിലെ 'യുവതുര്‍ക്കി'കളും എഴുപതുകളിലെ സമ്പൂര്‍ണ വിപ്ളവക്കാരും എണ്‍പതുകളില്‍ വി.പി. സിംഗിന്റെ പിന്നില്‍ അണിനിരന്നവരുമൊക്കെ അധികാരത്തിലേറിയപ്പോഴത്തെ ചരിത്രം രാജ്യത്തിന് അറിവുള്ളതാണ്. വേറിട്ടൊരു പാര്‍ട്ടിയെന്നു പറഞ്ഞ് അധികാരത്തിലേറിയ ബിജെപിക്കും വേറിട്ടൊരു കഥ ഉണ്ടായില്ല. അതുകൊണ്ടുതന്നെ, അധികാരം പിടിച്ചടക്കാനുള്ള ഒരു മാര്‍ഗമായാണോ യുവാക്കള്‍ അഴിമതിവിരുദ്ധതയെ കാണുന്നതും ഉപയോഗിക്കുന്നതും എന്നു ചോദിക്കാതെ വയ്യ. അതിന് അല്ല എന്ന ഉത്തരം നല്കാന്‍ രാഹുലിനു കഴിഞ്ഞാല്‍ അദ്ദേഹം വിജയിക്കും.

തന്റെ പരേതരായ പിതാവിനെയും പിതാമഹിയെയും പ്രസംഗത്തില്‍ പലവട്ടം അനുസ്മരിച്ച രാഹുല്‍ അവരെപ്പോലെ ആവേശവും പ്രതീക്ഷയും ജനിപ്പിച്ചാണു പാര്‍ട്ടിനേതൃത്വത്തില്‍ എത്തിയിരിക്കുന്നത്. ഈ ആവേശം കുറയാതെ നിലനിര്‍ത്താനും പ്രതീക്ഷ സഫലമാക്കാനും ജയ്പൂര്‍ പ്രസംഗത്തില്‍നിന്നു ബഹുദൂരം മുന്നേറേണ്ടിയിരിക്കുന്നു. ഒപ്പം ആ പ്രസംഗത്തില്‍ അവതരിപ്പിച്ച ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുകയും വേണം. നവീനകാലത്തിന്റെയും പുതുതലമുറയുടെയും ആശയാഭിലാഷങ്ങളോട് അതിവേഗം പ്രതികരിക്കണം. എല്ലാവരെയും ഉള്‍ക്കൊള്ളിക്കണമെന്നതും പങ്കാളിത്തബോധം വളര്‍ത്തണമെന്നതും പ്രസംഗത്തില്‍ മാത്രമാകാതിരിക്കണം. രാജ്യമെങ്ങും വേരുള്ള കരുത്തുറ്റ ഒരു വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലിരുന്ന് എന്തും ചെയ്യാന്‍ ലഭിച്ചിട്ടുള്ള ഈ അവസരം രാഹുല്‍ഗാന്ധി ക്രിയാത്മകമായി ഉപയോഗിച്ചാല്‍ മാത്രമേ 2014-ലെ ജനവിധി കോണ്‍ഗ്രസിനനുകൂലമാകൂ.