ബാംഗളൂരില്‍ മലയാളി വിദ്യാര്‍ഥിക്കു റാഗിംഗിന്റെ പേരില്‍ ക്രൂരപീഡനം
മാനന്തവാടി: ബാംഗളൂരിലെ കോളജില്‍ റാഗിംഗിന്റെ പേരില്‍ മലയാളി വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി പീഡിപ്പിച്ചു. ബാംഗളൂര്‍ ശ്രീസിദ്ധാര്‍ഥ കോളജ് ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ബിസിനസ് മാനേജ്മെന്റിലെ ഒന്നാംവര്‍ഷ ബിബിഎം വിദ്യാര്‍ഥി വയനാട് സ്വദേശി മുഹമ്മദ് റാഫി (19) ആണു രണ്ടു മലയാളി സീനിയര്‍ വിദ്യാര്‍ഥികളുടെ പീഡനത്തിനിരയായത്. മാനന്തവാടി വെള്ളമുണ്ടനുച്ചന്‍ അഷ്റഫിന്റെയും ഖദീജയുടെയും മകനാണു റാഫി.

ശനിയാഴ്ച ഉച്ചയോടെ കോളജിലെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഹമ്മദ് റാഫി പങ്കെടുക്കാത്തതിനെ ത്തുടര്‍ന്നാണു പീഡിപ്പിച്ചത്. ഹോസ്റലില്‍ ഭക്ഷണം പാകം ചെയ്യുകയായിരുന്ന മുഹമ്മദ് റാഫിയുടെ തല തിളച്ച കഞ്ഞിയില്‍ മുക്കുകയും ചെയ്തു. ചെവി മുതല്‍ നെഞ്ചു വരെയുള്ള ഭാഗത്തു സാരമായ പൊള്ളലേറ്റു. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി.


തുടര്‍ന്നു സുഹൃത്തിനൊപ്പം റാഫി വീട്ടിലേക്കു വന്നു. സ്റൌ പൊട്ടിത്തെറിച്ച് അപകടമുണ്ടായെന്നാണു റാഫി വീട്ടില്‍ പറഞ്ഞത്. ഇന്നലെ ഉച്ചയോടെയാണു വീട്ടുകാര്‍ സംഭവമറിഞ്ഞത്. റാഫിയെ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാലുശേരി സ്വദേശി അഖിലേഷ് യാദ്, പേരാമ്പ്ര സ്വദേശി റിജില്‍ ലാല്‍ എന്നിവരാണു പീഡിപ്പിച്ചതെന്നും കോളജില്‍ മലയാളി വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നതു നിത്യസംഭവമാണെന്നും റാഫി പറഞ്ഞു.