ബുള്ളറ്റ് പ്രൂഫ് വീട്ടില്‍ കവര്‍ച്ച; കള്ളന്റെ ചിത്രം കാമറയില്‍
ബുള്ളറ്റ് പ്രൂഫ് വീട്ടില്‍ കവര്‍ച്ച; കള്ളന്റെ ചിത്രം കാമറയില്‍
Tuesday, January 22, 2013 10:43 PM IST
തിരുവനന്തപുരം: തലസ്ഥാനത്തു മുട്ടട ടി.കെ. ദിവാകരന്‍ റോഡില്‍ സുരക്ഷാ സന്നാഹങ്ങളുള്ള ഇരുനില വീട് കുത്തിത്തുറന്നു ലക്ഷങ്ങള്‍ വിലവരുന്ന സാധനങ്ങള്‍ കവര്‍ന്നു. മാങ്കുളം ക്ഷേത്രത്തിനു സമീപം വിഷ്ണുഭവനില്‍ വേണുഗോപാലന്‍ നായരുടെ (57) വീട്ടിലാണു കവര്‍ച്ച നടന്നത്. വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസി കാമറയില്‍ പതിഞ്ഞ കള്ളന്റെ ചിത്രം പോലീസ് പുറത്തുവിട്ടു.

ഇന്നലെ പുലര്‍ച്ചെ നാലുമണിയോടെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണു മോഷണവിവരം അറിയുന്നത്. രാത്രി 12നുശേഷമാണു മോഷണം നടന്നതെന്നു കരുതുന്നു. വീട്ടില്‍നിന്ന് 28 ലക്ഷം രൂപ വിലവരുന്ന ആധുനിക സംവിധാനങ്ങളുള്ള മിത്സുബിഷി ജീപ്പ്, സോണി എറിക്സന്റെ 1,05,000 രൂപ വിലയുടെ ലാപ്ടോപ്പ്, 40,000 രൂപ വിലവരുന്ന നോക്കിയ ലൂമിയ ഫോണ്‍, 15,000 രൂപ വിലമതിക്കുന്ന മറ്റൊരു ഫോണ്‍, 10,000 രൂപയിലേറെ വിലവരുന്ന അരപ്പവന്റെ മോതിരം, 2,000 രൂപ എന്നിവയാണു കവര്‍ന്നത്. മൊത്തം 29,72,000 രൂപയുടെ മോഷണമാണു നടന്നത്.

വീടിനുള്ളില്‍ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. നിരവധി ഫയലുകളും മോഷണം പോയിട്ടുള്ളതായി വീട്ടുടമ പറയുന്നു. വീടിന്റെ മുന്‍വശത്തായി സ്ഥാപിച്ചിട്ടുള്ള ബുള്ളറ്റ് പ്രൂഫ് ഗ്ളാസ് അറുത്തുമാറ്റിയശേഷമാണു മോഷ്ടാക്കള്‍ ഉള്ളില്‍ കടന്നത്. വേണ്ടത്ര സുരക്ഷിതത്വമില്ലാതെയായിരുന്നു ഗ്ളാസ് സ്ഥാപിച്ചിരുന്നത്. വീടിന്റെ നാലുഭാഗത്തും കാമറകള്‍ സ്ഥാപിച്ചിരുന്നു. സ്പര്‍ശനമേറ്റാല്‍ അലാറം മുഴങ്ങുന്ന സംവിധാനം ഗേറ്റില്‍ സ്ഥാപിച്ചിരുന്നു. പോലീസിന്റെ സാന്നിധ്യത്തില്‍ സിസി ടിവി ദൃശ്യം പരിശോധിച്ചെങ്കിലും അതില്‍ ഒരാളുടെ അവ്യക്തമായ രൂപമാണു കണ്ടത്. കവര്‍ച്ച ചെയ്യപ്പെട്ട ജീപ്പ് അത്യാധുനിക ജിപിഎസ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്.


പേരൂര്‍ക്കട സിഐ പ്രതാപന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ്സ്ക്വാഡും ഫിംഗര്‍പ്രിന്റ് വിദഗ്ധരും തെളിവെടുപ്പു നടത്തി. മോഷണം നടന്നവീട്ടില്‍നിന്നു ലഭിച്ച സൂചനകളനുസരിച്ച് മോഷ്ടാക്കള്‍ തമിഴ്നാട്ടിലേക്കു കടന്നതായി സൂചനലഭിച്ചിട്ടുണ്ട്. മോഷ്ടിക്കപ്പെട്ട ജീപ്പ് കോയമ്പത്തൂരിനു സമീപംവച്ച് പോലീസിന്റെ പിടിയിലായിട്ടുണ്െടന്നും മോഷ്ടാക്കള്‍ വലയിലായെന്നും സൂചനയുണ്ട്. എന്നാല്‍ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. മേയര്‍ കെ. ചന്ദ്രികയുടെ ഭര്‍ത്താവിന്റെ ബന്ധുവിന്റേതാണു മോഷണം നടന്ന വീട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.