കുരുമുളകിനും ഏലത്തിനും പ്രത്യേക കമ്മിറ്റികള്‍: കെ.വി. തോമസ്
കൊച്ചി: കുരുമുളകിന്റെയും ഏലത്തിന്റേയും അവധി വ്യാപാരവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ രണ്ടു പ്രത്യേക കമ്മിറ്റികള്‍ രൂപീകരിക്കുമെന്നു കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി പ്രഫ. കെ.വി. തോമസ് പറഞ്ഞു. റബര്‍, കുരുമുളക്, ഏലം കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കുമായി ഫോര്‍വേഡ് മാര്‍ക്കറ്റ്സ് കമ്മീഷന്‍ സംഘടിപ്പിച്ച യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യോഗത്തില്‍ വച്ച നിര്‍ദേശം അംഗീകരിച്ചാണു നടപടി കൈക്കൊള്ളുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി.

റബര്‍ കര്‍ഷകര്‍ക്കായി രൂപീകരിച്ച കമ്മിറ്റിയുടെ മാതൃകയിലാണ് ഏലം, കുരുമുളക് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുക. കര്‍ഷകരുടെ വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കാനും കാര്‍ഷികോത്പന്നങ്ങള്‍ക്ക് നല്ല വില ലഭ്യമാക്കാനും കമ്മിറ്റി വഴിയൊരുക്കും.


ഇപ്പോള്‍ത്തന്നെ 35 അംഗ കമ്മിറ്റി ഇതിനായി പ്രവര്‍ത്തിക്കുന്നുണ്െടന്നും അദ്ദേഹം പറഞ്ഞു. ഗോഡൌണുകളില്‍ കെട്ടിക്കിടക്കുന്ന 7,000 ടണ്‍ കുരുമുളക് സംബന്ധിച്ച് ഉചിതമായ നടപടി കൈക്കൊള്ളും. കുരുമുളകിന്റെ ഗുണനിലവാരം സംബന്ധിച്ച് ആവശ്യമെങ്കില്‍ വീണ്ടും പരിശോധന നടത്തും.

ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പും സാധ്യമാകുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവധി വ്യാപാരത്തിലെ ഊഹക്കച്ചവടം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. എല്ലാ പ്രശ്നങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കും. കര്‍ഷകര്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ക്കു നല്ല വില ലഭിക്കണം. കാര്‍ഷിക മേഖലയില്‍ ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാ വെല്ലുവിളികളെയും രാജ്യം അതിജീവിച്ചിട്ടുണ്െടന്ന് കെ.വി. തോമസ് അനുസ്മരിച്ചു.