രാഹുല്‍ഗാന്ധി പരാജയപ്പെട്ട നേതാവെന്നു ഡിവൈഎഫ്ഐ
തൃശൂര്‍: പാര്‍ലമെന്റില്‍ ഒരു ചോദ്യംപോലും ഉന്നയിക്കാത്ത രാഹുല്‍ഗാന്ധി പരാജയപ്പെട്ട നേതാവാണെന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി.വി.രാജേഷ് എംഎല്‍എ, പ്രസിഡന്റ് എം.സ്വരാജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

രാഹുലിന് എന്തെങ്കിലും ചെയ്യാന്‍ ഇതുവരെയും കഴിഞ്ഞിട്ടില്ല. പുതിയ നേതാവായി ഉയര്‍ത്തിയതുവഴി ഭാവിയില്‍ രാജ്യത്തിന് എന്തെങ്കിലും മാറ്റമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നില്ല. രാഷ്്ട്രീയത്തില്‍ പ്രവേശിച്ചശേഷം തൊഴില്‍-വിദ്യാഭ്യാസമേഖലയില്‍ യുവാക്കള്‍ക്കുവേണ്ടി ഒരു പദ്ധതി പോലും ചൂണ്ടിക്കാട്ടാന്‍ കഴിയാത്ത വ്യക്തിയാണ് രാഹുലെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.

മന്ത്രിമാരെ തീരുമാനിക്കുന്നതുവരെ സാമുദായിക നേതാക്കളായി മാറിയിരിക്കുകയാണിപ്പോള്‍. സംസ്ഥാനത്തു സമുദായനേതാക്കളും കേന്ദ്രത്തില്‍ കോര്‍പ്പറേറ്റുകളുമാണ് മന്ത്രിമാരെ തീരുമാനിക്കുന്നത്.


ജാത-മത ചേരിതിരിവുണ്ടാക്കാനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്. സാമുദായിക സംഘടനകള്‍ ജനാധിപത്യത്തില്‍ ഗുരുതര കാന്‍സറുകളായി മാറിയിരിക്കയാണ്. പരിഷ്കൃതമായ പ്രാകൃതത്തിലേക്കാണ് സമൂഹം പോകുന്നത്. ക്ഷേത്രങ്ങളില്‍ ഈഴവരെ പൂജാരിമാരാക്കാന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍നായര്‍ തയാറാകുമോയെന്ന് രാജേഷ് വെല്ലുവിളിച്ചു.

വിദ്യാഭ്യാസ മേഖലയില്‍ ലീഗ്വത്കരണമാണ് നടക്കുന്നത്. വൈസ്ചാന്‍സലര്‍മാരുടെ നിയമനത്തില്‍വരെ സാമുദായികവത്കരണം നടക്കുന്നതുതന്നെ ഇതിനു തെളിവുകളാണെന്നും ഇവര്‍ പറഞ്ഞു.