മോട്ടോര്‍വാഹന വകുപ്പില്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കണം: എന്‍ജിഒ അസോസിയേഷന്‍
തിരുവനന്തപുരം: മോട്ടോര്‍ വാഹനവകുപ്പില്‍ ജോലിഭാരത്തിനനുസരിച്ച് തസ്തികകള്‍ സൃഷ്ടിക്കണമെന്ന് എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കോട്ടാത്തല മോഹനന്‍ ആവശ്യപ്പെട്ടു. 1977 നുശേഷം മോട്ടോര്‍വാഹന വകുപ്പില്‍ മിനിസ്റീരിയല്‍ ജീവനക്കാരുടെ ഒരു തസ്തികപോലും സൃഷ്ടിച്ചിട്ടില്ല. വാഹനങ്ങളുടെ എണ്ണമാകട്ടെ 77 നെ അപേക്ഷിച്ച് പതിന്മടങ്ങ് വര്‍ധിച്ചു. ഇപ്പോള്‍ വാഹനങ്ങളുടെ എണ്ണം 75 ലക്ഷം കവിഞ്ഞു.

നികുതി കുടിശിക ഇനത്തില്‍ പിരിച്ചെടുക്കാനുള്ളതു കോടിക്കണക്കിനു രൂപയാണ്. ജീവനക്കാരുടെ കുറവ് നിമിത്തം ഇതു പിരിച്ചെടുക്കാന്‍ സാധിക്കുന്നില്ല. രണ്ടായിരത്തിലധികം ക്ളെറിക്കല്‍ ജീവനക്കാര്‍ വേണ്ടിടത്ത് 614 ജീവനക്കാര്‍ മാത്രമാണു സംസ്ഥാനത്തൊട്ടാകെയുള്ളത്. എന്‍ഫോഴ്സ്മെന്റ് ജോലിയുടെ തുടര്‍നടപടികള്‍ മുഴുവന്‍ ചെയ്യേണ്ടതു ക്ളറിക്കല്‍ ജീവനക്കാരാണ്. എന്നാല്‍, എന്‍ഫോഴ്സ്മെന്റ് ജീവനക്കാരുടെ തസ്തിക സൃഷ്ടിച്ചപ്പോള്‍ ക്ളറിക്കല്‍ ജീവനക്കാരുടെ ഒരു തസ്തികപോലും സൃഷ്ടിച്ചില്ല.


ഫാസ്റ് ട്രാക്ക് കൌണ്ടറുകള്‍ ആരംഭിച്ചപ്പോള്‍ ഒരു മിനിസ്റീരിയല്‍ തസ്തികപോലും സൃഷ്ടിച്ചിട്ടില്ല. ഫാസ്റ് ട്രാക്ക് കൌണ്ടറിന്റെ മുഴുവന്‍ ജോലികളും ചെയ്യേണ്ടത് ക്ളാര്‍ക്കും സൂപ്രണ്ടുമാരുമാണ്. അധിക ജോലിഭാരം ഒരു പരിധിവരെയെങ്കിലും ലഘൂകരിക്കുന്നതിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ടു സംഘടന ധനകാര്യമന്ത്രിക്കു നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നു കോട്ടാത്തല മോഹനന്‍ ചൂണ്ടിക്കാട്ടി.