ബണ്ടി ചോറിനെ കസ്റഡിയില്‍ വാങ്ങാന്‍ പോലീസ് ഇന്ന് അപേക്ഷ സമര്‍പ്പിക്കും
തിരുവനന്തപുരം: ഹൈടെക് മോഷ്ടാവ് ബണ്ടിചോറിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി അന്വേഷണ സംഘം കസ്റഡിയില്‍ വാങ്ങും. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബണ്ടി ചോറിനെ കസ്റഡിയില്‍ വിട്ടുകിട്ടാന്‍ അന്വേഷണ സംഘം ഇന്നു കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. അഞ്ചു ദിവസത്തേക്കാകും കസ്റഡിയില്‍ വാങ്ങുക.

ബണ്ടി മോഷണം നടത്തിയ മുട്ടടയിലെ വേണുഗോപാലന്‍ നായരുടെ വീട്ടിലും ബണ്ടി താമസിച്ചിരുന്ന ചെട്ടിക്കുളങ്ങരയിലെ ലോഡ്ജിലും കൊണ്ടുപോയി തെളിവെടുപ്പു നടത്തും.

ഡല്‍ഹിയില്‍ നിന്നു ബണ്ടി തിരുവനന്തപുരത്തെത്തിയതിന്റെ ഉദ്ദേശ്യം, മോഷണം നടത്താന്‍ വേണുഗോപാലന്‍ നായരുടെ വീട് തെരഞ്ഞെടുക്കാന്‍ ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നീ കാര്യങ്ങള്‍ ബണ്ടിയില്‍ നിന്ന് അന്വേഷണ സംഘത്തിനു ലഭിക്കേണ്ടതുണ്ട്.


ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണു ബണ്ടിയെ പൂനയില്‍വച്ച് സമര്‍നാഥ് പോലീസ് അറസ്റ് ചെയ്ത് കേരള പോലീസിനു കൈമാറിയത്. പേരൂര്‍ക്കട സിഐ പ്രതാപന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വിമാനമാര്‍ഗം ബണ്ടിയെ തിരുവനന്തപുരത്തെത്തിച്ചു കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

കോടതി ഇയാളെ ഈ മാസം 12 വരെ റിമാന്‍ഡ് ചെയ്തിരുന്നു. പോലീസ് സംഘം ബണ്ടിയെ പൂജപ്പുര ജില്ല ജയിലിലെത്തിച്ചെങ്കിലും സുരക്ഷാ സൌകര്യങ്ങള്‍ കുറവായതിനാല്‍ പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റുകയായിരുന്നു.