കയര്‍കേരള -2013 ആലപ്പുഴയില്‍ ഇന്നു തുടക്കം
ആലപ്പുഴ: സംസ്ഥാന കയര്‍വകുപ്പ് ആലപ്പുഴയില്‍ സംഘടിപ്പിച്ചിരിക്കുന്ന കയറിന്റെയും കയറുത്പന്നങ്ങളുടെയും അന്തര്‍ദേശീയ പ്രദര്‍ശന വിപണന മേള ഇന്ന് ആരംഭിക്കും. വൈകുന്നേരം നാലിനു ഇഎംഎസ് സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേള ഉദ്ഘാടനം ചെയ്യും.

മന്ത്രി അടൂര്‍ പ്രകാശ്, മന്ത്രിമാര്‍, എംഎല്‍എമാര്‍, ജന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 60 വിദേശരാജ്യങ്ങളില്‍ നിന്നുള്ള 160 പ്രതിനിധികളടക്കം നാനൂറോളം പേര്‍ മേളയില്‍ പങ്കെടുക്കും.

യൂറോപ്പില്‍ നിന്നു 28 പ്രതിനിധികളും വടക്കെ അമേരിക്ക, ലാറ്റിന്‍ അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും മേളയ്ക്കെത്തും. 200 കോടി രൂപയുടെ വില്പനയാണ് മേളയില്‍ നി ന്നു കയര്‍വകുപ്പ് പ്രതീക്ഷിക്കുന്നത്. മേളയുടെ ഭാഗമായി വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. കയര്‍വ്യവസായ മേഖലയിലെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനും പ്രകൃതിദത്ത നാരുകള്‍ ഉപയോഗിച്ച് പുതിയ ഉത്പന്നങ്ങളുണ്ടാക്കുന്നതിനുമുള്ള ആധുനിക സാങ്കേതിക വിദ്യയെക്കുറിച്ചുള്ള ഉന്നതതല ചര്‍ച്ചകളും മേളയുടെ ഭാഗമായി നടക്കും. കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജലസേചനമന്ത്രി പി.ജെ. ജോസഫ്, ടൂറിസം മന്ത്രി എ.പി. അനില്‍കുമാര്‍, ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ്, ചീഫ് സെക്രട്ടറി കെ.ജോസ് സിറിയക്, കയര്‍വികസന സെക്രട്ടറി റാണി ജോര്‍ജ്, ഡോ. കെ.ആര്‍. അനില്‍ തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലെ സെമിനാറുകളില്‍ പങ്കെടുക്കും.


അന്താരാഷ്ട്ര നിലവാരത്തിലുള്ള പവലിയനും സൌകര്യങ്ങളുമാണു മേളയ്ക്കായി ഒരുക്കിയിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടേയും സ്വകാര്യ സ്ഥാപനങ്ങളുടെയുമടക്കം നൂറിലേറെ സ്റാളുകളാണ് മേളയിലുള്ളത്. കയര്‍ഫെസ്റിന്റെ അവസാനഘട്ട ഒരുക്കങ്ങളാണ് ഇന്നലെ നടന്നത്. ആറുവരെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.