സൂര്യനെല്ലി കേസ് നാള്‍വഴി
1996 ജനുവരി 16- ഇടുക്കി ജില്ലയില്‍ മൂന്നാറിനു സമീപം നല്ലതണ്ണി ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹൈസ്കൂളിലെ ഒമ്പതാം ക്ളാസ് വിദ്യാര്‍ഥിനിയെ കാണാതാവുന്നു. ഹോസ്റലിലേക്ക് എത്തിയ ഒരു ഫോണ്‍ വിളിയെത്തുടര്‍ന്നു വീട്ടിലേക്കെന്നു പറഞ്ഞാണു പെണ്‍കുട്ടി കൂട്ടുകാരോടു യാത്രപറഞ്ഞിറങ്ങിയത്.

ഫെബ്രുവരി 17- പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മൂന്നാര്‍ പോലീസ് സ്റേഷനില്‍ പരാതി നല്കി.

ഫെബ്രുവരി 25- പെണ്‍കുട്ടി അവശയായി വീട്ടില്‍ തിരിച്ചെത്തി. മാതാപിതാക്കളുടെ പരാതിയില്‍ മൂന്നാര്‍ സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

പെണ്‍കുട്ടിയെ ഹോസ്റലിലെ ഫോണില്‍ വിളിച്ചതു കാമുകനായി നടിച്ച സ്വകാര്യ ബസ് കണ്ടക്ടര്‍ മുക്കുടം സ്വദേശി രാജുവായിരുന്നുവെന്നും വിവാഹവാഗ്ദാനം നല്കിയാണ് ഇയാള്‍ പെണ്‍കുട്ടിയെ വിളിച്ചിറക്കിക്കൊണ്ടുപോയതെന്നും അന്വേഷണത്തില്‍ തെളിഞ്ഞു.

പെണ്‍കുട്ടിയ മാനഭംഗപ്പെടുത്തിയതിനു രാജു ഉള്‍പ്പെടെ 42 പേര്‍ക്കെതിരേ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍, വിവാഹം ചെയ്യാമെന്നു പ്രേരിപ്പിക്കല്‍, കൂട്ടമാനഭംഗം, രഹസ്യമായി പാര്‍പ്പിക്കല്‍, പെണ്‍കുട്ടിയെ വില്‍ക്കല്‍, വിലയ്ക്കു വാങ്ങല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചേര്‍ത്തു ദേവികുളം കോടതിയില്‍ പോലീസ് കുറ്റപത്രം നല്കി.

മൂന്നാം പ്രതിയും അഭിഭാഷകനുമായ ധര്‍മരാജന്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍പ്പോയി.

ഡിഐജി സിബി മാത്യൂസിന്റെ നേതൃത്വത്തില്‍ അന്വേഷണത്തിനു പ്രത്യേക സെല്‍ രൂപവത്കരിച്ചു.

1999 സെപ്റ്റംബര്‍ 25ന് ദേവികുളം ഫസ്റ് ക്ളാസ് ജുഡീഷല്‍ മജിസ്ട്രറ്റ് കോടതിയില്‍ കേസിന്റെ വിചാരണ തുടങ്ങി.

1999 നവംബറില്‍ കേസിന്റെ പ്രധാന്യം കണക്കിലെടുത്തു വാദം കേള്‍ക്കാന്‍ സര്‍ക്കാര്‍ അനുമതിയോടെ കോട്ടയത്തു പ്രത്യേക കോടതി രൂപീകരിച്ചു. ഇതിനിടെ 40-ാം പ്രതി സലിം മരിച്ചു.


2000 സെപ്റ്റംബര്‍ 6- കേസിലെ 35 പ്രതികള്‍ക്കു പ്രത്യേക കോടതി നാലുവര്‍ഷം മുതല്‍ 13വര്‍ഷം വരെ കഠിനതടവ് ശിക്ഷ വിധിച്ചു. നാലു പേരെ വെറുതേവിട്ടു. 97 സാക്ഷികളെ വിസ്തരിച്ചു.

2000 സെപ്റ്റംബര്‍ 8- ശിക്ഷിക്കപ്പെട്ട പ്രതികളെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ പ്രവേശിപ്പിച്ചു. കോടതിയുടെ പരാമര്‍ശത്തെത്തുടര്‍ന്ന്, അന്വേഷണത്തില്‍ വീഴ്ചവരുത്തിയെന്നു കണ്െടത്തിയ മൂന്നു പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.

2000 സെപ്റ്റംബര്‍ 17ന് അഡ്വ. ധര്‍മരാജനെ കര്‍ണാടകയിലെ ഉഡുപ്പി ജില്ലയില്‍നിന്നു പിടികൂടി. ദേവികുളം കോടതി പ്രതിയെ 30 വരെ റിമാന്‍ഡ് ചെയ്തു.

2002 ജൂലൈ 13- പ്രത്യേക കോടതി ജഡ്ജി പി. ചന്ദ്രശേഖരന്‍പിള്ള മൂന്നാം പ്രതി ധര്‍മരാജനു ജീവപര്യന്തം കഠിനതടവ് വിധിച്ചു. 21 പ്രതികള്‍ പ്രത്യേക കോടതി വിധിക്കെതിരേ ഹൈക്കോടതിയെ സമീപിച്ചു.

2005 ജനുവരി 20- ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രതികളെ വെറുതേവിട്ടു. ധര്‍മരാജന്റെ ജീവപര്യന്തം അഞ്ചുവര്‍ഷമായി കുറച്ചു. 50,000 രൂപ പിഴയും ചുമത്തി. പെണ്‍കുട്ടിയുടെ സമ്മതപ്രകാരമാണു മാനഭംഗം നടന്നതെന്നായിരുന്നു ഹൈക്കോടതിയുടെ കണ്െടത്തല്‍.

ഹൈക്കോടതി വിധിക്കെതിരേ പെണ്‍കുട്ടി സുപ്രീംകോടതിയെ സമീപിച്ചു.

2013 ജനുവരി 31- പ്രതികളെ വിട്ടയച്ച ഹൈക്കോടതിവിധി എട്ടു വര്‍ഷത്തിനുശേഷം സുപ്രീംകോടതി റദ്ദാക്കി.

ഹൈക്കോടതി വിട്ടയച്ച മുഴുവന്‍ പ്രതികളും മൂന്നാഴ്ചയ്ക്കകം കോടതിയില്‍ വീണ്ടും ഹാജരാകണമെന്നും ഹൈക്കോടതി കേസ് വീണ്ടും പരിഗണിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.