പെണ്‍കുട്ടി മൌനം പാലിച്ചു; മാതാപിതാക്കള്‍ പ്രതികരിച്ചു
Friday, February 1, 2013 11:15 PM IST
കോട്ടയം: സൂര്യനെല്ലി കേസില്‍ സുപ്രീം കോടതി പരാമര്‍ശം വരുമ്പോള്‍ വാദിയായ പെണ്‍കുട്ടി കോട്ടയത്തുണ്ടായിരുന്നു. കേസിന്റെ ഒന്നാംഘട്ട വിചാരണയും വിധിയും കോട്ടയത്ത് കോടതിയിലാണ് നടന്നത്. പെണ്‍കുട്ടി ഇന്നലെ ഉച്ചകഴിഞ്ഞ് ജോലി സ്ഥലത്തു വച്ച് വിവരം അറിഞ്ഞെങ്കിലും കാര്യമായി ആരോടും പ്രതികരിച്ചില്ല. വിവരമറിഞ്ഞ സഹപ്രവര്‍ത്തകരും മൌനം പാലിച്ചു. ഇടയ്ക്കു വീട്ടില്‍നിന്നു വന്ന ചില ഫോണുകള്‍ക്കു മാത്രം മറുപടി പറയുകയും ചെയ്തു. പെണ്‍കുട്ടിയുടെ പ്രതികരണം ഫോണിലൂടെ എടുക്കാന്‍ ചിലചാനലുകള്‍ ശ്രമിച്ചെങ്കിലും മാതാപിതാക്കള്‍ അനുവദിച്ചില്ല.

അതേസമയം, കോട്ടയത്തു താമസിക്കുന്ന മാതാപിതാക്കള്‍ മാധ്യമങ്ങളോടു ഫോണില്‍ പ്രതികരിക്കുകയും ചെയ്തു. സുപ്രീം കോടതി നടപടിയില്‍ പ്രതീക്ഷയും ആശ്വാസവുമുണ്ട്. ജീവിതത്തില്‍ നഷ്ടങ്ങള്‍ മാത്രമുണ്ടായ ഞങ്ങള്‍ക്കു പ്രത്യാശ ഏറെയില്ലെങ്കിലും സത്യത്തിന്റെ വിജയം കാണുമ്പോള്‍ സന്തോഷമുണ്ട്. പ്രതികള്‍ ഏറെ ശക്തരാണ്. ചങ്ങനാശേരിയില്‍ ജോലി ചെയ്യുമ്പോള്‍ പെണ്‍കുട്ടിയെ പണാപഹരണക്കേസില്‍ ഉള്‍പ്പെടുത്താന്‍ പ്രതികള്‍ ഇടപെട്ടിരുന്നതായി സംശയിക്കുന്നു. പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

ഇത്രയേറെ അപമാനിക്കപ്പെട്ട മകളെ പണം അപഹരിച്ചവളെന്നു മുദ്ര കുത്തി ജോലിയില്‍നിന്നു പിരിച്ചുവിടാന്‍ ആസൂത്രിതമായ നീക്കമുണ്ടായി. ഈ ഉദ്യോഗസ്ഥരെക്കുറിച്ചും ഗൂഢാലോചനയെക്കുറിച്ചും അന്വേഷണം വേണം. പഴയ പ്രതികള്‍ പലതരത്തില്‍ വാണിജ്യ വകുപ്പിലെ ചില ഉദ്യോഗസ്ഥരെ സ്വാധീനിച്ചിരുന്നതായി വ്യക്തമാണ്.


പ്യൂണായി ജോലി നോക്കുന്ന ഈ കുട്ടിയെക്കൊണ്ടാണ് ദിവസവും ലക്ഷങ്ങളുടെ ബാങ്ക് ഇടപാടുകള്‍ നടത്തിച്ചിരുന്നത്. മേലുദ്യോഗസ്ഥര്‍ പറയുന്ന കടലാസുകളിലെല്ലാം ഒപ്പിടാന്‍ അവള്‍ നിര്‍ബന്ധിതയായിരുന്നുവെന്നും പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

പീഡനം നടന്നപ്പോള്‍ അവള്‍ക്ക് രക്ഷപ്പെടാന്‍ അവസരമുണ്ടായിരുന്നില്ലേ എന്നാണ് ഹൈക്കോടതിയില്‍ പ്രതികള്‍ ചോദിച്ചത്. അവര്‍ക്കു വിധേയരാകാതെ വന്നപ്പോഴൊക്കെ കമ്പി വടിക്കു തലയ്ക്ക് അടിയേറ്റ ക്ഷതങ്ങളുമായാണു കുട്ടിയെ തിരിച്ചുകിട്ടിയത്. ആഴ്ചയോളം മുറിയില്‍ കിടപ്പായിരുന്ന കുട്ടി എന്തുകൊണ്ട് ഓടി രക്ഷപ്പെട്ടില്ല എന്നതായിരുന്നു പ്രതിഭാഗം ചോദ്യം. മൂന്നു മാസത്തെ ചികിത്സവേണ്ടിവന്ന കുട്ടിക്ക് എത്രത്തോളം ക്ഷതം സംഭവിച്ചിട്ടുണ്ടാകുമെന്നു മനസിലാക്കാമല്ലോ.

കേസ് നടത്താന്‍ പണമില്ലാതെ വന്നപ്പോള്‍ പലവിധത്തില്‍ സഹായിച്ചവരോടു നന്ദിയുണ്ട്. വി.എസ്. അച്യുതാനന്ദനോടും കേസ് സത്യസന്ധമായി അന്വേഷിച്ച സിബി മാത്യുവിനോടും പ്രത്യേകം നന്ദിയുണ്െടന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

ജനാധിപത്യ മഹിളാ അസോസിയേഷനു പുറമെ അര്‍ച്ചന വിമന്‍സ് സെന്ററും ചില വനിതാ സംഘടനകളും ഈ കേസില്‍ പെണ്‍കുട്ടിക്കുവേണ്ടി ഇടപെട്ടിരുന്നു. സിസ്റര്‍ റെജി, പ്രഫ. സുജ സൂസന്‍ ജോര്‍ജ്, അനില, ത്രേസ്യാമ്മ മാത്യു, ജയശ്രീ എന്നിവരും കേസില്‍ സജീവമായി മുന്‍നിരയിലുണ്ടാ യിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.