ഇരുചക്രവാഹനങ്ങളുടെ രജിസ്ട്രേഷന് ഇന്നു മുതല്‍ ഹെല്‍മറ്റ് നിര്‍ബന്ധം
കൊച്ചി: പുതുതായി വാങ്ങുന്ന ഇരുചക്രവാഹനങ്ങളുടെ രജിസ്ട്രേഷന് ഇന്നു മുതല്‍ ഹെല്‍മറ്റ് വാങ്ങിയതിന്റെ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാക്കി. രജിസ്ട്രേഷന്‍ ചെയ്യാനെത്തുമ്പോള്‍ രേഖകള്‍ക്കു പുറമേ ഡീലര്‍മാര്‍ ബൈക്കുടമയ്ക്കു ഹെല്‍മറ്റ് കൈമാറിയതിന്റെ സര്‍ട്ടിഫിക്കറ്റും ഉടമ കൈപ്പറ്റിയതിന്റെ രസീതും കൂടി ഹാജരാക്കണം. ഇതു സംബന്ധിച്ച് എല്ലാ ഡീലര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുള്ളതായി ആര്‍ടിഒ ബി.ജെ. ആന്റണി പറഞ്ഞു.

ഉപഭോക്താവാണു വാഹനം രജിസ്റര്‍ ചെയ്യാന്‍ കൊണ്ടുവരുന്നതെങ്കില്‍ ഹെല്‍മറ്റ് ധരിച്ചുവരുകയും ഇതേ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുകയും വേണം. കേന്ദ്ര മോട്ടോര്‍ വാഹന നിയമപ്രകാരം ഹെല്‍മറ്റ് ഇരുചക്രവാഹനത്തിന്റെ ഭാഗമാണ്. ഇതു ഡീലര്‍മാര്‍ സൌജന്യമായി ഉപയോക്താവിനു നല്‍കണം. ഇതു സംബന്ധിച്ചു പല ഘട്ടങ്ങളില്‍ ഡീലര്‍മാര്‍ക്കും മറ്റും നിര്‍ദേശം നല്‍കിയിരുന്നെങ്കിലും പൂര്‍ണതോതില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിരുന്നില്ല.


കഴിഞ്ഞ 30നു ചേര്‍ന്ന വാഹനവകുപ്പ് അധികൃതരുടെ യോഗത്തില്‍ സംസ്ഥാന വ്യാപകമായി ഇരുചക്രവാഹനങ്ങളുടെ രജിസ്ട്രേഷനു ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതു സംബന്ധിച്ചു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശം നല്‍കി.