സമ്പത്ത് കൊലപാതകം: സിബിഐ മുന്‍ ഡയറക്ടര്‍ അടക്കമുള്ളവര്‍ക്കെതിരേ ഉദ്യോഗസ്ഥരുടെ പരാതി
കൊച്ചി: പുത്തൂര്‍ ഷീല വധക്കേസിലെ മുഖ്യപ്രതി സമ്പത്തിനെ കസ്റ്റഡിയില്‍ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നടത്തിയ സിബിഐ ഉദ്യോഗസ്ഥര്‍ സിബിഐ മുന്‍ ഡയറക്ടര്‍ അടക്കമുള്ളവര്‍ക്കെതിരെ കോടതിയില്‍ പരാതി നല്‍കി. മുന്‍ അന്വേഷണ ഉദ്യോഗസ്ഥരും തിരുവനന്തപുരം സിബിഐ യൂണിറ്റിലെ ഇന്‍സ്പെക്ടര്‍മാരുമായ ഉണ്ണികൃഷ്ണന്‍ നായര്‍, കെ.കെ. രാജന്‍ എന്നിവരാണ് എറണാകുളം സിജെഎം കോടതിയില്‍ പരാതി നല്‍കിയത്.

അന്വേഷണത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തിയ സിബിഐ മുന്‍ ഡയറക്ടര്‍ അമര്‍ പ്രതാപ് സിംഗ്, മുന്‍ ചെന്നൈ മേഖലാ ജോയിന്റ് ഡയറക്ടര്‍ അശോക് കുമാര്‍, കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന പി.ജി. ഹരിദത്തിന്റെ ആത്മഹത്യാ കേസില്‍ അന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് എസ്പി കെ.ജി. സൈമണ്‍, പാലക്കാട് ടൌണ്‍ നോര്‍ത്ത് എഎസ്ഐയായിരുന്ന എസ്. പുരുഷോത്തമന്‍ പിള്ള എന്നിവരെ പ്രതികളാക്കിയാണ് സ്വകാര്യ അന്യായം ഫയല്‍ ചെയ്തത്.


അന്യായം ഫയലില്‍ സ്വീകരിച്ച മജിസ്ട്രേറ്റ് ഇ.സി. ഹരിഗോവിന്ദന്‍ കേസ് തുടര്‍നടപടികള്‍ക്കായി അടുത്ത ദിവസത്തേക്കു മാറ്റി. ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ഉപദ്രവിക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്ക് കേസെടുക്കണമെന്നാണ് അന്യായത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഐപിഎസ് ഉദ്യോഗസ്ഥരായ ബി.എസ്. മുഹമ്മദ് യാസീനെയും വിജയ് സാഖറെയെയും ഒഴിവാക്കാന്‍ ഉന്നത ഇടപെടല്‍ നടത്തിയ സിബിഐയിലെ സീനിയര്‍ ഉദ്യോഗസ്ഥര്‍ കേസില്‍ ഇടപെടരുതെന്ന് കോടതി പറഞ്ഞിട്ടും ഇടപെട്ടുവെന്നും ആരോ പിച്ചിട്ടുണ്ട്.