സംസ്ഥാനത്തു പുതിയ വിദ്യാഭ്യാസ നയം ഉടന്‍ പ്രഖ്യാപിക്കും: ടി.പി. ശ്രീനിവാസന്‍
Saturday, February 2, 2013 11:17 PM IST
ചങ്ങനാശേരി: സംസ്ഥാനത്ത് പുതിയ വിദ്യാഭ്യാസ നയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. ടി.പി. ശ്രീനിവാസന്‍. ചങ്ങനാശേരി എസ്ബി കോളജില്‍ നടന്ന സെന്റ് ബര്‍ക്ക്മാന്‍സ് അവാര്‍ഡ്ദാന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ വിദ്യാഭ്യാസം ലോകനിലവാരത്തിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ ആലോചിക്കുന്നത്. ഭാവിയെ കരുപ്പിടിപ്പിക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ അധ്യാപകരിലും വിദ്യാര്‍ഥികളിലും ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും ഇതിനുള്ള പ്രായോഗിക റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചതായും ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. മാറ്റങ്ങള്‍ ഉണ്ടാകുമ്പോള്‍ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ഭാഗത്തുനിന്നും എതിര്‍പ്പുകള്‍ സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.

കോളജുകളുടെ സ്വതന്ത്ര ഭരണചുമതല, അടിസ്ഥാന സൌകര്യം, ശാസ്ത്ര സാങ്കേതിക വളര്‍ച്ച, വിദ്യാഭ്യാസ ഗുണനിലവാരം എന്നിവ സംബന്ധിച്ച കാര്യങ്ങളാണ് ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ പഠനവിഷയമാക്കുന്നത്. ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ സമര്‍പ്പിച്ച കോളജുകളിലെ സെമസ്റര്‍ സംവിധാനം എന്ന നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഇത് നടപ്പാക്കുന്നതിനുള്ള സഹകരണം ഇനി വൈസ് ചാന്‍സിലര്‍മാരില്‍ നിന്നാണുണ്ടാകേണ്ടത്. അധ്യാപകരെപ്പോലെ തന്നെ അനധ്യാപകരും കലാലയ നടത്തിപ്പിനുള്ള പ്രധാന ഘടകമാണ്. അനധ്യാപകരുടെ നോണ്‍ ടീച്ചിംഗ് സ്റ്റാഫ് എന്നുള്ള പേര് അഡ്മിനിസ്ട്രേറ്റീവ് സ്റാഫ് എന്നാക്കി മാറ്റും. ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.


സ്വയംഭരണാവകാശം അര്‍ഹിക്കുന്ന കലാലയങ്ങള്‍ക്ക് സ്വയംഭരണ പദവി നല്‍കുന്ന കാര്യവും വിദ്യാഭ്യാസ നയത്തില്‍ ഉള്‍പ്പെടുത്തി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മികച്ച കലാലയമെന്ന നിലയില്‍ എസ്ബി കോളജിന് സ്വയംഭരണ പദവി ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ഉന്നത വിദ്യാഭ്യാസ കൌണ്‍സില്‍ വൈസ് ചെയര്‍മാന്‍ വ്യക്തമാക്കി.

വിദ്യാര്‍ഥികള്‍ക്ക് വേണ്ടത്ര ശ്രദ്ധ നല്‍കാന്‍ കേരളത്തിലെ അധ്യാപകര്‍ക്ക് സാധിക്കുന്നില്ലെന്ന അഭിപ്രായമുണ്ട്. പഠിക്കുന്ന അധ്യാപകര്‍ക്ക് മാത്രമേ വിദ്യാര്‍ഥികളെ നന്നായി പഠിപ്പിക്കാന്‍ കഴിയുകയുള്ളു. അധ്യാപകര്‍ക്ക് മികച്ച പരിശീലനം നല്‍കുന്നതിനായി സര്‍വകലാശാലക്ക് തുല്യമായ സ്റേറ്റ് ഫാക്കല്‍റ്റി പരിശീലന കേന്ദ്രം സ്ഥാപിക്കണമെന്നും വിദ്യാഭ്യാസ കൌണ്‍സില്‍ സര്‍ക്കാരിന് ശിപാര്‍ശ നല്‍കിയിട്ടുണ്ട്. കഴിവും മികവുമുള്ള അധ്യാപകരെ കണ്െടത്തുന്നതിനു വേണ്ടിയാണ് ഇത്തരം പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഈ സ്ഥാപനത്തില്‍ നിന്നും പരിശീലനം നേടിയ അധ്യാപകര്‍ക്ക് മാത്രമേ കലാലയങ്ങളില്‍ പഠിപ്പിക്കാനാകുകയുള്ളുവെന്നും ശ്രീനിവാസന്‍ ചൂണ്ടിക്കാട്ടി. പരിശീലനത്തില്‍ മികവ് തെളിയിക്കുന്ന അധ്യാപകര്‍ക്ക് വിദേശത്ത് ഗവേഷണത്തിനുള്‍പ്പെടെ വേണ്ടുന്ന പ്രോത്സാഹനങ്ങള്‍ നല്‍കുന്ന കാര്യം ശിപാര്‍ശയിലുണ്െടന്നും ടി.പി. ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.