ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയ്ക്കു തുടക്കം
കോട്ടയം: ദര്‍ശന അന്താരാഷ്ട്ര പുസ്തകമേളയ്ക്കു തിരുനക്കര മൈതാനമത്തു തുടക്കമായി. കേന്ദ്രമന്ത്രി കെ.വി. തോമസ് പുസ്തകമേള ഉദ്ഘാടനം ചെയ്തു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാനും സംഘാടക സമിതി അധ്യക്ഷനുമായ എം.പി. സന്തോഷ്കുമാര്‍ ആമുഖ പ്രഭാഷണം നടത്തി. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണവും സിഎംഐ സെന്റ് ജോസഫ്സ് പ്രോവിന്‍സ് പ്രൊവിന്‍ഷ്യാള്‍ ഫാ. ജോസുകുട്ടി പടിഞ്ഞാറേപീടിക സിഎംഐ അനുഗ്രഹപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ മിനി ആന്റണി ഡയറക്ടറിയുടെയും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ അംഗം ഡോ. സിറിയക് തോമസ് ദര്‍ശനവാണിയുടെയും പ്രകാശനം നിര്‍വഹിച്ചു.

യോഗത്തില്‍ കേന്ദ്രമന്ത്രി കെ.വി. തോമസ് രചിച്ച ഫോര്‍ ദ ഗ്രെയിന്‍സ് എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ. സിറിയക് തോമസ് നിര്‍വഹിച്ചു. ദര്‍ശന സാംസ്കാരിക കേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് പുതുശേരി സിഎംഐ, തേക്കിന്‍കാട് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്നു ദര്‍ശന കലാസന്ധ്യയും നടന്നു. 10വരെ നീണ്ടുനില്കുന്ന പുസ്തകമേളയില്‍ ഇരുനൂറിലേറെ പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം എട്ടുവരെയാണു പ്രദര്‍ശനം.


പുസ്തകമേളയുടെ രണ്ടാം ദിനമായ ഇന്നു രാവിലെ കാര്‍ട്ടൂണിസ്റ്റ് രാജുനായരുടെ തെരഞ്ഞെടുക്കപ്പെട്ട കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം നടക്കും. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ മത്സരങ്ങള്‍ നടക്കും. വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി കെ.എം.മാണി ഉദ്ഘാടനം ചെയ്യും. എംജി യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. എ.വി. ജോര്‍ജ് അധ്യക്ഷത വഹിക്കും. പുസ്തകമേളയോടനുബന്ധിച്ചു നടക്കുന്ന പുസ്തകവായനാ പരിപാടിക്കും ഇന്നു തുടക്കമാകും.