നീര്‍ത്തടസംരക്ഷണം പ്രഖ്യാപനത്തിലൊതുങ്ങി
പത്തനംതിട്ട: സംസ്ഥാനം അതിരൂക്ഷമായ വരള്‍ച്ചയെ നേരിടുമ്പോഴും നീര്‍ത്തടസംരക്ഷണത്തിനു പ്രഖ്യാപിക്കപ്പെട്ട പദ്ധതികള്‍ പലതും പാഴാക്കി. കേരളത്തിന്റെ പ്രധാന ജലസ്രോതസുകളായ നദികള്‍ വറ്റിവരണ്ടിരിക്കുകയാണ്. നദീ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു പദ്ധതികളേറെയുണ്ടായെങ്കിലും ഇവ ഏറ്റെടുക്കുന്നതിനോ അനുവദിച്ച പദ്ധതികള്‍ പ്രയോജനപ്പെടുത്തുന്നതിനോ കഴിയാത്ത അവസ്ഥയിലാണ് കേരളം.

പമ്പാനദിയെ മാലിന്യമുക്തമാക്കാനും സംരക്ഷിക്കാനുമായി കേന്ദ്രസര്‍ക്കാര്‍ 2003ല്‍ പ്രഖ്യാപിച്ച പമ്പ ആക്ഷന്‍ പ്ളാന്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടു. പദ്ധതിക്കായി അനുവദിച്ച കേന്ദ്രവിഹിതംപോലും യഥാസമയം ഏറ്റെടുക്കാനും പ്രയോജനപ്പെടുത്താനും കഴിഞ്ഞില്ല. 320 കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കിയിരുന്നത്. ഇതില്‍ 70 ശതമാനവും കേന്ദ്രവിഹിതമായി നല്കാമെന്നേറ്റിരുന്നു. ആദ്യഘട്ടത്തിലെ 18 കോടി രൂപയുടെ പദ്ധതിക്കു 12 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ടു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നല്കിയ ആദ്യഗഡുവിന്റെ കണക്കുകള്‍ പോലും നല്കാന്‍ കഴിയാത്തതു മൂലം പദ്ധതി അട്ടിമറിക്കപ്പെട്ടു.

ഏഷ്യയിലെ ഏറ്റവും വലിയ തണ്ണീര്‍ത്തടമായ വേമ്പനാട്ടുകായലിനെ സംരക്ഷിക്കുന്നതിനു സഹായകരമായ കേന്ദ്ര പദ്ധതികളും അട്ടിമറിക്കപ്പെട്ടു. റാംസര്‍ സൈറ്റില്‍ ഉള്‍പ്പെടുത്തപ്പെട്ട വേമ്പനാട്ടു കായലിനെ ദേശീയ കായല്‍ സംരക്ഷണ പദ്ധതിയിലുള്‍പ്പെടുത്താന്‍ 2003ലും ദേശീയ നീര്‍ത്തടസംരക്ഷണ പദ്ധതിയിലുള്‍പ്പെടുത്താന്‍ 2009ലും കേന്ദ്രപരിസ്ഥിതി മന്ത്രാലയം അനുവാദം നല്കിയിരുന്നെങ്കിലും ആവശ്യമായ വിശദാംശ രേഖകള്‍ നല്കാന്‍ സംസ്ഥാനത്തിനു കഴിഞ്ഞില്ല.


പമ്പ, അച്ചന്‍കോവില്‍, മണിമലയാര്‍ നദികള്‍ കൈത്തോടുകളായി മാറിക്കൊണ്ടിരിക്കുന്നു. നിരവധി ജലവൈദ്യുത പദ്ധതികള്‍, ജലവിതരണ - ജലസേചന പദ്ധതികള്‍ എന്നിവ ഈ നദിയുടെ ഭാഗമായുള്ളതാണ്. വേനലിന്റെ രൂക്ഷതയില്‍ ഇവയെല്ലാം പ്രവര്‍ത്തനരഹിതമായിക്കൊണ്ടിരിക്കുകയാണ്. ഇതേ നദിയുടെ കൈവഴികള്‍ പലതും ഇല്ലാതായി. നദികളിലേക്കുള്ള ജലസ്രോതസുകളാണ് ഇതോടെ നഷ്ടമായത്. വരട്ടാര്‍, ഉത്രപ്പള്ളിയാര്‍, കുട്ടംപേരൂര്‍ ആറ് എന്നിവ ഇല്ലാതായതു കുട്ടനാട് മേഖലയെയാണ് തളര്‍ച്ചയിലേക്കു നയിച്ചത്. അപ്പര്‍കുട്ടനാട്ടിലെ തണ്ണീര്‍ത്തടങ്ങള്‍ കണ്ണീര്‍ത്തടങ്ങളായി മാറി. അരീതോട്, കോലയാര്‍, മണ്ണിപ്പുഴതോട്, വേങ്ങയില്‍തോട്, ചന്തത്തോട് തുടങ്ങിയ ജലസ്രോതസുകള്‍ മാലിന്യവാഹിനികളായി അസ്തമിക്കുന്നു.

2008ല്‍ കേരള നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ ആക്ട് ഉണ്ടായതോടെ ജലസ്രോതസുകളായ നീര്‍ത്തടങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിനു നിയമവ്യവസ്ഥയുണ്ട്. എന്നാല്‍ ഇതെല്ലാം നശിപ്പിക്കാനുള്ള വ്യഗ്രത വര്‍ധിക്കുകയാണെന്ന് പമ്പാ പരിരക്ഷണസമിതി ജനറല്‍ സെക്രട്ടറി എന്‍.കെ.സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ ദുരവസ്ഥ മനസിലാക്കിയിട്ടും നീര്‍ത്തടങ്ങള്‍ മണ്ണിട്ടു മൂടാനും നദികളില്‍ നിന്നും കായല്‍തീരങ്ങളില്‍ നിന്നും മണലൂറ്റാനുമുള്ള താത്പര്യം കുറഞ്ഞിട്ടില്ല. സംസ്ഥാനം രൂക്ഷമായ വരള്‍ച്ചയെ നേരിടുന്ന കാലഘട്ടത്തിലെങ്കിലും നീര്‍ത്തട സംരക്ഷണത്തെക്കുറിച്ച് ശക്തമായ ബോധവത്കരണം നടത്തണമെന്നു പമ്പാ പരിരക്ഷണസമിതി നിര്‍ദേശിച്ചു.