ഡല്‍ഹിയില്‍ മൂടല്‍മഞ്ഞ്; കൊച്ചിയിലെ വിമാനസര്‍വീസുകള്‍ താളം തെറ്റി
നെടുമ്പാശേരി: ഡല്‍ഹിയിലെ കനത്ത മൂടല്‍മഞ്ഞുമൂലം കൊച്ചിയിലെ വിമാനസര്‍വീസുകള്‍ക്ക് താളം തെറ്റി. ഡല്‍ഹിയില്‍നിന്നു വിവിധ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ഫ്ളൈറ്റുകള്‍ക്ക് കണക്ഷനുള്ള വിമാനങ്ങളാണ് വൈകിയത്. ഇതുമൂലം കൊച്ചിയില്‍നിന്നു വിവിധ സ്ഥലങ്ങളിലേക്ക് പോകാന്‍ വന്ന സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് യാത്രക്കാര്‍ വിമാനത്താവളത്തിലിരുന്ന് കഷ്ടപ്പെടേണ്ടിവന്നു. വൈകുന്നേരം ഏഴു വരെ വിമാനത്താവളത്തില്‍ വലിയ തിരക്കായിരുന്നു. ഇരിപ്പിടം തികയാതിരുന്നതുകൊണ്ട് അറൈവല്‍ ഭാഗത്തിട്ടിരുന്ന കസേരകളെല്ലാം ഡിപ്പാര്‍ച്ചര്‍ ഭാഗത്ത് കൊണ്ടുവന്നിട്ടു.

കൊച്ചിയില്‍നിന്നുള്ള എട്ട് ആഭ്യന്തര ഫ്ളൈറ്റുകള്‍ വൈകി. ഉച്ചയ്ക്ക് 12.35ന് ഇവിടെനിന്നു ഹൈദരാബാദിന് പുറപ്പെടുന്ന സ്പൈസ് ജറ്റിന്റെ എസ്ജി 108-ാം നമ്പര്‍ ഫ്ളൈറ്റ് വൈകുന്നേരം 4.45നാണ് പുറപ്പെട്ടത്. ഉച്ചകഴിഞ്ഞ് 1.15ന് ഹൈദരാബാദിന് പോകേണ്ട ഇന്‍ഡിഗോയുടെ 6ഇ - 314-ാം നമ്പര്‍ ഫ്ളൈറ്റ് വൈകുന്നേരം നാലിനാണ് പുറപ്പെട്ടത്. ഉച്ചകഴിഞ്ഞ് 2.10ന് ഹൈദരാബാദിന് പോകേണ്ട ജറ്റ് എയര്‍വെയ്സിന്റെ 9ഡബ്ള്യു-828-ാം നമ്പര്‍ ഫ്ളൈറ്റ് വൈകുന്നേരം 5.30നാണ് പോയത്.


ഉച്ചകഴിഞ്ഞ് രണ്ടിന് പൂനയ്ക്ക് പോകേണ്ട സ്പൈസ് ജെറ്റിന്റെ എസ്ജി 214-ാം നമ്പര്‍ ഫ്ളൈറ്റ് വൈകുന്നേരം 5.15നാണ് പുറപ്പെട്ടത്. ഉച്ചകഴിഞ്ഞ് 3.30ന് ബാംഗളൂറിനു പോകേണ്ട ഇന്‍ഡിഗോയുടെ 6ഇ 406-ാം നമ്പര്‍ ഫ്ളൈറ്റ് 5.40നാണ് പുറപ്പെട്ടത്.

വൈകുന്നേരം 4.05ന് മുംബൈയ്ക്ക് പോകേണ്ട ഇന്‍ഡിഗോയുടെ 6ഇ - 138-ാം നമ്പര്‍ ഫ്ളൈറ്റ് 7.30നാണ് പുറപ്പെട്ടത്. മറ്റ് ആറു ഫ്ളൈറ്റുകള്‍ 30 മിനിറ്റു മുതല്‍ ഒരു മണിക്കൂര്‍വരെ വൈകി. ഷാര്‍ജയിലെ പ്രതികൂല കാലാവസ്ഥമൂലം അവിടെനിന്നു വൈകുന്നേരം ആറിന് കൊച്ചിയില്‍ വരേണ്ട എയര്‍ ഇന്ത്യയുടെ എഐ 934-ാം നമ്പര്‍ ഫ്ളൈറ്റ് രാത്രി 12നാണ് എത്തിയത്.