പിറവം: പ്രമുഖ സോപാന സംഗീതജ്ഞനും ക്ഷേത്രകലാ പ്രചാരകനുമായ തൃക്കാമ്പുറം കൃഷ്ണന്‍കുട്ടി മാരാര്‍ (77) നിര്യാതനായി. ദേഹാസ്വാസ്ഥ്യം മൂലം കഴിഞ്ഞ ദിവസം ചോറ്റാനിക്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ച മാരാര്‍ ഇന്നലെ രാവിലെ എട്ടരയോടെയാണ് മരിച്ചത്. സംസ്കാരം ഇന്നലെ വൈകുന്നേരം രാമമംഗലത്തെ വീട്ടുവളപ്പില്‍ നടത്തി.
പ്രാചീന വാദ്യോപകരണമായ കുടുക്കവീണയെ സംഗീത ലോകത്ത് പരിചയപ്പെടുത്തുകയും പഞ്ചവാദ്യത്തിന്റെ മാതൃവാദ്യമായ പരിഷവാദ്യം പുതുതലമുറയെ പഠിപ്പിക്കുകയും ചെയ്ത കൃഷ്ണന്‍കുട്ടി മാരാര്‍ രാമപുരം കിഴുതിരി തുരുത്തിയില്ലത്ത് രാമന് നമ്പൂതിരിയുടെയും രാമമംഗലം തൃക്കാമ്പുറത്ത് മാരാത്ത് ലക്ഷ്മിയമ്മയുടെയും മകനാണ്. പൊരുന്നില ഗോവിന്ദമാരാരുടെയും പിന്നീട് വടക്കേടത്ത് അപ്പുമാരാരുടെയും ശിക്ഷണത്തില്‍ ഗുരുകുല സമ്പ്രദായത്തില്‍ വാദ്യകലാഭ്യാസനം ആരംഭിച്ചു. പതിനാലാം വയസില്‍ രാമമംഗലം പെരുംതൃക്കോവില്‍ ക്ഷേത്രത്തില്‍ സോപാന സംഗീതത്തിലും പഞ്ചവാദ്യത്തിലും തായമ്പകയിലും അരങ്ങേറ്റം നടത്തി.
ത്യാഗരാജ സംഗീതോത്സവം, സ്വാതി തിരുനാള്‍ സംഗീതോത്സവം, ചെമ്പൈ സംഗീതോത്സവം തുടങ്ങിയ വേദികളില്‍ കേരളത്തിന്റെ തനതു സംഗീതോപകരണമായ കുടുക്കവീണ അവതരിപ്പിച്ച് ആസ്വാദകരുടെ പ്രശംസയ്ക്ക് അര്‍ഹനായി. തൃശൂര്‍ പൂരം, നെന്മാറ വേല, ഉത്രാളിക്കാവ് പൂരം, വരവൂര്‍ പാലയ്ക്കല്‍ പയ്യൂര്‍ക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ സ്ഥിരമായി പങ്കാളിയായും പ്രമാണിസ്ഥാനം വഹിച്ചും വാദ്യകലാ ഉപാസനയില്‍ നിറസാന്നിധ്യമായിരുന്നു.
നിരവധി പുരസ്കാരങ്ങളും തൃക്കാമ്പുറത്തിനെ തേടിയെത്തി. പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്കാരം, ക്ഷേത്ര വാദ്യകല ആസ്വാദക സമിതിയുടെ വീരശൃംഖല, കേന്ദ്ര മാനവശേഷി വകുപ്പിന്റെ സീനിയര്‍ ഫെല്ലോഷിപ്, ബോംബെ കേളി സംഘടനയുടെ കീര്ത്തിശംഖ്, പുറത്തുവീട്ടില്‍ നാണുമാരാര്‍ സ്മാരക ഗുരുസ്മൃതി പുരസ്കാരം, വെങ്കിച്ചന് സ്മാരക സ്വര്‍ണ മുദ്ര, രാമമംഗലം പെരുംതൃക്കോവില്‍ ക്ഷേത്രത്തിലെ സ്വര്‍ണ മുദ്ര, ചോറ്റാനിക്കര നാരായണ മാരാര്‍ സ്മാരക ട്രസ്റിന്റെ വാദ്യകലാ ചക്രവര്‍ത്തി പുരസ്കാരം, വൈക്കം ക്ഷേത്രകലാപീഠത്തിന്റെ രജത ജൂബിലി കീര്‍ത്തിമുദ്ര, അഖില കേരള മാരാര്‍ ക്ഷേമസഭയുടെ വാദിത്ര രത്ന പുരസ്കാരം, വോളോര്‍വട്ടം മഹാദേവ ക്ഷേത്രത്തില്‍ നിന്നു സ്വര്‍ണ മുദ്ര, കഴിഞ്ഞ വര്‍ഷത്തെ ഷട്കാല ഗോവിന്ദമാരാര്‍ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.
രാമമംഗലം ഹൈസ്കൂളില്‍ 1964 മുതല്‍ 95 വരെ ജീവനക്കാരനായിരുന്നു. ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ പാലക്കുഴ പുളിക്കല്‍കുന്നേല്‍ കുടുംബാംഗം. മക്കള്‍: ജയദേവന് (തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ്), ജയലക്ഷ്മി, ജയശ്രീ. മരുമക്കള്‍: ജയശ്രീ, എ.ആര്. ശശിധരമാരാര് ആളോത്തുമറ്റത്തില് പൂവക്കുളം (ബാങ്ക് ഓഫ് ബറോഡ, ആലുവ), അനില്‍ ഓലിക്കല്‍ ഊരമന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.