കൃഷ്ണന്‍കുട്ടി മാരാരുടെ നിര്യാണത്തില്‍ മന്ത്രി കെ.സി. ജോസഫ് അനുശോചിച്ചു
കൊച്ചി: പ്രമുഖ സോപാനസംഗീതജ്ഞനും തിമില വാദ്യകലാകാരനുമായ തൃക്കംപുരം കൃഷ്ണന്‍കുട്ടി മാരാരുടെ നിര്യാണത്തില്‍ സാംസ്കാരികമന്ത്രി കെ.സി. ജോസഫ് അനുശോചിച്ചു. പഞ്ചവാദ്യത്തിലെ കേള്‍വികേട്ട തെക്കന്‍ പാരമ്പര്യത്തിന്റെ കടുത്ത വാദിയായിരുന്നു അദ്ദേഹമെന്ന് മന്ത്രി അനുസ്മരിച്ചു. തിമിലയ്ക്കു പുറമെ കുടുക്കവീണയിലും അദ്ദേഹത്തിന്റെ പാണ്ഡിത്യം അപാരമായിരുന്നു.

ഏറെ വര്‍ഷങ്ങള്‍ നീണ്ട സാധകത്തിലൂടെ സപ്തസ്വരവും ഏറെ കീര്‍ത്തനങ്ങളും കുടുക്കവീണയില്‍ അദ്ദേഹം വായിച്ചിരുന്നു. തദ്ദേശീയമായ സംഗീതത്തിന്റെ നീണ്ടനാളത്തെ പാരമ്പര്യമുള്ള കുടുംബപശ്ചാത്തലമായിരുന്നു തൃക്കംപുരത്തിന്റെ ശക്തി. ചെറുപ്പകാലത്തുതന്നെ സോപാനസംഗീതത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട അദ്ദേഹം ഇടയ്ക്കയുടെ അകമ്പടിയോടെ രാമമംഗലം ക്ഷേത്രത്തില്‍ അഷ്ടപദിയും മറ്റും അവതരിപ്പിച്ചുവെന്നും മന്ത്രി അനുസ്മരിച്ചു.