മുഖപ്രസംഗം: റോഡു വികസനത്തിനു തടസം സംസ്ഥാനം തന്നെയെന്നതു കഷ്ടം
ദേശീയപാതയുടെ അറ്റകുറ്റപ്പണിക്കായി കേരളത്തിനനുവദിച്ച കോടിക്കണക്കിനു രൂപ വികസന അഥോറിറ്റി തിരിച്ചെടുത്തതായി സംസ്ഥാന പൊതുമരാമത്ത് മന്ത്രി കഴിഞ്ഞദിവസം നിയമസഭയില്‍ വെളിപ്പെടുത്തുകയുണ്ടായി. സ്ഥലമേറ്റെടുത്തു നല്കാത്തതിന്റെ പേരില്‍ ദേശീയപാതവികസനത്തിനായി ലഭിച്ച ശതകോടികള്‍ ലാപ്സാകുന്നതു വേറെ. കേരളത്തില്‍ ദേശീയപാതകള്‍ ഉള്‍പ്പെടെയുള്ള റോഡുകള്‍ പലതും തകര്‍ന്നുകിടക്കുമ്പോള്‍ കിട്ടിയ പണം നഷ്ടപ്പെടുത്തുന്നതിന് ആരാണ് ഉത്തരവാദി? നിയമസഭയില്‍ ഇക്കാര്യം അറിയിച്ച മന്ത്രിക്കും സര്‍ക്കാരിനും ഇതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാവുമോ? ഇത്തരമൊരു സാഹചര്യം സംജാതമാകാന്‍ പൊതുപ്രവര്‍ത്തകരുടെയും ജനങ്ങളുടെയും ഭാഗത്തുനിന്നുള്ള ചില നിലപാടുകളും കാരണമാകുന്നില്ലേ? വസ്തുതകള്‍ വിശദമായി പരിശോധിക്കുമ്പോള്‍ ആര്‍ക്കും ഒഴിഞ്ഞുമാറാനാവില്ല.

മണ്ണുത്തി മുതല്‍ വടക്കഞ്ചേരി വരെയുള്ള ദേശീയപാതയുടെ അറ്റകുറ്റപ്പണിക്കായി അനുവദിച്ച അഞ്ചുകോടി രൂപ തിരിച്ചെടുത്ത കാര്യമാണു പൊതുമരാമത്തു മന്ത്രി നിയമസഭയില്‍ ചൂണ്ടിക്കാട്ടിയത്. 2010-11 കാലയളവില്‍ സംസ്ഥാനത്തെ ഏഴു ദേശീയപാതകളുടെ റീ ടാറിംഗിനു ലഭിക്കേണ്ട 749 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നഷ്ടമാക്കിയിരുന്നു. കേന്ദ്ര നിര്‍ദേശപ്രകാരം സമയബന്ധിതമായി റോഡുവികസനം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു കഴിയാതെപോയതാണു കേന്ദ്രസഹായം നഷ്ടമാകാന്‍ കാരണം. അന്നു സംസ്ഥാന സര്‍ക്കാര്‍ ഖജനാവില്‍നിന്നു 330 കോടി രൂപയെടുത്ത് ദേശീയപാതയില്‍ കുറേ റീടാറിംഗ് നടത്തി. പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ജനരോഷം ഭയന്നായിരുന്നു അന്നത്തെ സര്‍ക്കാര്‍ ഇപ്രകാരം ചെയ്തത്.

ഇന്ത്യയിലെ ദേശീയപാതകളുടെ വീതി 60 മീറ്ററാണ്. അതു കേരളത്തില്‍ 30 മീറ്ററാക്കണമെന്നാണു സംസ്ഥാനത്തെ സര്‍വകക്ഷിയോഗം ആദ്യം തീരുമാനിച്ചത്. എന്നാല്‍, നാഷണല്‍ ഹൈവേ അഥോറിറ്റി ഈ തീരുമാനം അംഗീകരിച്ചില്ല. ദേശീയപാതവികസനപദ്ധതികള്‍ കേരളത്തിനു നഷ്ടപ്പെടാതിരിക്കാന്‍ പിന്നീട് 45 മീറ്റര്‍ വീതിയാകാമെന്നു സംസ്ഥാനം സമ്മതിച്ചു. രാജ്യത്ത് മറ്റൊരു സംസ്ഥാനവും ഇത്തരമൊരു തീരുമാനമെടുത്തിട്ടുണ്ടാവില്ല. വാഹനഗതാഗതം ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിലൊന്നാണു കേരളം. ഗതാഗതക്കുരുക്കിനെപ്പറ്റി നാമെല്ലാം പരിതപിക്കാറുണ്െടങ്കിലും അതൊഴിവാക്കാനുള്ള കാര്യം വരുമ്പോള്‍ അഭിപ്രായവ്യത്യാസം ഉയരുകയായി.

റോഡുകള്‍ക്കു വീതി കൂട്ടാതെയും കൂടുതല്‍ ബൈപാസുകള്‍ ഉണ്ടാക്കാതെയും കേരളത്തിനു യാത്ര തുടരാനാവാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. വാഹനപ്പെരുപ്പത്തില്‍ റിക്കാര്‍ഡിലേക്കു കുതിക്കുന്ന കേരളത്തില്‍ ഗതാഗത വികസനസാധ്യത ഏറെയുള്ളതു ദേശീയ പാതകളിലാണ്. ഇതിനായി കേന്ദ്ര സര്‍ക്കാരില്‍നിന്നു വന്‍തോതില്‍ ഫണ്ട് ലഭ്യമാകും എന്നതാണു പ്രധാന കാര്യം. 1980-2010 കാലയളവില്‍ കേരളത്തില്‍ ദേശീയ പാതയുടെ നീളത്തില്‍ 52 ശതമാനം വര്‍ധനയുണ്ടായപ്പോള്‍ ഈ കാലയളവില്‍ വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധന 829 ശതമാനമായിരുന്നു. കേരളത്തിലെ ദേശീയപാതകളിലും സംസ്ഥാന പാതകളിലുമാണ് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ ഓടുന്നത്. എന്നാല്‍ ദേശീയപാതകള്‍ക്കു വേണ്ടത്ര വീതിയില്ലാത്തതും മതിയായ അറ്റകുറ്റപ്പണികള്‍ വേണ്ടസമയത്തു നടത്താത്തതുംമൂലം എത്രയോ അപകടങ്ങളാണുണ്ടാകുന്നത്. രാജ്യത്തെ ഏറ്റവും അപകടസാധ്യതയുള്ള ദേശീയ പാതകള്‍ കേരളത്തിലാണെന്നു കേന്ദ്ര ഗതാഗത മന്ത്രാലയം ഇക്കഴിഞ്ഞ ഡിസംബറില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാന പാതകളിലും ഇതുതന്നെ അവസ്ഥ. 2011ല്‍ സംസ്ഥാനത്തുണ്ടായ വാഹനാപകടങ്ങളില്‍ 4,145 പേരാണു കൊല്ലപ്പെട്ടത്. ഇതില്‍ ദേശീയ പാതകളിലുണ്ടായ അപകടത്തില്‍ മരിച്ചവര്‍ 1,432 ആണ്. സംസ്ഥാനത്തുകൂടി കടന്നുപോകുന്ന ദേശീയപാതകളിലെ ചില പ്രദേശങ്ങള്‍ തുടര്‍ച്ചയായി അപകടമേഖലകളായി മാറുന്നു.


ദേശീയപാതയ്ക്കു സ്ഥലമെടുത്തുകൊടുക്കാത്തതു ഫണ്ട് പിന്‍വലിക്കാന്‍ കാരണമാകുമ്പോള്‍, കേരളത്തിലെ ദേശീയപാതകളുടെ വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെ വിപണിവില സംസ്ഥാന സര്‍ക്കാരിനു നിശ്ചയിക്കാമെന്നു കേന്ദ്രസര്‍ക്കാര്‍തന്നെ വ്യക്തമാക്കിയിട്ടുള്ള കാര്യം വിസ്മരിക്കരുത്. ഇപ്രകാരം ഏറ്റെടുക്കുന്ന സ്ഥലത്തിന്റെയും കെട്ടിടങ്ങളുടെയുമടക്കം മുഴുവന്‍ നഷ്ടപരിഹാരവും കേന്ദ്രം നല്കുകയും ചെയ്യും. ഇതൊക്കെയായിട്ടും റോഡുവികസനം വഴിമുട്ടുന്നതിന് ആരാണ് ഉത്തരവാദി?

റോഡുവികസനത്തിനു ജനങ്ങളുടെയും പൊതുപ്രവര്‍ത്തകരുടെയും ഭാഗത്തുനിന്നുള്ള സഹകരണവും പ്രധാനമാണ്. സ്വന്തം സ്ഥലം ഏറ്റെടുക്കുന്നതില്‍ മാത്രമേ മലയാളിക്കു പ്രശ്നമുള്ളൂ. അയല്‍ക്കാരന്റെ സ്ഥലം ഏറ്റെടുക്കുന്നതില്‍ യാതൊരു വിഷമവുമില്ല. മാത്രമല്ല, അങ്ങനെ അയല്‍ക്കാരന്റെ സ്ഥലം ഏറ്റെടുത്തു സ്വന്തം സൌകര്യം വര്‍ധിക്കുന്നതില്‍ നമുക്കു വലിയ സന്തോഷവുമാണ്. പക്ഷേ, മലയാളികളെല്ലാം ഇങ്ങനെ വിചാരിക്കാന്‍ തുടങ്ങിയാല്‍ എന്തു ചെയ്യും?

റോഡുവികസനത്തില്‍ ദേശീയ നയങ്ങള്‍ക്കനുസൃതമായി സംസ്ഥാനങ്ങള്‍ക്കും പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്നാല്‍, ദേശീയ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വന്ന വീഴ്ച ദേശീയപാതവികസനത്തെ കുറേക്കാലം സ്തംഭനത്തിലാക്കി. വീതിയുടെ പ്രശ്നംതന്നെ അടുത്തകാലത്താണു യോജിപ്പിലെത്തിയത്. ടോള്‍ അടിസ്ഥാനത്തില്‍ ദേശീയപാത വികസനത്തിനുള്ള നയം നടപ്പിലായത് 2006ലാണ്. ഇതേച്ചൊല്ലിയും കേരളത്തില്‍ പല അഭിപ്രായവ്യത്യാസങ്ങളുമുണ്ടായി.

ദേശീയപാതകളുടെ വികസനം സംസ്ഥാനത്തെ പൊതുഗതാഗതത്തില്‍ വലിയ മാറ്റമുണ്ടാക്കും. അതിനുള്ള തടസങ്ങള്‍ ഫലപ്രദമായി മറികടന്നില്ലെങ്കില്‍ കേരളം വീണ്ടും ഗുരുതരമായ ഗതാഗതക്കുരുക്കിലേക്കു വീഴും, പാതകള്‍ ചോരച്ചാലുകളായും മാറും. ഈ സാഹചര്യം ഒഴിവാക്കിയേ തീരൂ. റോഡ് വികസനത്തിനു സ്ഥലം എടുക്കന്‍ ഗവണ്‍മെന്റിനു സാധിക്കാത്തതിലെ രാഷ്ട്രീയം രസകരമാണ്. ഒരു വോട്ടു നഷ്ടമാകുമെന്നുണ്െടങ്കില്‍ ഒരു സ്ഥലവും ഏറ്റെടുക്കുകയില്ലെന്നാണ് രാഷ്ട്രീയക്കാരുടെ അലിഖിതനയം. പിന്നെങ്ങനെ റോഡു വികസിക്കും.