മംഗലംഡാം മലയോര മേഖലകളില്‍ മാവോയിസ്റുകള്‍ക്കായി തെരച്ചില്‍
Friday, February 15, 2013 11:22 PM IST
മംഗലംഡാം: ആക്രമണഭീഷണിയെതുടര്‍ന്ന് മാവോയിസ്റുകള്‍ക്കായി മംഗലം ഡാം മലയോരമേഖലയില്‍ തെരച്ചില്‍ ഊര്‍ജിതമാക്കി. വനംവകുപ്പ് തനിച്ചും പോലീസുമായുമായാണ് മംഗലംഡാമിന്റെ ഉള്‍ക്കാടുകളില്‍ തെരച്ചില്‍ നടത്തുന്നത്. വനംവകുപ്പിന്റെ ഇടവിട്ടുള്ള തെരച്ചിലിനുപുറമേ ഇന്നോ നാളെയോ പോലീസും ചേര്‍ന്നു തെരച്ചില്‍ ശക്തമാക്കുമെന്നു മംഗലം ഡാം ഡെപ്യൂട്ടി റേഞ്ച് ഓഫീസറുടെ ചുമതലയുള്ള ജോയ്കുമാര്‍ പറഞ്ഞു.

മംഗലം ഡാമില്‍നിന്നും ഇരുപതു കിലോമീറ്റര്‍ അകലെ കുഞ്ചിയാര്‍പതി വഴി കയറി അയ്യപ്പന്‍പാടി, പപ്പടപാറ കാടുകളിലൂടെ യാത്രചെയ്ത് തൃശൂര്‍ വെള്ളിക്കുളങ്ങര വനാതിര്‍ത്തിയിലെത്തും. ഒരുദിവസംകൊണ്ട് തെരച്ചില്‍ പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ അയ്യപ്പന്‍പാടിയില്‍ മാത്രമാക്കി തെരച്ചില്‍ നടത്തും.

ഉള്‍ക്കാടുകളില്‍ ജലലഭ്യതയും വിശ്രമിക്കാന്‍ പാറകളുമുള്ള പ്രദേശമാണ് മാവോയിസ്റുകളും മറ്റു തീവ്രവാദിസംഘങ്ങളും ക്യാമ്പ് ചെയ്യാന്‍ തെരഞ്ഞെടുക്കുക. ഇതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ അരിച്ചുപെറുക്കി തെരച്ചിലുണ്ടാകും. ഒറ്റപ്പെട്ട കേന്ദ്രങ്ങളിലെ അപരിചിതരും പുതിയ താമസക്കാരും അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള തൊഴിലാളികളും പോലീസിന്റെ നിരീക്ഷണത്തിലാണ്.


വനത്തില്‍ അപരിചിതരെയോ സംശയം തോന്നുന്നവരെയോ കണ്ടാല്‍ ഉടനേ വിവരം ലഭിക്കുന്നതിനു പോലീസും വനംവകുപ്പും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാവോയിസ്റുകളുടെയും മറ്റു തീവ്രവാദിസംഘടനകളുടെയും നുഴഞ്ഞുകയറ്റം വര്‍ധിക്കാനിടയുണ്െടന്ന റിപ്പോര്‍ട്ടുകളെതുടര്‍ന്ന് മലയോര മേഖല അതീവജാഗ്രത പ്രദേശമായാണ് കണക്കാക്കുന്നത്.

ഇടയ്ക്കിടെ നിബിഡവനങ്ങളിലും വനാതിര്‍ത്തികളിലും പരിശോധന നടത്താന്‍ ജീവനക്കാര്‍ക്ക് നേരത്തെതന്നെ നിര്‍ദേശം നല്കിയിട്ടുണ്െടന്നു നെന്മാറ ഡിഎഫ്ഒ രാജു ഫ്രാന്‍സീസ് പറഞ്ഞു. മാവോയിസ്റ് ഭീഷണിയെതുടര്‍ന്ന് വനമേഖലയോടു ചേര്‍ന്നു പോലീസ് സ്റേഷനുകളിലും പ്രത്യേക ജാഗ്രതാ നിര്‍ദേശമുണ്െടന്നു മംഗലം ഡാം എസ്ഐ എം.വി.വിജയന്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.