ഇര്‍ഫാനു വീടുവയ്ക്കാന്‍ ധനസഹായം
തിരുവനന്തപുരം: കരിക്കകം അപകടത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന ഇര്‍ഫാനു വീടുവയ്ക്കാന്‍ അഞ്ചു ലക്ഷം രൂപ ധനസഹായം നല്‍കി. മലബാര്‍ ഗോള്‍ഡ് നല്‍കിയ തുക മുഖ്യമന്ത്രി ഇര്‍ഫാന്റെ പിതാവ് ഷാജഹാനു കൈമാറി. മലബാര്‍ ഗോള്‍ഡ് കോ-ചെയര്‍മാന്‍ പി.എ. ഇബ്രാഹിം, എം.എ.വാഹിദ് എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തിലാണു മുഖ്യമന്ത്രി തുക കൈമാറിയത്.

ഇര്‍ഫാന്റെ പിറന്നാളായ ഒക്ടോബര്‍ 17നു പുതിയ വീട്ടിലേക്കു താമസം മാറണമെന്നാണ് ആഗ്രഹമെന്നു ഷാജഹാന്‍ പറഞ്ഞു. സര്‍ക്കാരിന്റെ സഹായത്തോടെ വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ കഴിഞ്ഞെത്തിയ ഇര്‍ഫാന്‍ ചുറ്റുപാടുകളോട് ഇപ്പോള്‍ നല്ലരീതിയില്‍ പ്രതികരിക്കുന്നുണ്ട്. സര്‍ക്കാര്‍ നല്‍കിയ പത്തുലക്ഷം രൂപയില്‍ ബാക്കിയുള്ള തുക തുടര്‍ന്നുള്ള ചികിത്സയ്ക്കായി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


പിതാവ് ഷാജഹാനു കളക്ടറുടെ നിര്‍ദേശപ്രകാരം ശിശുക്ഷേമ സമിതിയില്‍ 8,000 രൂപ മാസ ശമ്പളത്തില്‍ ജോലി നല്‍കാന്‍ തീരുമാനമായതായും മുഖ്യമന്ത്രി അറിയിച്ചു. പിഎസ്സി നിയമനം നടക്കുന്ന ഓഫീസ് ആയതിനാല്‍ താത്കാലിക നിയമനമാണു നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.