സത്നാംസിംഗിന്റെ മരണം: സിബിഐ അന്വേഷണം വേണമെന്നു പിതാവ്
സത്നാംസിംഗിന്റെ മരണം: സിബിഐ അന്വേഷണം വേണമെന്നു പിതാവ്
Friday, February 15, 2013 11:24 PM IST
തിരുവനന്തപുരം: എന്റെ മകന്‍ സത്നാം സാധു ആയിരുന്നു. എല്ലാവര്‍ക്കും അവനെക്കുറിച്ചു നല്ലതു മാത്രമേ പറയാനുണ്ടായിരുന്നുള്ളു. പിന്നെന്തിനു നിങ്ങളവനെ കുരുതികൊടുത്തു? പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍വച്ചു കൊല്ലപ്പെട്ട നിലയില്‍ കണ്െടത്തിയ സത്നാം സിംഗിന്റെ പിതാവ് ഹരീന്ദര്‍ കുമാര്‍ സിംഗിന്റെ ഈ ചോദ്യത്തിനു ഉത്തരം നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

സത്നാം സിംഗിന്റെ കൊലപാതകക്കേസ് സിബിഐയ്ക്കു വിടണം എന്നാവശ്യപ്പെട്ടുകൊണ്ടു സത്നാംസിംഗ്-നാരായണന്‍കുട്ടി പ്രതിരോധ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് കേരള മനസാക്ഷിക്കു നേരെ അദ്ദേഹം ഈ ചോദ്യം ഉന്നയിച്ചത്.

കേരളം വളരെ ശാന്തമാണെന്നും നല്ല സ്ഥലമാണെന്നുമാണു സത്നാം തന്നോടുപറഞ്ഞത്. ആ സ്ഥലത്തുവച്ചു അവനിങ്ങനെ സംഭവിച്ചല്ലോ എന്നു പറഞ്ഞപ്പോള്‍ ആ പിതാവിന്റെ ദുഃഖം അണപൊട്ടി ഒഴുകി. ഒടുവില്‍ പണിപ്പെട്ടു വികാരങ്ങളെ നിയന്ത്രിച്ച അദ്ദേഹം മകന്റെ കുടുംബസ്വത്തില്‍ നിന്നു പ്ളസ്ടു കഴിഞ്ഞ രണ്ടു കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കുന്നതായി അറിയിച്ചു. മികച്ച പഠിതാവും ആത്മീയ അന്വേഷകനുമായിരുന്ന മകന്റെ ജ്വലിക്കുന്ന ഒര്‍മയ്ക്കായി...

മാതാ അമൃതാനന്ദമയിയെ ആക്രമിച്ച കേസില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ് ഒന്നിന് അറസ്റു ചെയ്യപ്പെട്ട സത്നാം സിംഗ് മരണസമയംവരെ കേരള സര്‍ക്കാരിന്റെ കസ്റഡിയില്‍ തന്നെയായിരുന്നു. അതുകൊണ്ടു സത്നാം സിംഗിന്റെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നു കേരള സര്‍ക്കാരിന് ഒഴിഞ്ഞുനില്‍ക്കാന്‍ കഴിയില്ല. ഇതുസംബന്ധിച്ചു നീതിപൂര്‍വമായ അന്വേഷണം ഉണ്ടാകേണ്ടതുണ്െടന്നും അദ്ദേഹം പറഞ്ഞു. എന്റെ മകനു മുക്തി ലഭിക്കണം അതിനായി ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരൊക്കെയെന്നു കണ്െടത്തിയെ തീരൂ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ഐജി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തയാറാക്കിയ റിപ്പോര്‍ട്ടില്‍ വിശ്വസിക്കുന്നില്ല. കേരള പോലീസിന്റെ അന്വേഷണം ഒരുതരത്തിലും തൃപ്തികരമല്ല. അതിനാല്‍ കേസിന്റെ അന്വേഷണം സിബിഐയെ ഏല്പിക്കണം. ഈ ആവശ്യം മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും അറിയിച്ചിട്ടുണ്ട്. അവര്‍ ആവശ്യമായ നടപടി സ്വീകരിക്കും എന്നതു പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. പ്രതിപക്ഷ നേതാക്കളും അനുകൂലമായ നിലപാടാണു സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു തരത്തിലും നീതി ലഭിച്ചില്ലെങ്കില്‍ മകന്റെ ഘാതകരെ കണ്ടുപിടിക്കാന്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്രസമ്മേളനത്തില്‍ സത്നാം സിംഗിന്റെ സഹോദരന്‍ കരണ്‍ദീപ് സിംഗ്, പിതൃസഹോദരന്‍ ധനജ്ഞയന്‍ സിംഗ്, സഹപാഠി ലോഗ് ഗിരി ഡിസോ, സാമൂഹിക പ്രവര്‍ത്തക ദയാഭായി, പ്രതിരോധ കമ്മിറ്റി ഭാരവാഹികളായ നിസാമുദീന്‍ അന്‍സാരി, ടി.കെ. വിജയന്‍, യുക്തിവാദി സംഘം സംസ്ഥാന സെക്രട്ടറി രാജഗോപാല്‍ വാകത്താനം തുടങ്ങിയവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.