ദൈവേഷ്ടത്തിനു ചുവടുവച്ചയാള്‍
ദൈവേഷ്ടത്തിനു ചുവടുവച്ചയാള്‍
Friday, February 15, 2013 11:56 PM IST
സിസ്റര്‍ ശാന്തി സിഎംസി (മുന്‍ പ്രിന്‍സിപ്പല്‍, കാര്‍മല്‍ കോളജ് മാള)

ഫാ. കനീസിയൂസ് സിഎംഐയുടെ നാമകരണ നടപടിക്ക് ആരംഭംകുറിക്കാന്‍ സീറോ മലബാര്‍ സഭാ സിനഡ് അനുവാദം നല്‍കിയിരിക്കുകയാണ്. ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഇതിനായി നല്‍കിയ അപേക്ഷ സീറോ മലബാര്‍ സഭയുടെ 21-ാം സിനഡ് അംഗീകരിച്ചു.

ദൈവേഷ്ടം... അതുമാത്രം ... അതു മുഴുവനും... എന്നായിരുന്നു കനീസിയൂസച്ചന്റെ പ്രായോഗിക ജീവിതപ്രമാണം. അതു നിരന്തര അന്വേഷണത്തിന്റെയും കഠിനാധ്വാനത്തിലൂടെയുള്ള നിര്‍വഹണത്തിന്റെയും നീതിശാസ്ത്രമാണ്. ആ നീതിശാസ്ത്രം ജീവിതപ്രമാണമാക്കി വിശുദ്ധ ജീവിതം നയിച്ച ഒരു ആചാര്യനാണു ഫാ. കനീസിയൂസ് സിഎംഐ.

അദ്ദേഹത്തിന്റെ സംഭവബഹുലവും സുകൃതസമ്പന്നവുമായ ജീവിതത്തെ വരച്ചുകാണിക്കുന്ന ഒരു ഹ്രസ്വജീവചരിത്രഗ്രന്ഥത്തിന്റെ പേരുതന്നെ, ജീവിക്കുന്ന വിശുദ്ധന്‍: ഫാ. കനീസിയൂസ് (രചന: ഫാ. ജോസ് ചുങ്കന്‍ സിഎംഐ) എന്നാണ്. സെമിനാരി പ്രഫസറും സന്യാസസഭയുടെ മേല്‍ശ്രേഷ്ഠനും മറ്റുമായി കര്‍മമാര്‍ഗത്തില്‍ സജീവനും സക്രിയനുമായിരുന്നപ്പോള്‍പ്പോലും ആദരവോടെ, അദ്ദേഹമറിയാതെ അദ്ദേഹത്തെ വിളിച്ചിരുന്നതു ജീവിക്കുന്ന വിശുദ്ധന്‍ എന്നായിരുന്നുവെന്നു ഗ്രന്ഥകര്‍ത്താവ് അനുസ്മരിക്കുന്നുണ്ട്. സഭാപിതാക്കന്മാരുടെ സമ്മതത്തോടൊപ്പം റോമില്‍ നിന്നുള്ള അംഗീകാരം കൂടി ലഭ്യമായാല്‍, കാലാന്തരത്തില്‍ അദ്ദേഹം നിത്യംജീവിക്കുന്ന വിശുദ്ധന്‍ എന്നു സ്തുതിക്കപ്പെടും.

ഇരിങ്ങാലക്കുട രൂപതയില്‍ ആനന്ദപുരം ഇടവകയിലെ തെക്കേക്കര പൊതപറമ്പില്‍ കുടുംബാംഗമായ കനീസിയൂസച്ചന്റെ മാതാപിതാക്കള്‍ ലോനപ്പനും മറിയവുമായിരുന്നു. ഔസേപ്പ് എന്നായിരുന്നു ജ്ഞാനസ്നാന നാമം.

സിഎംഐ സഭയില്‍ ചേര്‍ന്ന് 1935ല്‍ ആദ്യ വ്രതാനുഷ്ഠാനം നടത്തി. 1942ല്‍ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു.

ചാലക്കുടിപ്പുഴയുടെ തീരത്തുള്ള പരിയാരത്തെ സിഎസ്ആര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സെന്റര്‍ ഫോര്‍ സ്വിരിച്ച്വല്‍ റിയലൈസേഷന്റെ (സാക്ഷാത്കാര) ആരംഭകാലത്ത് അവിടത്തെ ആത്മീയ പിതാവായിരുന്നു കനീസിയൂസച്ചന്‍. 1980 മുതല്‍ സാക്ഷാത്കാരയുടെ ആത്മീയ ചൈതന്യമായി അദ്ദേഹം അവിടെ ജീവിച്ചു.

അശാന്തമായ മനുഷ്യജീവിതത്തിന് ആശയും അത്താണിയും നല്‍കി ദൈവേഷ്ടം കണ്െടത്തി വിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ ആ എളിയ മനുഷ്യനു കഴിഞ്ഞിരുന്നു. അതിനു പ്രയോഗിച്ച ഒറ്റമൂലി, പ്രാര്‍ഥനയായിരുന്നു. 1981 ജൂണ്‍ 23 മുതല്‍ ഇന്നുവരെയും ദിവസത്തില്‍ അഞ്ചു മണിക്കൂര്‍ ദിവ്യകാരുണ്യ സന്നിധിയില്‍ നമ്മുടെ സഹോദരങ്ങളുടെ പേര്‍ക്കും അവര്‍ക്കുവേണ്ടിയും അവരോടു കൂടിയും ചെലവഴിക്കാന്‍ എനിക്കു സാധിക്കുന്നുണ്ട് എന്ന് അദ്ദേഹം കുറിച്ചുവച്ചത് ആ കര്‍മകാണ്ഡത്തെ സാക്ഷ്യപ്പെടുത്തുന്നു.


സിഎംഐ സഭയുടെ പ്രിയോര്‍ ജനറലായിരുന്നപ്പോഴും (1966-72) തൃശൂര്‍ ദേവമാതാ പ്രവിശ്യയുടെ പ്രൊവിന്‍ഷ്യലായിരുന്നപ്പോഴും (1972-75) മറ്റ് അധികാര പീഠങ്ങളില്‍ അവരോധിതനായിരുന്നപ്പോഴും അദ്ദേഹം സ്വന്തം ജീവിതമാതൃകയിലൂടെ പഠിപ്പിച്ചത് അനുരഞ്ജനത്തിന്റെ പാഠമായിരുന്നു. സാഹോദര്യത്തിന്റെ സംരക്ഷകരാകേണ്ട സഭാശ്രേഷ്ഠന്മാര്‍ മാപ്പു ചോദിക്കുന്നതിലും മാപ്പു നല്‍കുന്നതിലും മറ്റാരേക്കാളും മുന്നിലായിരിക്കണമെന്ന് അദ്ദേഹം വിശ്വസിച്ചു, പഠിപ്പിച്ചു. പകവീട്ടലും കൊമ്പുകുത്തിക്കലും മറ്റും ധീരകൃത്യങ്ങളായി എണ്ണുകയും ക്ഷമിക്കലും പൊറുക്കലും ബലഹീനതയുടെ ലക്ഷണങ്ങളായി പരിഗണിക്കുകയും ചെയ്യുന്ന ഒരു ലോകത്തില്‍ കനീസിയൂസച്ചന്‍ തികച്ചും വ്യത്യസ്തനായിരുന്നു.

വൈജ്ഞാനികലോകം കനീസിയൂസ് അച്ചനെ അവഗാഹമുള്ള ഒരു ബൈബിള്‍ പണ്ഡിതനായാണു കാണുന്നത്. ചെത്തിപ്പുഴയിലെ സിഎംഐ മേജര്‍ സെമിനാരിയില്‍ പ്രഫസറായിരുന്ന കനീസിയൂസച്ചനെ സഭാധികാരികള്‍ റോമിലെ പൊന്തിഫിക്കല്‍ ബിബ്ളിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ ബൈബിളില്‍ ഡോക്ടറേറ്റ് നേടുന്നതിനായി അയച്ചു. 1952 ല്‍ ഗവേഷണം പൂര്‍ത്തിയാക്കി ഡിഎസ്എസ് ബിരുദം നേടിയപ്പോള്‍, ഇന്ത്യയിലെ പ്രഥമ ബൈബിള്‍ ഡോക്ടര്‍ എന്ന ബഹുമതി അദ്ദേഹം സ്വന്തമാക്കുകയായിരുന്നു. വിശുദ്ധഗ്രന്ഥം അദ്ദേഹത്തിനു കേവലമൊരു പഠനവിഷയമായിരുന്നില്ല, ജീവല്‍സര്‍വസ്വവുമായിരുന്നു. ബൈബിളിന്റെ അന്തഃസത്തയുമായി തന്മയീഭവിച്ച അവസ്ഥയിലായിരുന്നു അദ്ദേഹം.

ബാംഗളൂര്‍ ധര്‍മാരം കോളജിലെ വൈദികവിദ്യാര്‍ഥികളുടെ പ്രഫസറും സാക്ഷാത്കാരയിലെ അധ്യേതാക്കളുടെയും അമ്പഴക്കാട് നവസന്യാസഗൃഹത്തിലെ അന്തേവാസികളുടെയും ആത്മീയഗുരുവുമായിരുന്ന അദ്ദേഹം തന്റെ ധന്യജീവിതത്തിലൂടെ അധ്യാപനം തനിക്ക് ആനന്ദമാണെന്നു വ്യക്തമാക്കിയിരുന്നു.

അന്ത്യകാല രോഗപീഡകള്‍ രക്ഷാകരസമ്മാനങ്ങളായി ആ സന്യാസശ്രേഷ്ഠന്‍ സ്വീകരിച്ചു. ഈ ലോകത്തില്‍ എത്ര വേണമെങ്കിലും സഹിക്കാം, അങ്ങേലോകത്തില്‍ സഹിക്കാന്‍ ഇടയാകാതിരുന്നാല്‍ മതിയായിരുന്നു എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രാര്‍ഥന.

ഒരിക്കല്‍ അദ്ദേഹത്തിന്റെ ശാരീരിക വിഷമതകള്‍കണ്ടു മനസലിഞ്ഞ സന്യാസിനികള്‍, ഞങ്ങള്‍ പ്രാര്‍ഥിക്കാം അച്ചോ എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു. അതേ പ്രാര്‍ഥിക്കണം, രോഗം മാറാനല്ല, സഹിക്കാനുള്ള ശക്തി ലഭിക്കാനായിട്ടാണു പ്രാര്‍ഥിക്കേണ്ടത്. യേശുവിന്റെ അസാധാരണമായ സാധാരണത്വവും സമാകര്‍ഷകമായ സംലഭ്യതയും ദൈവഹിതം മാത്രം, അതു മുഴുവന്‍, നിറവേറ്റുന്ന ജീവിതശൈലിയും സ്വന്തമാക്കി ജീവിച്ച ആ സന്യാസവര്യന്‍ 1998 ജനുവരി 29ന് ദൈവസന്നിധിയിലേക്കു വിളിക്കപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.