ത്യാഗവിസ്മയം പ്രകാശനം ഇന്ന്
കോട്ടയം: സ്ഥാനമൊഴിയുന്ന ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയെക്കുറിച്ചു ദീപിക പ്രസിദ്ധീകരിക്കുന്ന സ്പെഷല്‍ പതിപ്പ് 'ത്യാഗവിസ്മയം' ഇന്നു പ്രകാശനം ചെയ്യും. ഇന്നു രാവിലെ ഒന്‍പതിനു ചങ്ങനാശേരി ആര്‍ച്ച്ബിഷപ്സ് ഹൌസില്‍ നടക്കുന്ന ചടങ്ങില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനു കോപ്പി നല്കി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രകാശനം നിര്‍വഹിക്കും.

ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍, പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സി.എഫ്. തോമസ് എംഎല്‍എ, അല്മായ നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.


മാര്‍പാപ്പയുടെ ജീവചരിത്രം, അദ്ദേഹവുമായി അടുപ്പമുള്ളവരുടെ ഓര്‍മകള്‍, ഭരണകാലത്തിന്റെ പ്രത്യേകതകള്‍, അദ്ദേഹത്തിന്റെ ദര്‍ശനവും ദൈവശാസ്ത്രവും, മാര്‍പാപ്പാതെരഞ്ഞെടുപ്പിന്റെ നടപടികള്‍ തുടങ്ങിയ വിഷയങ്ങളെ ആധാരമാക്കി പ്രഗല്ഭ വ്യക്തികള്‍ രചിച്ച നിരവധി ഈടുറ്റ ലേഖനങ്ങള്‍, ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അപൂര്‍വ ചിത്രങ്ങള്‍, ഇതുവരെയുള്ള മുഴുവന്‍ മാര്‍പാപ്പമാരുടെയും ചിത്രങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു അമൂല്യ ആധികാരിക പ്രസിദ്ധീകരണമാണു 'ത്യാഗവിസ്മയം'.
268 പേജുകളില്‍ ഗ്ളേസ്ഡ് പേപ്പറില്‍ അച്ചടിച്ചിരിക്കുന്ന സ്പെഷല്‍ പതിപ്പിന് 200 രൂപയാണു മുഖവില.