സാമൂഹിക ശുചിത്വം സാംസ്കാരത്തിന്റെ ഭാഗമാക്കണം: മുഖ്യമന്ത്രി
സാമൂഹിക ശുചിത്വം സാംസ്കാരത്തിന്റെ ഭാഗമാക്കണം: മുഖ്യമന്ത്രി
Thursday, February 28, 2013 11:22 PM IST
തിരുവനന്തപുരം: സാമൂഹിക ശുചിത്വം സംസ്കാരത്തിന്റെ ഭാഗമാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മഴക്കാല പൂര്‍വ രോഗ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് തൈക്കാട് ഗസ്റ് ഹൌസില്‍ ആരോഗ്യമന്ത്രി വി.എസ് ശിവകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനതല പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.മണ്‍സൂണ്‍കാലത്ത് ഉണ്ടാകുന്ന സാംക്രമികരോഗങ്ങളെ പ്രതിരോധിക്കാന്‍ പ്രത്യേക തയാറെടുപ്പുകള്‍ നടത്തണം.രോഗനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കു സാമ്പത്തികം ഒരു പ്രശ്നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമൂഹ്യ ശുചിത്വം, ഗുണനിലവാരമുള്ള കുടിവെള്ളം എന്നിവ ഉറപ്പു വരുത്തിയാല്‍ മാത്രമേ രോഗങ്ങളെ നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂ. ഇതിനു കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണ്. സാമൂഹ്യ ശുചിത്വം നമ്മുടെ ജീവിത സംസ്കാരമായി വളര്‍ത്തിയെടുക്കണം. രോഗങ്ങള്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ ഇല്ലാതാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിനു ബോധവത്കരണം അനിവാര്യമാണ്. ഇതിനായി ജനപ്രതിനിധികള്‍ക്ക് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനാകും. ജനപ്രതിനിധികള്‍ ജനപങ്കാളിത്തത്തോടെ കര്‍മ പരിപാടികള്‍ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരും കരുതലോടെ പ്രവര്‍ത്തിച്ചാല്‍ അതിന്റെ പ്രയോജനം ലഭിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി വാര്‍ഡ് ഒന്നിന് കഴിഞ്ഞ വര്‍ഷത്തെപ്പോലെ 25,000 രൂപ ഫണ്ട് അനുവദിക്കും. ഇതില്‍ 10,000 രൂപ എന്‍ആര്‍എച്ച്എമ്മും 10,000 രൂപ ശുചിത്വ മിഷനുമാണു നല്‍കുന്നത്. 5,000 രൂപ ഇതിനായി ചെലവഴിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതിയുണ്ട്. കൂടുതല്‍ പണം ആവശ്യമായി വരുന്ന സാഹചര്യമുണ്െടങ്കില്‍ തനതു ഫണ്ടില്‍ നിന്നും കൂടുതല്‍ തുക ചെലവഴിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ അനുമതി നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.


ആരോഗ്യമേഖലയില്‍ മതിയായ ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി വരികയാണെന്നു മുഖ്യമന്ത്രി. കാസര്‍ഗോഡ് ജില്ലയില്‍ മെഡിക്കല്‍ ഓഫീസര്‍മാരെ നിയമിക്കുന്ന നടപടി ഒരു മാസത്തിനകം പൂര്‍ത്തിയാകും. പാരാമെഡിക്കല്‍ രംഗത്തു മതിയായ ജീവനക്കാരില്ലാത്ത സാഹചര്യമുണ്െടങ്കില്‍ അതും ഉടന്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമഗ്ര രോഗപ്രതിരോധ പരിപാടി മികച്ച രീതിയില്‍ നടത്തുന്ന കോര്‍പറേഷനുകള്‍, മുനിസിപ്പാലിറ്റി, ജില്ലാ, വാര്‍ഡ് എന്നിവയ്ക്ക് അവാര്‍ഡു നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി പൊതുജനപങ്കാളിത്തം, നടപ്പാക്കിയ പദ്ധതികളുടെ പ്രാധാന്യം, അതിലൂടെ ജനങ്ങള്‍ക്കുണ്ടായ പ്രയോജനം, ഫണ്ട് വിനിയോഗം എന്നീ കാര്യങ്ങളാണ് പരിഗണിക്കുക. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കുവേണ്ടി ഏപ്രില്‍വരെ ഫണ്ട് വിനിയോഗം നടത്താന്‍ കഴിയുമെന്നു സാമൂഹ്യക്ഷേമ മന്ത്രി ഡോ. എം.കെ മുനീര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.