റെയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചതു പ്രതിഷേധാര്‍ഹം: കെസിവൈഎം
കൊച്ചി: റെയില്‍വെ ബജറ്റില്‍ കേരളത്തെ തീര്‍ത്തും അവഗണിച്ചിരിക്കുകയാണെന്നു കെസിവൈഎം. ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നു പിന്‍മാറിക്കൊണ്ടിരിക്കുന്ന ഒരു സര്‍ക്കാരാണു കേന്ദ്രത്തിലുള്ളതെന്നും കെസിവൈഎം സംസ്ഥാന സെക്രട്ടേറിയേറ്റ് കുറ്റപ്പെടുത്തി.

അവശ്യസാധനങ്ങളുടെ വിലവര്‍ധന മൂലം സാധാരണ ജനങ്ങള്‍ നട്ടംതിരിയുന്ന, വലിയ പ്രതിസന്ധി കണ്ടില്ലെന്നു നടിക്കുന്ന സര്‍ക്കാര്‍ ഭാരതത്തിന്റെ ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ്.

ക്ഷേമരാഷ്ട്രമെന്ന സങ്കല്പത്തിനു വേണ്ടി പ്രവര്‍ത്തിക്കാതെ ഇനിയും മുന്നോട്ടു പോകാനാണ് രാഷ്ട്രീയ നേതൃത്വങ്ങളും സര്‍ക്കാരുകളും ശ്രമിക്കുന്നതെങ്കില്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും കെസിവൈഎം മുന്നറിയിപ്പു നല്‍കി.


സംസ്ഥാന പ്രസിഡന്റ് ഷിജോ മാത്യു അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജോസ് കോട്ടയില്‍, ജനറല്‍ സെക്രട്ടറി റെന്നി രാജ് തേവര്‍തോട്ടത്തില്‍, വൈസ്പ്രസിഡന്റുമാരായ മേരി ജെംസി, ഐ.എം. ആന്റണി, ഭാരവാഹികളായ എല്‍സീന ജോസഫ്, റീന രാജന്‍, ജോമോന്‍ ജോസഫ്, ബിനോജ് അലോഷ്യസ്, ബിജോ പി. ബാബു, അസിസ്റന്റ് ഡയറക്ടര്‍ സിസ്റര്‍ ജിസ്മിത എന്നിവര്‍ പ്രസംഗിച്ചു.