പി. കെ. നാരായണപണിക്കര്‍ ഓര്‍മയായിട്ട് ഒരു വര്‍ഷം
പി. കെ. നാരായണപണിക്കര്‍ ഓര്‍മയായിട്ട് ഒരു വര്‍ഷം
Thursday, February 28, 2013 11:23 PM IST
ചങ്ങനാശേരി: നായര്‍ സര്‍വീസ് സൊസൈറ്റി ട്രഷറര്‍, ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പി.കെ. നാരായണപ്പണിക്കര്‍ ഓര്‍മയായിട്ട് ഒരുവര്‍ഷം. 2012 ഫെബ്രുവരി 29 നാണ് അദ്ദേഹം അന്തരിച്ചത്. നാരായണപ്പണിക്കര്‍ 1977ലാണ് എന്‍എസ്എസിന്റെ ട്രഷററായി സ്ഥാനമേറ്റത്. 1983 മുതല്‍ 28 വര്‍ഷക്കാലം ജനറല്‍ സെക്രട്ടറിയായി 28 ബജറ്റുകള്‍ അവതരിപ്പിച്ച ഖ്യാതി നാരായണപ്പണിക്കര്‍ക്ക് മാത്രം സ്വന്തമാണ്. നായര്‍ സര്‍വീസ് സൊസൈറ്റിയില്‍ സമദൂര സിദ്ധാന്തം ആവിഷ്കരിച്ച് നടപ്പാക്കിയ നേതാവുകൂടിയാണ് പണിക്കര്‍. 2011 ജൂണ്‍ 25ന് പ്രസിഡന്റായിരുന്ന പി.വി. നീലകണ്ഠപിള്ള രാജിവച്ച ഒഴിവില്‍ പണിക്കര്‍ പ്രസിഡന്റായി നിയമിതനായി. 1970ല്‍ നാരായണപ്പണിക്കര്‍ ചങ്ങനാശേരി നഗരസഭയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിരുന്നു.

വാഴപ്പള്ളി പടിഞ്ഞാറ് 1798-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ നാളെ വൈകുന്നേരം അഞ്ചിന് അനുസ്മരണസമ്മേളനം നടക്കും. കരയോഗമന്ദിരത്തില്‍ ചേരുന്ന അനുസ്മരണ സമ്മേളനം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ ഉദ്ഘാടനം ചെയ്യും. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍ അധ്യക്ഷത വഹിക്കും. യൂണിയന്‍ സെക്രട്ടറി എം. എന്‍. രാധാകൃഷ്ണന്‍നായര്‍, എം. ബി. രാജഗോപാല്‍ എന്നിവര്‍ പ്രസംഗിക്കും.


കുട്ടനാട്ടിലെ കര്‍ഷക കുടുംബമായ കണ്ണാടി അമ്പാട്ടു മണട്ടില്‍ എ.എന്‍. വേലുപ്പിള്ളയുടെയും വാഴപ്പള്ളി പിച്ചാമത്തില്‍ ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായാണ് നാരായണപ്പണിക്കര്‍ ജനിച്ചത്. വാഴപ്പള്ളി സെന്റ് തെരേസാസ് എല്‍.പി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. പെരുന്ന എന്‍എസ്എസ് സ്കൂളില്‍ നിന്നും ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1950ല്‍ എസ്ബി കോളജില്‍ നിന്നും ഡിഗ്രി പഠനം പൂര്‍ത്തിയാക്കി. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സെമിനാരി പഠനകാലത്ത് എസ്ബി കോളജില്‍ പണിക്കരുടെ സഹപാഠിയായിരുന്നു. എറണാകുളം ലോകോളജില്‍ നിന്നു ബിഎല്‍ ബിരുദം നേടിയശേഷം നാരായണപ്പണിക്കര്‍ ചങ്ങനാശേരി ബാറില്‍ അഭിഭാഷകനായി പ്രവര്‍ത്തനം ആരംഭിച്ചു. അരനൂറ്റാണ്ട് കാലം പണിക്കര്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു. വാഴപ്പള്ളി പിച്ചാമത്തില്‍ നാരായണപ്പണിക്കര്‍ 1930 ചിങ്ങത്തിലെ ചിത്തിര നക്ഷത്രത്തിലാണ് ജനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.