കൂറുമാറ്റം: പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ അയോഗ്യനാക്കി
Thursday, February 28, 2013 11:30 PM IST
തിരുവനന്തപുരം: കൂറുമാറ്റ നിരോധനനിയമം ലംഘിച്ചതിന് തൃശൂര്‍ ജില്ലയിലെ മുല്ലശേരി ഗ്രാമപഞ്ചായത്തു വൈസ്പ്രസിഡന്റ് കെ.പി. അലിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ. ശശിധരന്‍ നായര്‍ അയോഗ്യനാക്കി. പാര്‍ട്ടി അംഗത്വം രാജിവയ്ക്കുകവഴി അലി, കൂറുമാറ്റനിരോധന നിയമം ലംഘിച്ചതായി കാണിച്ച് സിപിഐ ജില്ലാ സെക്രട്ടറി സി.എന്‍. ജയദേവന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുല്ലശേരി പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍നിന്ന് സിപിഐ ടിക്കറ്റില്‍ ജയിച്ച അലി പഞ്ചായത്ത് വൈസ്പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 2011 ഒക്ടോബറില്‍ പാര്‍ട്ടിയില്‍നിന്ന് രാജിവച്ചതായി കാണിച്ച് സിപിഐ മണലൂര്‍ മണ്ഡലം സെക്രട്ടറിക്ക് അലി കത്തു നല്‍കി. ഇതേത്തുടര്‍ന്നാണ് സിപിഐ ജില്ലാ സെക്രട്ടറി കമ്മീഷനില്‍ ഹര്‍ജി നല്‍കിയത്.


താനുമായുള്ള വ്യക്തിപരമായ പ്രശ്നത്തെത്തുടര്‍ന്ന് മണ്ഡലം സെക്രട്ടറി വ്യാജ രാജിക്കത്ത് തയാറാക്കിയെന്നാണ് അലി കമ്മീഷന്‍ മുമ്പാകെ വാദിച്ചത്. എന്നാല്‍ രാജിക്കത്ത് അദ്ദേഹം സ്വയംതയാറാക്കി നല്‍കിയതാണെന്ന് വിചാരണയില്‍ കമ്മീഷന് ബോധ്യമായി. കൂറുമാറ്റ നിരോധന നിയമത്തിലെ വകുപ്പ് 3(എ) പ്രകാരം ഒരു പാര്‍ട്ടി സ്ഥാനാര്‍ഥിയോ, പിന്തുണയുള്ള സ്ഥാനാര്‍ഥിയോ ആയി വിജയിച്ച അംഗം ആ പാര്‍ട്ടി അംഗത്വം സ്വയം ഒഴിഞ്ഞാല്‍ അയാളുടെ തദ്ദേശസ്ഥാപനത്തിലെ അംഗത്വം നഷ്ടമാകും. ഇതുപ്രകാരം അയോഗ്യനായ അലിയെ ആറു വര്‍ഷത്തേക്ക് തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് കമ്മീഷന്‍ വിലക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.