കാരുണ്യത്തിന്റെയും വിനയത്തിന്റെയും മികവ്
റവ. ഡോ. മാണി പുതിയിടം

1982- ലെ സെപ്റ്റംബര്‍ മാസം. വേദപുസ്തകപഠനത്തിനു ഫ്രഞ്ചുഭാഷാ പഠന സര്‍ട്ടിഫിക്കറ്റ് പ്രഥമ ബിരുദമായ ലൈസന്‍ഷ്യേറ്റിന് അനിവാര്യമായിരുന്നു. റോമിലെ ബിബ്ളിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നു ഫ്രഞ്ചു ഭാഷയ്ക്ക് സ്കോളര്‍ഷിപ്പ് നേടി പാരീസിലെ കാത്തലിക് ഇന്‍സ്റിറ്റ്യൂട്ടിലെത്തി. അന്ന് അവിടെ പഠിച്ചിരുന്ന ഇന്നത്തെ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കൂടെ പാരീസിലെ വിദേശ മിഷന്‍ പ്രവര്‍ത്തകരുടെ ഹൌസില്‍ താമസിച്ച് മൂന്നുമാസം കൊണ്ട് സര്‍ട്ടിഫിക്കറ്റ് നേടി ജര്‍മനിയിലെത്തി.

റോമില്‍ വീണ്ടും ക്ളാസുകള്‍ ആരംഭിക്കാന്‍ ഒരു മാസംകൂടി കഴിയണം. ഈ സമയത്ത് മ്യൂണിക് അതിരൂപതയിലെ ഫ്യൂസ്റെന്‍ഫെല്‍ഡ്ബ്രൂക്കിലെ ഒരു ഇടവകയില്‍ ഒരു മാസത്തെ അജപാലന ശുശ്രൂഷയ്ക്കു നിയമനം സമ്പാദിച്ചു. ഇടവകയില്‍ ചുമതലയേറ്റു മൂന്നാം ദിവസം നാട്ടില്‍ അപ്പനു കലശലായ അസുഖമാണെന്ന് അറിവ് കിട്ടി.

ആകെ പരിഭ്രമമായി. രാത്രിയില്‍ ഉറക്കമില്ല. ചാര്‍ജെടുത്ത ഉടന്‍ എങ്ങനെ ഇടവക വിട്ടുപോകണമെന്നു പറയും? അന്വേഷിച്ചപ്പോള്‍ വത്തിക്കാന്‍ കൌണ്‍സിലിന്റെ പുരോഗമന ദൈവശാസ്ത്രജ്ഞനായ ആര്‍ച്ച്ബിഷപ് റാറ്റ്സിംഗറാണ് മേലധ്യക്ഷന്‍. ഏതായാലും മ്യൂണിക്കിലെ അരമനയിലെത്തി ആര്‍ച്ച്ബിഷപ്പിനെ കാണാമെന്നു കരുതി.

ഭയപ്പാടോടെയാണ് അരമനയുടെ വളപ്പിനുള്ളില്‍ പ്രവേശിച്ചത്. ഉള്ളില്‍ ആകെ പരിഭ്രമം. ജര്‍മന്‍ സായിപ്പിന് ഇംഗ്ളീഷ് വശമില്ലെങ്കില്‍ എന്തുചെയ്യും. എനിക്ക് ജര്‍മന്‍ ഭാഷ അത്ര വശമായിട്ടുമില്ല. നോക്കിയപ്പോള്‍ മുന്നിലുള്ള പൂന്തോട്ടത്തില്‍ തോട്ടക്കാരന്‍ ചെടികള്‍ക്കു വെള്ളമൊഴിക്കുന്നു. അദ്ദേഹത്തോടു പിതാവിന്റെ വിവരങ്ങള്‍ തിരക്കാമെന്നു കരുതി അടുത്തുചെന്നു. ചൌക്കാളവുമിട്ടു ചേളാകം പോലൊരു ഉടുപ്പു ധരിച്ച് അല്പം പ്രായം തോന്നിപ്പിച്ച ഒരു അര വൃദ്ധനാണു തോട്ടക്കാരന്‍.


അടുത്തു ചെന്നയുടന്‍ തോട്ടക്കാരന്‍ തലയുയര്‍ത്തി നോക്കിയൊന്നു പുഞ്ചിരിച്ചു. ആ പുഞ്ചിരി കണ്ടപ്പോഴേ പേടി പകുതി പമ്പ കടന്നു. തിരിച്ച് ഒരു പുഞ്ചിരിയും അങ്ങോട്ടു നല്കി. എന്താണു വന്നത്? എന്താണു പ്രശ്നം? എനിക്ക് ആര്‍ച്ച്ബിഷപ്പിനെ ഒന്നു കാണണം. “അൃരവയശവീുെ, വലൃല ക മാ”. അതു കേട്ടപ്പോഴെ സ്തംഭിച്ചുനിന്നുപോയി. അയ്യോ ഇതു റാറ്റ്സിംഗറായിരുന്നോ? ശ്രദ്ധിച്ച് ഒന്നുകൂടി നോക്കിയപ്പോള്‍ ബിഷപ്പിന്റെ മോതിരം വിരലിലുണ്ട.് ആര്‍ച്ച്ബിഷപ് തന്നെ!

എന്താണു വേണ്ടത്? ഞാന്‍ വല്ലതും ചെയ്യണോ? വീണ്ടും അദ്ദേഹം ആരാഞ്ഞു. അപ്പോഴും ഭയം, ഒരു ഇടവകയില്‍ ചുമതലയേറ്റിട്ടു മൂന്നാം ദിവസം പോകണമെന്ന് എങ്ങനെപറയും? ഇന്ത്യാക്കാരായ അച്ചന്മാരെക്കുറിച്ചു മോശമായ അഭിപ്രായവുണ്ടാവുമോ എന്നൊക്കെ ശങ്കിച്ച് അറിയാതെ പറഞ്ഞുപോയി: എന്റെ അപ്പനു കലശലായ അസുഖമാണ്. അച്ചന്റെ അപ്പന് അസുഖമോ? അച്ചനു വീട്ടില്‍ പോകണമോ?

അങ്ങ് അനുവദിച്ചാല്‍! ചാര്‍ജെടുത്തിട്ടു മൂന്നു ദിവസമേ ആയിട്ടുള്ളൂ!
തീര്‍ച്ചയായിട്ടും അച്ചന്‍ പോകണം. അച്ചന് അപ്പന്‍ ഒന്നേയുള്ളു. പോകാന്‍ കൈയില്‍ പണമുണ്േടാ?
ഹോ ഞാനാകെ കുളിരുകൊണ്ടു. പണമെന്നും സാരമില്ല അനുവാദം മതി. അനുവാദം തന്നിരിക്കുന്നു. വേഗം ചെല്ല്.

അപ്പോള്‍ ഇടവകയില്‍ ആര്? ഞാന്‍ പറഞ്ഞുനിര്‍ത്തിയ ഉടന്‍, അതു ഞങ്ങള്‍ ശ്രദ്ധിച്ചുകൊള്ളാം അച്ചന്‍ പൊയ്ക്കോളൂ, ഞാന്‍ പ്രാര്‍ഥിക്കാം എന്നു പറഞ്ഞു. ഇതാണു ബനഡിക്ട് പതിനാറാമനായി തീര്‍ന്ന ആര്‍ച്ച്ബിഷപ്പ് റാറ്റ്സിംഗര്‍!