മുഖപ്രസംഗം: ഐഎസ്എല്‍ വര്‍ണവിസ്മയം മാത്രമാവരുത്
Tuesday, April 15, 2014 10:57 PM IST
ബ്രസീലില്‍ കാല്‍പ്പന്തുകളിയുടെ ആരവങ്ങളുയരുംമുമ്പ് ലോക ഫുട്ബോളിന്റെ ഏഴയലത്തുപോലുമെത്താന്‍ കഴിയാത്ത ഇന്ത്യയില്‍ പ്രതീക്ഷകളുടെ നേരിയ ഇരമ്പല്‍ ഉയരുകയായി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഇവിടെ ഫുട്ബോളിനു സുവര്‍ണ സൂര്യോദയമാകുമോ? പ്രതീക്ഷകളേറെയാണ്. ആശങ്കകളും കുറവല്ല. ക്രിക്കറ്റില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മാതൃകയില്‍ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കാല്‍പ്പന്തുകളിയിലെ മറ്റൊരു വര്‍ണപ്രപഞ്ചം മാത്രമായി മാറരുത്. കേരളത്തെ സംബന്ധിച്ചിടത്തോളം വിശേഷാല്‍ സന്തോഷമാണ് ഐഎസ്എല്‍ നല്‍കുന്നത്. കൊച്ചി ടീമിനെ സ്വന്തമാക്കിയതു ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറാണ് എന്നതാണാ സന്തോഷത്തിനു നിദാനം. ക്രിക്കറ്റ് മാത്രമല്ല, എല്ലാ കായിക ഇനങ്ങളും പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അംഗീകരിക്കപ്പെടണമെന്നുമുള്ള സച്ചിന്റെ ഉന്നതമായ ചിന്താഗതിയും ഇതിലൂടെ പ്രതിഫലിക്കുന്നുണ്ട്.

ക്രിക്കറ്റിനെ പുതിയൊരു സംസ്കാരത്തിലേക്കു നയിച്ച ഐപിഎലിനെക്കുറിച്ചുയര്‍ന്ന വിവാദങ്ങളും ആശങ്കകളുംപോലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിനെക്കുറിച്ചും ചില ആശങ്കകള്‍ ഈ രംഗത്തെ പ്രമുഖര്‍തന്നെ പങ്കുവയ്ക്കുന്നുണ്ട്. ഫുട്ബോള്‍ പോലൊരു കായികഇനം സെലിബ്രിറ്റികളുടെയും വ്യവസായപ്രമുഖരുടെയും പങ്കാളിത്തത്തോടെ, പണക്കൊഴുപ്പിന്റെയും വര്‍ണശബളിമയുടെയും പാതയിലേക്കു കടക്കുമ്പോള്‍ യഥാര്‍ഥ കളിയുടെ നൈസര്‍ഗികതയും സൌന്ദര്യവും ജനകീയതയുമൊക്കെ നഷ്ടമാകുമോ എന്നതാണ് ആശങ്ക.

വന്‍വ്യവസായികളും താരപ്രമുഖരുമാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കുന്ന എട്ടു ടീമുകളെയും സ്വന്തമാക്കിയിരിക്കുന്നത്. സച്ചിനുമായി ചേര്‍ന്ന് കൊച്ചി ടീമിനെ സ്വന്തമാക്കിയത് ഹൈദരാബാദിലെ പ്രസാദ് വിട്പലൂരി ഗ്രൂപ്പാണ്. സൌരവ് ഗാംഗുലി, സല്‍മാന്‍ ഖാന്‍, രണ്‍ബീര്‍ കപൂര്‍, ജോണ്‍ ഏബ്രഹാം തുടങ്ങിയ ക്രിക്കറ്റ്-ബോളിവുഡ് താരങ്ങളാണ് പല ടീമുകളുടെയും ഉടമസ്ഥാവകാശം കൈവശപ്പെടുത്തിയിരിക്കുന്നതെങ്കിലും ഇവരുടെ പിന്നിലുള്ളതു വന്‍ വ്യവസായ ഗ്രൂപ്പുകള്‍തന്നെ. കായികമേഖലയുടെ വളര്‍ച്ചയ്ക്കു നിര്‍ണായക സംഭാവന നല്‍കിയവയാണ് ഈ ഗ്രൂപ്പുകളെല്ലാം. എങ്കിലും കായികരംഗത്തിന്റെ വാണിജ്യവത്കരണവുമായി ഈ ബന്ധങ്ങളെ കുറെയൊക്കെ കൂട്ടിവായിക്കേണ്ടിവരും.

ഓരോ ടീമും അതാതിടത്ത് ഫുട്ബോള്‍ കളി പ്രോത്സാഹിപ്പിക്കുന്നതിനായി രണ്ടു കോടി രൂപ വീതം നല്‍കേണ്ടതുണ്ട്. പുതിയ തലമുറയ്ക്കു ഫുട്ബോള്‍ പരിശീലനത്തിനുള്ള പ്രാഥമിക സൌകര്യങ്ങള്‍ ഇതിലൂടെ ലഭ്യമാക്കാനാവും. ഐഎംജി-റിലയന്‍സും സ്റാര്‍ ഇന്ത്യയും ചേര്‍ന്നാണ് ഐഎസ്എലിനു രൂപകല്പന നടത്തിയിരിക്കുന്നത്. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ സഹകരണവും ഉണ്ടായിരിക്കും. പത്തു വര്‍ഷത്തേക്ക് 120 കോടി രൂപ അടിസ്ഥാനതുകയായി നിശ്ചയിച്ചാണ് എട്ടു ടീമുകളെയും ലേലം ചെയ്തത്. ലേലത്തില്‍ ഓരോ ടീമിനും ലഭിച്ച തുക സംഘാടകര്‍ വെളിപ്പെടുത്തിയിട്ടില്ല.

കേരളത്തിന്റെ ഫുട്ബോള്‍ പാരമ്പര്യം പുകള്‍പെറ്റതാണ്. വടക്കന്‍ കേരളത്തിലെ ഫുട്ബോള്‍ പെരുമയ്ക്ക് ഇന്നും മങ്ങലില്ല. ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി കാത്തിരുന്നു നിരാശരായ കൊച്ചിക്കാര്‍ക്ക് സെപ്റ്റംബറില്‍ ആരംഭിക്കുന്ന സീസണില്‍ കാല്‍പ്പന്തുകളിയുടെ മാസ്മര ദൃശ്യങ്ങള്‍ കൊച്ചി കലൂരിലെ ജവഹര്‍ലാല്‍ നെഹ്റു സ്റേഡിയത്തില്‍ കാണാനാകുമെന്ന പ്രതീക്ഷയാണുള്ളത്. ഇതൊക്കെയാണെങ്കിലും നല്ല മൈതാനങ്ങളുടെ അഭാവം ഇന്ത്യന്‍ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്കു വിഘാതമാകുന്നുണ്ട്. കേരളത്തിലുള്ളവ ഒട്ടുമിക്കതും മള്‍ട്ടി പര്‍പ്പസ് മൈതാനങ്ങളാണ്. കളികള്‍ക്കു മാത്രമല്ല രാഷ്ട്രീയപ്രചാരണങ്ങള്‍ക്കും വ്യാപാരമേളകള്‍ക്കുമെല്ലാം ഇവിടമാണ് ഉപയോഗിക്കുക.


കേരളവും പശ്ചിമബംഗാളുമൊക്കെ ഫുട്ബോള്‍ കളിയോട് വൈകാരിക ആഭിമുഖ്യം പ്രകടിപ്പിക്കുന്ന സംസ്ഥാനങ്ങളാണ്. രാജ്യത്തിനു പ്രമുഖരായ പല ഫുട്ബോളര്‍മാരെയും സംഭാവന ചെയ്തിട്ടുള്ള സ്ഥലങ്ങളാണിവ. കോഴിക്കോട്ടും കോല്‍ക്കത്തയിലുമൊക്കെ ഫുട്ബോള്‍ മത്സരങ്ങള്‍ എന്നും ആവേശമുണര്‍ത്തുന്നു. ലോകകപ്പ് ഫുട്ബോള്‍ കാണാന്‍ ഉറക്കമിളച്ച് ടെലിവിഷനു മുന്നില്‍ ചടഞ്ഞുകൂടുന്ന പതിനായിരക്കണക്കിനു ഫുട്ബോള്‍ പ്രേമികള്‍ ഇവിടുണ്ട്. എങ്കിലും അന്താരാഷ്ട്ര ഫുട്ബോളിലേക്ക് ഇനിയും കടന്നുചെല്ലാന്‍ നമുക്കായിട്ടില്ല. ലോകകപ്പിന്റെ യോഗ്യതാ റൌണ്ടില്‍പ്പോലും നമുക്ക് എത്തിപ്പെടാനായിട്ടില്ല. ഈ സ്ഥിതിക്കൊരു മാറ്റം വരുമെന്ന ശുഭപ്രതീക്ഷയാണിപ്പോള്‍ ഉദയം ചെയ്തിരിക്കുന്നത്.

സൂപ്പര്‍ താരങ്ങള്‍ പ്രായോജകരായതുകൊണ്േടാ ലോകകപ്പില്‍ കളിച്ച താരങ്ങളെ ഐഎസ്എല്‍ ടീമില്‍ ഉള്‍പ്പെടുത്തിയതുകൊണ്േടാ ഇന്ത്യന്‍ ഫുട്ബോളിന് വളര്‍ച്ചയുണ്ടാകണമെന്നില്ല. എന്നാല്‍, ഇതിലൂടെ നമുക്കു ലഭിക്കുന്ന ചില സാധ്യതകള്‍ ഫലപ്രദമായി വിനിയോഗിക്കാനാവണം. അന്താരാഷ്ട്ര നിലവാരമുള്ള കളിക്കാരുടെ കളി ആസ്വദിക്കാന്‍ മാത്രമല്ല, അവരുടെ കളിയുടെ സാങ്കേതികമികവു സ്വായത്തമാക്കാനും സാധിക്കണം. അതോടൊപ്പം, ഇന്ത്യന്‍ ഫുട്ബോളിനെ പുനരുജ്ജീവിപ്പിക്കാനുള്ള ശാസ്ത്രീയമായ മാര്‍ഗങ്ങളും കണ്െടത്തണം. കേരള ഫുട്ബോള്‍ അസോസിയേഷനും ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനുമൊക്കെ ഇവിടെ വെറും നോക്കുകുത്തികളായി മാറരുത്; ഐ ലീഗിന്റെ പ്രാധാന്യം കുറയുകയുമരുത്.

വര്‍ണവെളിച്ചം തൂകുന്ന മത്സരങ്ങള്‍ ആഹ്ളാദവും ആരവവും ഉയര്‍ത്തി കടന്നുപോകും. ഏതു കായിക ഇനമായാലും മികച്ച പരിശീലനം ഉറപ്പുവരുത്തിയാല്‍ മാത്രമേ നല്ല കളിക്കാരുണ്ടാവൂ. എതെങ്കിലുമൊരു മത്സരം വരുമ്പോള്‍ തട്ടിക്കൂട്ടിയെടുക്കുന്ന ടീമും മൈതാനവുമൊന്നും കായികരംഗത്തെ വളര്‍ത്തില്ല. അതിന് ആത്മസമര്‍പ്പണമുള്ള കളിക്കാരും സംഘാടകരും ഭൌതിക സാഹചര്യങ്ങളും ഉണ്ടാകണം. വളരുന്ന തലമുറയ്ക്കു ഫുട്ബോളിലുള്ള കമ്പം കണ്െടത്തി അതു പ്രോത്സാഹിപ്പിക്കുന്നതിനുള്ള ക്രിയാത്മകമായ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. അതിനുള്ള അവസരമായി ഐഎസ്എല്‍ മാറണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.