കൊച്ചി മെട്രോ സ്റേഷനുകളുടെ കേരളീയ രൂപകല്പന വിദഗ്ധ സമിതി വിലയിരുത്തും
കൊച്ചി മെട്രോ സ്റേഷനുകളുടെ കേരളീയ രൂപകല്പന വിദഗ്ധ സമിതി വിലയിരുത്തും
Tuesday, April 15, 2014 12:12 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: കേരളീയ പാരമ്പര്യത്തിനും സാംസ്കാരിക പശ്ചാത്തലത്തിനും യോജിച്ച തരത്തില്‍ കൊച്ചി മെട്രോ സ്റേഷനുകള്‍ രൂപകല്പന ചെയ്യുന്ന ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ചര്‍ (ഐഐഎ) കേരള ചാപ്റ്റര്‍ തയാറാക്കിയ ഡിസൈനുകള്‍ വിദഗ്ധ സമിതി അടുത്തമാസം വിലയിരുത്തും. രൂപരേഖയുടെ വിശദ പരിശോധന പുരോഗമിക്കുകയാണ്.

സ്റേഷനുകളുടെ കേരളീയ രൂപരേഖ ഐഐഎ കേരള ചാപ്റ്റര്‍ കഴിഞ്ഞ മാസാവസാനം കൊച്ചി മെട്രോ റെയില്‍ (കെഎംആര്‍എല്‍) അധികൃതര്‍ക്ക് കൈമാറിയിരുന്നു. ഇവ കൂടുതല്‍ പരിശോധനകള്‍ക്കായി കൊച്ചി മെട്രോയുടെ നിര്‍മാണച്ചുമതല വഹിക്കുന്ന ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനെ (ഡിഎംആര്‍സി) ഏല്‍പ്പിച്ചതായി കെഎംആര്‍എല്‍ വക്താവ് പറഞ്ഞു.

ഐഐഎ കേരള 14 സ്റേഷനുകളുടെ രൂപകല്പനയാണ് നടത്തിയത്. ഒട്ടാകെ 22 സ്റേഷനുകളാണ് കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിലുള്ളത്. മെട്രോ തൃപ്പൂണിത്തുറ എസ്എന്‍ ജംഗ്ഷന്‍ വരെ നീട്ടുന്ന പശ്ചാത്തലത്തില്‍ സ്റേഷനുകളുടെ എണ്ണം 24 ആകും. ആദ്യഘട്ടമെന്ന നിലയിലാണ് 14 സ്റേഷനുകളുടെ രൂപകല്പന നടത്തിയത്.

ഡിഎംആര്‍സിയുടെ സ്ട്രക്ചറല്‍ കണ്‍സള്‍ട്ടന്റുമാരായ ഈജിസ് റെയിലിന് ഇവ പരിശോധനയ്ക്കു നല്‍കിയിരിക്കുകയാണ്. കൊച്ചി മെട്രോയുടെ ഘടനാപരമായ ഡിസൈന്‍ ഒരുക്കുന്ന ഈജിസ് റെയില്‍ തയാറാക്കിയ സ്ട്രക്ചറല്‍ ഡിസൈനിനെ ആധാരമാക്കിയാണ് ഐഐഎ കേരള സ്റേഷനുകള്‍ കേരളീയ പശ്ചാത്തലത്തില്‍ പാരമ്പര്യത്തികവോടെ രൂപകല്പന ചെയ്തത്.

ഈജിസ് റെയിലും ഡിഎംആര്‍സിയും വിലയിരുത്തലുകള്‍ അവതരിപ്പിച്ചതിനുശേഷം വിദഗ്ധരടങ്ങുന്ന പാനലിന്റെ പരിഗണനയ്ക്കായി ഐഐഎ കേരളയുടെ ഡിസൈനുകള്‍ സമര്‍പ്പിക്കുമെന്നു കെഎംആര്‍എല്‍ വ്യക്തമാക്കി. പ്രാഥമിക പരിശോധനയില്‍ ഐഐഎ കേരള സമര്‍പ്പിച്ച ഡിസൈനുകളില്‍ ചിലത് സ്വീകാര്യമാണെന്ന വിലയിരുത്തലാണ് കെഎംആര്‍എലിന്. ഇക്കാര്യത്തില്‍ സാങ്കേതികമായ കാര്യങ്ങളില്‍ നിലപാട് എടുക്കേണ്ടത് ഡിഎംആര്‍സിയും ഈജിസ് റെയിലും ആണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.


വിദഗ്ധരടങ്ങുന്ന പാനലിനു മുന്നില്‍ അടുത്ത മാസമേ ചര്‍ച്ചയ്ക്കു വയ്ക്കൂവെന്നു കെഎംആര്‍എല്‍ വ്യക്തമാക്കി. അടുത്തമാസം രണ്ടിനു കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം കൊച്ചിയില്‍ നടക്കുന്നുണ്ട്. അതിനുശേഷം മാത്രമേ വിദഗ്ധസമതി ചേരുകയുള്ളു.

ഐഐഎ കേരള നേരത്തേ തയാറാക്കിയ പ്രാഥമിക ഡിസൈനുകളില്‍ കെഎംആര്‍എല്‍ നല്‍കിയ നിര്‍ദേശങ്ങള്‍ കണക്കിലെടുത്തു മാറ്റങ്ങള്‍ വരുത്തിയ രൂപകല്പനയാണു കൈമാറിയത്. പ്രതികരണങ്ങള്‍ക്കായി കാത്തിരിക്കയാണെന്ന് ഐഐഎ കേരള ചാപ്റ്റര്‍ പ്രസിഡന്റ് കൊച്ചുതൊമ്മന്‍ വ്യക്തമാക്കി. കേരളീയ പൈതൃകത്തിന്റെ പ്രാധാന്യം മുന്‍നിര്‍ത്തി ഡിസൈനുകള്‍ക്ക് വൈകാരിക തലം കൂടി നല്‍കി സ്റേഷനുകള്‍ക്കു മിഴിവ് വര്‍ധിപ്പിക്കുന്നതിനാണു തങ്ങള്‍ ഊന്നല്‍ നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

30 ആര്‍ക്കിടെക്റ്റുകള്‍ നാലു ടീമുകളായി തിരിഞ്ഞാണു സ്റേഷനുകളുടെ ഡിസൈനുകള്‍ തയാറാക്കിയത്. നേരിട്ടും അല്ലാതെയും 120 ആര്‍ക്കിടെക്റ്റുകള്‍ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.