പിണറായി വധോദ്യമക്കേസ്: 400 പേജുള്ള കുറ്റപത്രം തയാറായി
Tuesday, April 15, 2014 12:12 AM IST
തലശേരി: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ വീടിനു സമീപത്തുനിന്നു തോക്കുമായി നാദാപുരം വളയം കുറ്റിക്കാട്ടില്‍ പിലാവുള്ളതില്‍ കുഞ്ഞിക്കൃഷ്ണന്‍ നമ്പ്യാര്‍ പിടിയിലായ കേസിന്റെ അന്വേഷണറിപ്പോര്‍ട്ട് നിയമോപദേശത്തിനായി പബ്ളിക് പ്രോസിക്യൂട്ടര്‍ക്കു സമര്‍പ്പിച്ചു. കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘമാണു നാനൂറിലേറെ പേജ് വരുന്ന കുറ്റപത്രം തെഞ്ഞെടുപ്പിന് ഒരുമാസം മുമ്പു പബ്ളിക് പ്രോസിക്യൂട്ടര്‍ തങ്കച്ചന്‍ മാത്യുവിനു സമര്‍പ്പിച്ചത്.

തുടര്‍ന്ന് പബ്ളിക് പ്രോസിക്യൂട്ടര്‍ ക്രൈംബ്രാഞ്ച് എസ്പി ബി. അശോകന്‍, ഡിവൈഎസ്പി വിശ്വനാഥന്‍, സിഐ എം.പി. വിനോദ് എന്നിവരുമായി കേസിന്റെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു. കേസ് ഫയല്‍ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും എത്രയും വേഗം നിയമോപദേശം നല്‍കുമെന്നും പബ്ളിക് പ്രോസിക്യൂട്ടര്‍ തങ്കച്ചന്‍ മാത്യു പറഞ്ഞു.

ഇതിനിടെ, പിണറായിയെ വധിക്കാനായിട്ടാണു താന്‍ തോക്കുമായി എത്തിയതെന്നു പോലീസിനു മൊഴി നല്‍കിയ കുഞ്ഞിക്കൃഷ്ണന്‍ തെരഞ്ഞെടുപ്പുദിനത്തില്‍ സിപിഎമ്മിന് അനുകൂലമായി ഓപ്പണ്‍ വോട്ട് ചെയ്യുകയും പിണറായിക്ക് അനുകൂലമായ പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. കുഞ്ഞികൃഷ്ണന്റെ നിലപാടുമാറ്റത്തോടെ കേസിന്റെ ഗതിതന്നെ മാറുമെന്നു നിയമരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

കേസില്‍ തൊണ്ടിമുതലായി കണ്െടടുത്ത തോക്ക് എയര്‍ഗണ്ണാണെന്ന് ഇതിനകം ഫോറന്‍സിക് റിപ്പോര്‍ട്ടിലൂടെ സ്ഥിരീകരിച്ചിരുന്നു. കണ്ണൂര്‍ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് എയര്‍ഗണ്ണാണെന്ന സ്ഥിരീകരണമുണ്ടായത്. എയര്‍ഗണ്‍ ആംസ് ആക്ടില്‍ പെടില്ലാത്തതിനാല്‍ കുഞ്ഞിക്കൃഷ്ണനെതിരേ പോലീസ് എടുത്തിട്ടുള്ള ആംസ് ആക്ട് പ്രകാരമുള്ള കേസ് തന്നെ നിലനില്‍ക്കില്ലെന്നു കുഞ്ഞിക്കൃഷ്ണനുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.


ഫോറന്‍സിക് റിപ്പോര്‍ട്ട്കൂടി ലഭിച്ചതോടെ കേസിന്റെ അന്വേഷണം പൂര്‍ത്തിയായിക്കഴിഞ്ഞു. സംഭവ ദിവസം കുഞ്ഞിക്കൃഷ്ണന്‍നമ്പ്യാരില്‍നിന്നു പിടികൂടിയ തോക്കിനു പുറമേ കണ്െടത്തിയ കത്തിയും കുഞ്ഞികൃഷ്ണന്റെ വീട്ടില്‍നിന്നു കണ്െടടുത്ത വെടിയുണ്ടകളും വെടിമരുന്നുമുള്‍പ്പെടെയുള്ള വസ്തുക്കളും പരിശോധനയ്ക്കയച്ചിരുന്നു. ഇവയുടെയെല്ലാം പരിശോധനാഫലവും ഇതിനകം ലഭിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ആര്‍എംപി ഒഞ്ചിയം ഏരിയാ സെക്രട്ടറി എന്‍. വേണു, ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ രമ, പിതാവ് മാധവന്‍, കുഞ്ഞിക്കൃഷ്ണന്റെ ബന്ധുക്കള്‍ എന്നിവരുള്‍പ്പെടെ 160 സാക്ഷികളുടെ മൊഴികള്‍ ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നാദാപുരം, വളയം, ഒഞ്ചിയം ഭാഗങ്ങളില്‍ നടന്നിട്ടുള്ള ആര്‍എംപിയുടെ പൊതുയോഗങ്ങളുടെയും നേതാക്കളുടെ പ്രസംഗത്തിന്റെയും വീഡിയോ ക്ളിപ്പിംഗുകള്‍ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തു.

ജാമ്യത്തില്‍ കഴിയുന്ന കുഞ്ഞിക്കൃഷ്ണന്‍ കോടതി ഉത്തരവ് പ്രകാരം എല്ലാ മാസവും ആദ്യത്തെ ബുധനാഴ്ച അന്വേഷണസംഘത്തിനു മുമ്പാകെ എത്തി ഒപ്പിട്ടിരുന്നു. പിന്നീട് ഈ നിബന്ധന കോടതി ഒഴിവാക്കുകയും ചെയ്തു. 2013 ഏപ്രില്‍ മൂന്നിനു രാത്രിയാണു കുഞ്ഞിക്കൃഷ്ണനെ തോക്കും കത്തിയുമായി പിണറായിയുടെ വീടിനു സമീപത്തുനിന്നു നാട്ടുകാര്‍ പിടികൂടിയത്.

റവലൂഷനറി മാര്‍ക്സിസ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ശരിയാക്കാനാണു താനെത്തിയതെന്നു കുഞ്ഞിക്കൃഷ്ണന്‍ നമ്പ്യാര്‍ പോലീസിനു മൊഴിനല്‍കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.