കൊങ്കണ്‍ തുരങ്കത്തില്‍ ചരക്കുട്രെയിന്‍ പാളംതെറ്റി
കൊങ്കണ്‍ തുരങ്കത്തില്‍ ചരക്കുട്രെയിന്‍ പാളംതെറ്റി
Tuesday, April 15, 2014 11:58 PM IST
കണ്ണൂര്‍: മഹാരാഷ്ട്ര രത്നഗിരിക്കടുത്തു തുരങ്കത്തിനുള്ളില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റിയതിനെത്തുടര്‍ന്നു കേരളത്തിലേക്കും തിരിച്ചുമുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. പല ട്രെയിനുകളും വഴിതിരിച്ചുവിട്ടു. രത്നഗിരിയില്‍നിന്നു 30 കിലോമീറ്റര്‍ അകലെ ഉക്സിക്കും സംഗമേശ്വറിനും ഇടയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. 41 വാഗണുള്ള ട്രെയിനിന്റെ അഞ്ചു വാഗണുകളാണു പാളം തെറ്റിയത്. വാഗണുകള്‍ കാലിയായിരുന്നു.

വിഷു ആഘോഷിക്കാന്‍ കേരളത്തിലേക്കു പുറപ്പെട്ട, ഉത്തരേന്ത്യയില്‍ ജോലിചെയ്യുന്ന നൂറുകണക്കിനു മലയാളി യാത്രക്കാരടങ്ങിയ ട്രെയിനുകളാണു വഴിതിരിച്ചുവിട്ടത്. വഴിയില്‍ കുടുങ്ങിയ ട്രെയിനിലെ യാത്രക്കാര്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ വലഞ്ഞു. ഗതാഗതം പുനഃസ്ഥാപിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ നടത്തുന്നുണ്െടങ്കിലും ഇന്നു വൈകുന്നേരത്തോടെ മാത്രമേ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാനാകൂവെന്നു കൊങ്കണ്‍-ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു.

ഇന്നലെ പുറപ്പെട്ട, കേരളത്തിലേക്കും തിരിച്ചുമുള്ള 12618 നിസാമുദ്ദീന്‍-എറണാകുളം മംഗള എക്സ്പ്രസ്, 12288 ഡെറാഡൂണ്‍-കൊച്ചുവേളി എക്സ്പ്രസ്, 16337 ഓഖ-എറണാകുളം എക്സ്പ്രസ്, 22114 കൊച്ചുവേളി-ലോക്മാന്യതിലക് എക്സ്പ്രസ്, 16346 തിരുവനന്തപുരം-ലോക്മാന്യതിലക് എക്സ്പ്രസ്, 12617 എറണാകുളം ജംഗ്ഷന്‍-നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ്, 16334 തിരുവനന്തപുരം-വെരാവല്‍ എക്സ്പ്രസ്, 16345 ലോക്മാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്, 12201 ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ്രഥ് എക്സ്പ്രസ്, 12133 മുംബൈ സിഎസ്ടി-മംഗലാപുരം ജംഗ്ഷന്‍, 12134 മംഗലാപുരം ജംഗ്ഷന്‍-മുംബൈ സിഎസ്ടി എക്സ്പ്രസ്, 12217 കൊച്ചുവേളി-ചണ്ഡീഗഡ് സമ്പര്‍ക്കക്രാന്തി എക്സ്പ്രസ്, 19577 തിരുനെല്‍വേലി-ഹാപ്പ എക്സ്പ്രസ് എന്നീ ട്രെയിനുകളും 13നു പുറപ്പെട്ട 12432 നിസാമുദീന്‍-തിരുവനന്തപുരം രാജധാനി എക്സ്പ്രസ്, 12224 എറണാകുളം ജംഗ്ഷന്‍-ലോക്മാന്യതിലക് തുരന്തോ എക്സ്പ്രസ്, 12977 എറണാകുളം-അജ്മീര്‍ മരുസാഗര്‍ എക്സ്പ്രസ് എന്നീ ട്രെയിനുകളുമാണു പന്‍വേല്‍, കാര്‍ജത്ത്, പൂന, പാലക്കാട്, ഷൊര്‍ണൂര്‍ വഴി തിരിച്ചുവിട്ടത്.


ഇന്നലത്തെ 12619/12620 ലോക്മാന്യതിലക്-മംഗലാപുരം സെന്‍ട്രല്‍ മത്സ്യഗന്ധ എക്സ്പ്രസ് റദ്ദാക്കി. 13നു പുറപ്പെട്ട 16346 തിരുവനന്തപുരം-ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ്, 12617/12618 എറണാകുളം-നിസാമുദ്ദീന്‍ മംഗള എക്സ്പ്രസ്, 12484 അമൃത്സര്‍-കൊച്ചുവേളി എക്സ്പ്രസ്, 19261 കൊച്ചുവേളി-പോര്‍ബന്തര്‍ എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ സംഗമേശ്വറിനും രത്നഗിരിക്കുമിടയില്‍ നിര്‍ത്തി യാത്രക്കാരെ റോഡ് മാര്‍ഗം ഇരുഭാഗങ്ങളിലുമെത്തിച്ചു യാത്ര തുടര്‍ന്നു. ട്രെയിനുകള്‍ ഷൊര്‍ണൂര്‍വഴി തിരിച്ചുവിട്ടതോടെ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ യാത്രക്കാര്‍ക്കു ഷൊര്‍ണൂരിലിറങ്ങി നാട്ടിലെത്തേണ്ട അവസ്ഥയാണുള്ളത്. വിശദവിവരങ്ങള്‍ക്കുള്ള കണ്‍ട്രോള്‍റൂം നമ്പര്‍: 02227561721, 02227561723, 02227561724.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.