ഒരു കോടിയുടെ നികുതിബാധ്യത ബാക്കി; മകളുടെ വിവാഹപ്പിറ്റേന്നു മുഹമ്മദ്കുട്ടി യാത്രയായി
ഒരു കോടിയുടെ നികുതിബാധ്യത ബാക്കി; മകളുടെ വിവാഹപ്പിറ്റേന്നു മുഹമ്മദ്കുട്ടി യാത്രയായി
Tuesday, April 15, 2014 12:18 AM IST
കാഞ്ഞിരപ്പള്ളി: കബളിപ്പിക്കലിനിരയായി ഒരു കോടിയിലേറെ രൂപ നികുതി അടയ്ക്കാന്‍ ബാധ്യത വന്ന കുടുംബത്തിന്റെ നാഥന്‍ യാത്രയായി. മകളുടെ വിവാഹപ്പിറ്റേന്നാണ് അദ്ദേഹം കുഴഞ്ഞുവീണു മരിച്ചത്. പട്ടിമറ്റം കുളപ്പുറം മിച്ചഭൂമിയില്‍ പഴയപറമ്പില്‍ മുഹമ്മദുകുട്ടിയാണ് (63) മരിച്ചത്. ഇന്നലെ രാവിലെ ഏഴോടെയായിരുന്നു സംഭവം.

ഒരു കോടിയിലേറെ രൂപയുടെ നികുതി സര്‍ക്കാരിലേക്ക് അടയ്ക്കാന്‍ നോട്ടീസ് കിട്ടിയതോടെയാണ് ഈ നിര്‍ധന കുടുംബം നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയത്. എഴുത്തും വായനയും അറിയാത്ത ഗൃഹനാഥയായ ഐഷമ്മയെ കാഞ്ഞിരപ്പള്ളിയിലുള്ള ഒരു റബര്‍ വ്യാപരി കബളിപ്പിച്ചതോടെയാണു സര്‍ക്കാരിലേക്ക് ഒരു കോടിയുടെ വില്‍പ്പന നികുതി അടയ്ക്കേണ്ട ബാധ്യതയുണ്ടായത്. ഈ നിര്‍ധന കുടുംബത്തിന്റെ വലിയൊരു സ്വപ്നമായിരുന്നു ഇളയമകള്‍ അനീഷയുടെ വിവാഹം. വിവാഹം നടന്നതിന്റെ സന്തോഷത്തിലായിരുന്നെങ്കിലും മണിക്കൂറുകള്‍ക്കകം പിതാവിന്റെ വേര്‍പാടു വേദനയായി.

ഒരു കോടിയുടെ നികുതി ബാധ്യത വന്നതിനെക്കുറിച്ചുള്ള പരാതി ഇങ്ങനെ: മൂത്ത മകള്‍ അജിലയുടെ വിവാഹത്തിനു ജില്ലാ സഹകരണ ബാങ്കില്‍നിന്നു 2005ല്‍ എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതോടെ ജപ്തി ചെയ്യുമെന്ന അറിയിപ്പു ലഭിച്ചു.

തുടര്‍ന്നു വായ്പ പുതുക്കാനായി വസ്തുവിന്റെ കരമടയ്ക്കാന്‍ ശ്രമിച്ചപ്പോഴാണു വില്ലേജ് ഓഫീസില്‍നിന്നു കരം സ്വീകരിക്കാനാവില്ലെന്ന് അറിയിച്ചത്. ഇതേക്കുറിച്ചു കൂടുതല്‍ അന്വേഷിച്ചപ്പോഴും വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതോടെ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കുളള മറുപടിയില്‍ ഇവരുടെ വസ്തു ജപ്തി ചെയ്യാന്‍ താലൂക്ക് അധികൃതര്‍ക്കു വില്‍പ്പന നികുതി വകുപ്പ് നോട്ടീസ് നല്‍കിയ വിവരം പുറത്തായത്. പുറത്തുവന്ന വിവരം ഐഷമ്മയെ മാത്രമല്ല, നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ചു.


2002-03ലെ വില്‍പ്പന നികുതിയിനത്തില്‍ 88,33,203 രൂപയും അന്നു മുതല്‍ക്കുള്ള പലിശയും സര്‍ക്കാരില്‍ അടയ്ക്കാനുള്ളതായാണു രേഖ. കാഞ്ഞിരപ്പള്ളിയില്‍ പ്രവര്‍ത്തിച്ചിരുന്ന അല്‍ഫീന്‍ ട്രേഡിംഗ് കോര്‍പ്പറേഷന്‍ എന്ന സ്ഥാപനം അടയ്ക്കാനുള്ള വില്‍പ്പന നികുതിയാണു വീട്ടമ്മയുടെ പേരില്‍ സര്‍ക്കാരിനു കുടിശികയായി വന്നത്.

ഈ സ്ഥാപനത്തിനു ലഭിച്ച വില്‍പന നികുതി രജിട്രേഷനു ജാമ്യക്കാരിയായി ഐഷാമ്മയെ തന്ത്രപൂര്‍വം ചേര്‍ക്കുകയായിരുന്നെന്നാണു പരാതി. ഇതു സംബന്ധിച്ച് ഐഷാമ്മ കാഞ്ഞിരപ്പള്ളി പോലീസില്‍ രണ്ടു വര്‍ഷം മുമ്പു പരാതി നല്‍കിയിരുന്നു. കാഞ്ഞിരപ്പള്ളിയിലെ റബര്‍ വ്യാപാരി ലൈസന്‍സ് സമ്പാദിച്ചു റബര്‍ വ്യാപാരം നടത്തിയ വകയില്‍ സര്‍ക്കാരിന് ഒരു കോടിയിലേറെ രൂപ വില്‍പ്പന നികുതി കുടിശിക വരുത്തിയതിന്റെ ബാധ്യത ഐഷമ്മയുടെ തലയില്‍ വന്നുചേരുകയായിരുന്നു. ഇവര്‍ താമസിക്കുന്ന വസ്തു വില്‍ക്കുകയോ കൈമാറുകയോ ചെയ്യാന്‍ കഴിയാതെ ദുരവസ്ഥയിലായിരുന്നു കുടുംബം.

ഈ ദുരിതങ്ങള്‍ക്കിടയിലാണ് ഏറെ കഷ്ടപ്പെട്ടു മുഹമ്മദ്കുട്ടി മകളുടെ വിവാഹം നടത്തിയത്. ഇതിന്റെ സന്തോഷത്തിലായിരുന്ന കുടുംബത്തിന് വീണ്ടും ഒരാഘാതം നല്‍കിയാണ് മുഹമ്മദുകുട്ടിയുടെ വേര്‍പാട്. മുഹമ്മദിന്റെ കബറടക്കം ഇന്നലെ നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.