ഡോക്ടര്‍ പരിശോധിച്ചു; കാട്ടാനയ്ക്കു പൈനാപ്പിള്‍ ചികിത്സ തുടരും
ഡോക്ടര്‍ പരിശോധിച്ചു; കാട്ടാനയ്ക്കു പൈനാപ്പിള്‍ ചികിത്സ തുടരും
Tuesday, April 15, 2014 12:20 AM IST
കോതമംഗലം: കാലിനു പരിക്കേറ്റ് ഇടമലയാര്‍ ഡാമിലെ ജലസംഭരണിയില്‍നിന്നു കരയ്ക്കു കയറാതെ ദിവസങ്ങളോളം വെള്ളത്തില്‍ കഴിഞ്ഞ കാട്ടാനയ്ക്കു പൈനാപ്പിള്‍ ചികിത്സ തുടരും. കോന്നി ഫോറസ്റ് വെറ്ററിനറി സര്‍ജര്‍ ഡോ. ശശീന്ദ്രദേവാണ് ഏതാനും വാര അകലെനിന്നു പിടിയാനയെ നിരീക്ഷിച്ചു ചികിത്സ നിശ്ചയിച്ചത്. ആനയുടെ ഇടതുമുന്‍കാലിന്റെ കുഴ തെറ്റിയിട്ടുണ്െടന്നും നഖത്തിനിടയില്‍ ചെറിയ മുറിവുമുണ്െടന്നു പരിശോധനയില്‍ കണ്െടത്തി.

ഇരുപത്തഞ്ചു വയസു തോന്നിക്കുന്ന കാട്ടാനയെ പൈനാപ്പിള്‍ കഷണങ്ങള്‍ ഇട്ടുകൊടുത്താണു വിദഗ്ധ പരിശോധനയ്ക്കായി വെള്ളത്തില്‍നിന്നു കരയ്ക്കു കയറ്റിയത്. കരയ്ക്കു കയറാനാവാതെ വെള്ളത്തില്‍ തന്നെ കഴിഞ്ഞ നാളുകളില്‍ ആന്റിബയോട്ടിക്കും മറ്റു മരുന്നുകളും പൈനാപ്പിളില്‍ വച്ച് ഈറ്റക്കമ്പില്‍ കുത്തി നീട്ടിയാണു വനപാലകര്‍ ആനയ്ക്കു നല്‍കിയിരുന്നത്. പനംപട്ടയിട്ടുകൊടുത്ത് കരയ്ക്കു കയറ്റാന്‍ പലകുറി ശ്രമിച്ചെങ്കിലും ആന അനങ്ങാതെ നിന്നപ്പോള്‍ ഡോക്ടറുടെ സഹായി അരുള്‍കുമാറും റേഞ്ച് ഓഫീസര്‍ കെ.ടി. പയസും ചേര്‍ന്ന് പൈനാപ്പിള്‍ കഷണങ്ങള്‍ തുമ്പിക്കൈയിലേക്കു നീട്ടിക്കൊടുത്തു. തുടര്‍ന്നു പൈനാപ്പിള്‍ കഷണങ്ങള്‍ ഇട്ടുകൊടുത്തു കരയിലേക്ക് അടുപ്പിക്കുകയായിരുന്നു. കൊതിപൂണ്ട ആന പതുക്കെ പതുക്കെ കരയ്ക്കു കയറി. ഇതിനിടയില്‍ ഡോ. ശശീന്ദ്രദേവ് ഏതാനും വാര അകലെനിന്നു പരിശോധന നടത്തുകയായിരുന്നു.

ഇരുപതു മിനിറ്റോളം പൈനാപ്പിളും പനംപട്ടയുടെ കഷണങ്ങളും തിന്നുകൊണ്ട് ആന കരയില്‍ നിന്നു. പൈനാപ്പിള്‍ തീര്‍ന്നതോടെ വീണ്ടും പുഴയിലേക്കിറങ്ങി. ഒരു മാസത്തെ ചികിത്സയാണു ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുള്ളത്. അണുബാധയുണ്ടാകാതിരിക്കാന്‍ ആന്റിബയോട്ടിക്കും ശരീരത്തിലെ നീര്‍ക്കെട്ടും വേദനയും ശമിക്കുന്നതിനുള്ള ഗുളികയും എല്ലിന്റെ ബലത്തിനു കാത്സ്യവും നല്‍കാനാണ്ു നിര്‍ദേശം. ഈ ചികിത്സ പൈനാപ്പിള്‍ സഹിതം ഇന്നു തുടങ്ങും.


തീറ്റയെടുക്കാനും പിണ്ടമിടാനും കുഴപ്പമില്ലാത്തതുകൊണ്ട് മറ്റു ശാരീരിക അസ്വസ്ഥതകളൊന്നുമില്ലെന്നു ഡോക്ടര്‍ പറഞ്ഞു. ആനയുടെ മുന്‍കാലാണു ശരീരഭാഗം കൂടുതല്‍ താങ്ങുന്നത്. ഇടതു മുന്‍കാലിന്റെ കുഴ തെറ്റിയതുമൂലം ഈ കാല്‍ ഉറപ്പിച്ചു ചവിട്ടാന്‍ ബുദ്ധിമുട്ടുണ്ട്. ശരീരഭാരം കാലിലേക്ക് അധികം വരാതിരിക്കാനാണ് ആന പകല്‍ മുഴുവന്‍ വെള്ളത്തില്‍ നില്‍ക്കുന്നത്. രാത്രിയില്‍ കരയ്ക്കു കയറുകയും ചെയ്യുന്നുണ്ട്. ഒന്നു രണ്ടു പ്രാവശ്യം കാടുകയറിപ്പോയെങ്കിലും തിരിച്ചുവന്നു.

കാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ പാറക്കെട്ടില്‍ വീണുണ്ടായ പരിക്കാവാനാണു സാധ്യതയെന്നു ഡോക്ടര്‍മാര്‍ വിലയിരുത്തി. ആന വെള്ളത്തില്‍ നില്‍ക്കുന്നകൊണ്ടു ശരീരത്തിനു കുഴപ്പമൊന്നും ഉണ്ടാകില്ലെന്നു ഡോക്ടര്‍മാര്‍ പറയുന്നു. വെള്ളത്തില്‍ നില്‍ക്കുന്നത് ആനയ്ക്കു സുഖമാണ്. രണ്ടു ദിവസം കഴിഞ്ഞു ഡോക്ടര്‍മാര്‍ വീണ്ടും പരിശോധനയ്ക്ക് എത്തും.

മലയാറ്റൂര്‍ ഡിഎഫ്ഒ സുനില്‍ പാമിടി, ഇടമലയാര്‍ റേഞ്ച് ഓഫീസര്‍ കെ.ടി. പയസ്, എണ്ണയ്ക്കല്‍ ഫോറസ്റ് സ്റേഷനിലെ ഫോറസ്റര്‍ എസ്. സുധീഷ് കുമാര്‍, ആര്‍. മധുസൂദനന്‍, പി.ആര്‍. ലതീഷ്, ടി.എ. മുജീബ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.